ന്യൂദല്‍ഹി: ദല്‍ഹിയില്‍ ശക്തമായ പോളിംഗ് നടന്നതോടെ രാജ്യതലസ്ഥാനത്തെ ഏഴു സീറ്റുകളും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന് അവസാനം നല്കിയ കണക്കനുസരിച്ച് ദല്‍ഹിയിലെ പോളിംഗ് 65 ശതമാനമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ 52 ശതമാനം പോളിംഗ് നടന്നപ്പോള്‍ ഏഴു സീറ്റുകളും നേടി കോണ്‍ഗ്രസ് കരുത്തുകാട്ടിയിരുന്നു. വോട്ടിംഗ് ശതമാനം വര്‍ദ്ധിച്ചത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് സൂചന.
കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലും വോട്ടിംഗ് ശതമാനം 65ലെത്തിയിരുന്നു. ആകെ വോട്ടുകളുടെ 33 ശതമാനം സ്വന്തമാക്കി 32 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കിയപ്പോള്‍ 29 ശതമാനം വോട്ടുകള്‍ നേടി എഎപിയും 24 ശതമാനം വോട്ടുനേടി കോണ്‍ഗ്രസും പിന്നിലെത്തിയിരുന്നു. എന്നാല്‍ എഎപിയുടെ ജനപിന്തുണ വന്‍തോതില്‍ കുറഞ്ഞതും നഷ്ടപ്പെട്ട പരമ്പരാഗത വോട്ട്ബാങ്ക് കുറച്ചെങ്കിലും കോണ്‍ഗ്രസ് തിരിച്ചുപിടിച്ചതും ഏഴു സീറ്റുകളിലും ബിജെപിയുടെ ജയസാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി നേതൃത്വം പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടെ നിന്ന നഗരപ്രാന്തങ്ങള്ക്ക് പുറമേ ന്യൂദല്‍ഹി,ചാന്ദ്നിചൗക്ക് തുടങ്ങിയ നഗരഹൃദയങ്ങളിലെ മണ്ഡലങ്ങളും ഇത്തവണ ബിജെപിക്കൊപ്പമാണെന്നാണ് വോട്ടെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വം പറയുന്നത്.
11,763 പോളിംഗ് സ്റ്റേഷനുകളിലായി 1.27 കോടി വോട്ടര്‍മാരാണ് ദല്‍ഹിയില്‍. രാവിലെ മുതല്ക്കേ പോളിംഗ് സ്റ്റേഷനുകളിലെല്ലാം തിരക്കനുഭവപ്പെട്ടു. വൈകിട്ട് 5 മണിക്ക് 60 ശതമാനം വോട്ടിംഗ് നടന്നതായി ദല്‍ഹി ചീഫ് ഇലക്ഷന് ഓഫീസര്‍ അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. എന്നാല്‍ ഇതിനു ശേഷവും വോട്ട് രേഖപ്പെടുത്തുന്നതിനായി ജനങ്ങളുടെ നീണ്ട ക്യൂ തുടര്‍ന്നതോടെയാണ് വോട്ടിംഗ് ശരാശരി ഉയര്‍ന്നത്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം ഇന്നലെ ദല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. സോണിയാഗാന്ധി,രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള്, ഡോ.ഹര്ഷവര്ദ്ധന് എന്നിവരെല്ലാം രാവിലെ തന്നെ പോളിംഗ് സ്റ്റേഷനുകളിലെത്തി വോട്ട് ചെയ്തു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: