ന്യൂദല്‍ഹി: നരേന്ദ്ര മോദിയെ എങ്ങനെയും തകര്‍ക്കാന്‍ വഴിതേടുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും പുതിയ തന്ത്രവും പാളി. മോദിയെ മോശക്കാരനാക്കാന്‍ അടല്‍ ബിഹാരി വാജ്പേയിയെ പുകഴ്ത്തിയ കോണ്‍ഗ്രസിന്റെ നിലപാട് പാര്‍ട്ടിക്കുതന്നെ നാണക്കേടും പ്രഹരവുമായി.
സ്വന്തം പ്രധാനമന്ത്രിയേയും നേതാക്കളേയും പ്രചാരണത്തിനു വിനിയോഗിക്കാത്തവര്‍ എതിര്‍പക്ഷത്തിന്റെ നേതാവിനെ പ്രചാരണത്തിനു വിനിയോഗിച്ചുവെന്നതാണ് നാണക്കേട്. ഒപ്പം ബിജെപിയുടെ മാത്രമല്ല, രാജ്യത്തെ ഒട്ടുമിക്ക ജനങ്ങളുടെയും അഭിമതനായ നേതാവ് വാജ്പേയിലെ തെരഞ്ഞെടുപ്പില്‍ ഓര്‍മ്മിപ്പിക്കുക വഴി കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കു കൂടുതല്‍ താരതമ്യ പ്രശ്നം വോട്ടര്‍മാരില്‍ നിന്നു നേരിടേണ്ടിയും വന്നിരിക്കുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയിലോ പ്രസംഗത്തിലോ അല്ല, മറിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റില്തന്നെയാണ് വാജ്പേയി എന്ന പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ചത്. ബിജെപി നേതാവായ വാജ്പേയി ഒരു തരത്തിലും ഒരു ഘട്ടത്തിലും കോണ്‍ഗ്രസുമായി ബന്ധം ഇല്ലാത്ത ഇന്ത്യന്‍ നേതാക്കളില്‍ പ്രമുഖനാണു താനും.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഒരു തരത്തിലും വാജ്പേയിയോട് ആഭിമുഖ്യമില്ലായിരുന്നു. എന്നാല്‍ മികച്ച നയതന്ത്രജ്ഞനെന്നും ഭരണാധികാരിയെന്നും മറ്റും കോണ്‍ഗ്രസ് ഇപ്പോള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോള്‍ പഴയ എതിര്‍പ്പുകള്‍ എന്തിനായിരുന്നുവെന്ന ചോദ്യം ഉയരുന്നു.
ഒരേ സമയം നിയമസഭാംഗവും ലോക്സഭാംഗവുമായിരിക്കെയാണ് അന്നത്തെ ഒഡീഷ മുഖ്യമന്ത്രി ഗിരിധര്‍ ഗൊമാംഗിനെ ഹാജരാക്കി 13 മാസം തികഞ്ഞ വാജ്പേയി സര്‍ക്കാരിനെതിരേ വോട്ടുകുത്തിച്ച് കോണ്‍ഗ്രസ് പുറത്താക്കിയത്. ഇതുള്‍പ്പെടെ കോണ്‍ഗ്രസിന്റെ വാജ്പേയിയോടുണ്ടായിട്ടുള്ള നിസഹകരണം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്. വാജ്പേയി ഭരണകാലത്ത് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതും പാക്കിസ്ഥാനുമായി നടത്തിയ സമാധാന ചര്‍ച്ചകളെ പരിഹസിച്ചതും ആണവ പരീക്ഷണത്തെ എതിര്‍ത്തതുമെല്ലാം കോണ്‍ഗ്രസിന്റെ വികല നയങ്ങള്‍ ആയിരുന്നോ എന്നാണ് വിമര്‍ശനങ്ങള്‍.
ഈ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിന്റെ അടിക്കടി മാറുന്ന നിലപാടുകളോടുള്ള വിയോജിപ്പുകളായി വേണം കണക്കാക്കാന്‍.
അതേസമയം, ആദര്‍ശത്തിന്റെയും ആശയത്തിന്റെ മേഖലയില്‍ പാപ്പരായി മാറിയകോണ്ഗ്രസിെന്റ നാണംകെട്ട അടിയറവാണ് മോദിക്കെതിരേ പ്രചാരണത്തിന് വാജ്പേയിയുടെ സഹായം തേടിയ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദിയെ വിമര്‍ശിക്കുന്ന വിഷയങ്ങളില്‍ എല്ലാം തന്നെ വാജ്പേയിയുടെ നിലപാടും മോദിയുടേതും ഒന്നുതന്നെയാണെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണക്കാര്യത്തില്‍ മോദിയുടെ നിലപാടു കര്‍ക്കശമാണെന്നും പാര്‍ട്ടിയുടെ പ്രകടന പത്രികയിലും അതുണ്ടെന്നുമാണ് ഒരു വിമര്‍ശനം. എന്നാല്‍ അയോദ്ധ്യയിലേത് പൂര്‍ത്തിയാകാത്ത കര്‍മ്മ പദ്ധതിയാണെന്ന് (അണ് ഫിനിഷ്ഡ് ടാസ്ക്) വാജ്പേയി പ്രസ്താവിച്ചത് അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെയാണ്. അപ്പോള്‍ മോദി പറയുന്നതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല വാജ്പേയിയുടെ നിലപാട്.
മോദി ആര്എസ്എസ്കാരനാണെന്നാണ് മറ്റൊരു കോണ്‍ഗ്രസ് ആക്ഷേപം. എന്നാല്‍ താനൊരു സ്വയം സേവകനാണെന്ന് പരസ്യമായി, സുധീരമായി പ്രഖ്യാപിക്കാന്‍ തയ്യാറായ ആളാണ് വാജ്പേയി. അതും പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നുകൊണ്ടുതന്നെ. അന്നെല്ലാം ബഹളം കൂട്ടിയ കോണ്‍ഗ്രസ് ഇന്നിപ്പോള്‍ മോദിയെ മോശക്കാരനാക്കാന്‍ വാജ്പേയിയെ പ്രകീര്‍ത്തിക്കുന്നതില്‍ വൈരുദ്ധ്യം ഏറെയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
“ഇത് ഒന്നുകില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലില്ലാത്ത രാഷ്ട്രീയ നയം, അല്ലെങ്കില്‍ അവസരവാദ രാഷ്ട്രീയ നിലപാട്. രണ്ടായാലും ആത്മാര്‍ത്ഥതയില്ലാത്തതാണ്. ഇതുപക്ഷേ ഇന്ത്യയിലെ ചിന്തിക്കുന്ന വിഭാഗം തിരിച്ചറിയും. അവരുടെ പ്രചാരണങ്ങളിലൂടെ സാധാരണക്കാരിലും എത്തും. വോട്ടര്‍മാരെ ഏറെ നാള് ഫൂളാക്കാന് കോണ്‍ഗ്രസിനു കഴിയില്ല,” രാഷ്ട്രീയ നിരീക്ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഗോപകുമാര്‍ ബംഗളൂരുവില്‍നിന്ന് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: