പാനാജി: ഗോവയിലെ രണ്ടു സീറ്റും ബിജെപിക്കു ലഭിക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഇന്നലെ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ കത്തോലിക്കാ വിഭാഗം മുഴുവന്‍ ബിജെപിക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് മറിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ തെറ്റാണ്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വര്ഗ്ഗീയനെന്നു മുദ്രകുത്തി കത്തോലിക്കരെ ബിജെപിയില്‍നിന്ന് അകറ്റാനുള്ള ശ്രമം ഫലം കാണില്ല, അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ രണ്ടു വര്‍ഷം ഞാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്കറിയാം. അവര്‍ അതു തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോവ സര്‍ക്കാരിനോട് വോട്ടര്‍മാര്‍ക്ക് ആഭിമുഖ്യമേ ഉള്ളു, എതിര്‍പ്പില്ല. എന്റെ സര്‍ക്കാരിന്റെ പ്രകടനത്തിന്റെയും നരേന്ദ്ര മോദി തരംഗത്തിന്റെയും സംയുക്തമായ പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ കാണാനാകും,” പരീക്കര്‍ പറഞ്ഞു.
“കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാരിനെ വിവിധ തരത്തില്‍ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ധന സഹായം നല്‍കുന്നില്ല. വേണ്ടത്ര ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്നില്ല.
പ്രതികാര രാഷ്ട്രീയത്തിന്റെ പേരില്‍ കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ സഹിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു മാറ്റം ഉണ്ടാകണം,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: