ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മോദിവിരുദ്ധ പ്രചാരണങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ കടുത്ത അഭിപ്രായ ഭിന്നത . മോദിയുടെ വിവാഹ വിഷയം ഇത്ര വലിയ ചര്‍ച്ചയാക്കിയതിനു കാരണക്കാരായ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയവും ചായക്കടക്കാരന് പ്രയോഗം പോലെ മോദിക്കു കൂടുതല്‍ അനുകൂല പ്രചാരണം നേടിക്കൊടുക്കുന്നതേ ഉള്ളുവെന്നാണ് വിലയിരുത്തല്‍.
നരേന്ദ്രമോദിയുടെ വിവാഹ വിവരം മറച്ചുവെച്ചുവെന്ന് ആരോപിച്ച് തെരെഞ്ഞടുപ്പു കമ്മീഷനു മുന്നില്‍ പരാതിപ്പെടാന്‍ പോയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ കേന്ദ്ര നിയമമന്ത്രികൂടിയാണ്. സിബലിനെ വിവരം കെട്ട നിയമമന്ത്രിയെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വിമര്‍ശിക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വേളയില്‍ നരേന്ദ്ര മോദി വിവാഹം കഴിച്ച വിവരം മറച്ചുവെച്ചാണ് നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സത്യവാങ്മൂലം നല്‍കിയതെന്നാണ് സിബലിന്റെ പരാതി. അതിനാല്‍ മുന്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്മീഷനു നല്കുന്ന വിവരങ്ങള്‍ സത്യവിരുദ്ധമാകരുതെന്നേ നിയമമുള്ളുവെന്ന് സിബലിന് അറിയില്ലെങ്കില്‍ പിന്നെ എന്തു നിയമമന്ത്രി എന്നാണു പലരും വിമര്‍ശിക്കുന്നത്. മോദിക്കെതിരേയുള്ള പരാതി നിലനില്ക്കുന്നതല്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷനും പ്രസ്താവിച്ചുകഴിഞ്ഞു.
മോദിയുടെ വിവാഹക്കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന എതിര് പ്രചാരണം പക്ഷേ വാസ്തവത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ മോദിക്ക് കൂടുതല്‍ മാന്യത നേടിക്കൊടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്നത്തെ സാമൂഹ്യാചാര പ്രകാരം നടന്നതാണ് യശോദാ ബെന്നുമായുള്ള മോദിയുടെ വിവാഹം. പക്ഷേ ഭാര്യയെ ആ യുവാവ് തുടര്‍പഠനത്തിന് അയക്കുകയായിരുന്നു. ഇതു സാധാരണക്കാര്‍ക്കിടയിലും പുരോഗമന ചിന്താഗതിക്കാര്‍ക്കിടയിലും മോദിയെക്കുറിച്ചുള്ള ബഹുമാന്യത കൂട്ടിയിട്ടേ ഉള്ളു. മോദി ഒരു ഘട്ടത്തിലും വൈവാഹിക ജീവിതം നയിച്ചിട്ടില്ലെന്ന് മോദിയുടെ ഒരുകാലത്തെ ഏറ്റവും അടുത്ത നേതാവും ഇപ്പോള്‍ കടുത്ത എതിരാളിയുമായ ശങ്കര്‍ സിംഗ് വഗേലയും പ്രസ്താവിച്ചിട്ടുണ്ട്. ഗുജറാത്തിലെ മുന്‍ ബിജെപി നേതാവായ വഗേല ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവാണ്. ” മോദിയുടെ ജീവിതം എനിക്ക് നേരിട്ടറിയാം. അദ്ദേഹം ഒരിക്കലും വൈവാഹിക ജീവിതം നയിച്ചിട്ടില്ലെന്ന് എനിക്ക് അത്രയ്ക്ക് ഉറപ്പുണ്ട്.
വ്യക്തിപരമായ ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് വളച്ചൊടിച്ച് വ്യാഖ്യാനിക്കുന്നത് ആരു ചെയ്താലും ശരിയല്ല,” വഗേല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
സാമൂഹ്യാചാര പ്രകാരം ശൈശവ വിവാഹം ചെയ്യേണ്ടിവന്ന മഹാത്മാ ഗാന്ധിയുടെ ഗുജറാത്തില്‍നിന്നുള്ള അതിസാധാരണ കുടുംബത്തില്‍ പിറന്ന മോദിക്ക് ആ സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനാവുമായിരുന്നില്ലെന്ന് പലരും വിലയിരുത്തുന്നു. എന്നാല്‍ വിവാഹാനന്തരം കൈക്കൊണ്ട പുതിയ തീരുമാനങ്ങള്‍ മോദിക്ക് ഗുജറാത്തില്‍ മറ്റൊരു ധീര സാമൂഹ്യ ചിന്തകന്റെ പരിവേഷമാണിപ്പോള്‍ നേടിക്കൊടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: