ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ മറികടന്ന് സോണിയാഗാന്ധി തീരുമാനമെടുത്ത ഫയലുകളേതൊക്കെയെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു. സിയാച്ചിനുമായി ബന്ധപ്പെട്ട ഏതെങ്കിലും നിലപാടുകളില്‍ അന്തിമ തീരുമാനമെടുത്തത് സോണിയാഗാന്ധിയും മുന്കരസേനാധിപന് ജെ.ജെ സിങ്ങും തമ്മിലായിരുന്നോ എന്നും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് ചോദിച്ചു. പ്രധാനമന്ത്രിയുടെ മാധ്യമഉപദേശകനായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരായ വിമര്‍ശനങ്ങളുടെ ശക്തി ബിജെപി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
മന്‍മോഹന്‍സിങ്ങിനെ മറികടന്ന് നിര്‍ണ്ണായകമായ പല ഫയലുകളിലും തീരുമാനം സ്വീകരിച്ചിരുന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ആയിരുന്നെന്ന് സഞ്ജയ് ബാരു പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭാ ഫയലുകള്‍ കൈമാറിയിരുന്നോ എന്ന ബിജെപിയുടെ ചോദ്യത്തില്‍ നിന്നും ഇതോടെ ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍. മന്ത്രിസഭാംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പോലും മന്‍മോഹന്‍സിങ്ങിന് സ്വാതന്ത്ര്യമില്ലായിരുന്നോ എന്നും ബിജെപി വക്താവ് ചോദിച്ചു. 2ജി അഴിമതിക്കേസിലെ പ്രതിയായ എ.രാജയെ മന്ത്രിസഭയിലെടുത്തത് സോണിയാഗാന്ധിയുടെ നിര്ബന്ധപ്രകാരമായിരുന്നോ എന്നതിനു മന്‍മോഹന്‍സിങ് മറുപടി പറയണം. 2ജി, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതികള്‍ക്ക് സഹപ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത് മന്‍മോഹന്‍സിങ്ങിന് അറിയാമായിരുന്നിട്ടും തടയാന്‍ സാധിക്കാതിരുന്നതാണോയെന്നും ബിജെപി ചോദിച്ചു.
സഞ്ജയ് ബാരുവിന്റെ പുസ്തകം പുറത്തുവന്നതോടെ ഉയരുന്ന ഇത്തരം സംശയങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മറുപടി പറയണം. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ അവരുടെ പരാജയത്തേപ്പറ്റി ജനങ്ങളോട് സമ്മതിക്കാന്‍ പാര്‍ട്ടി തയ്യാറാവണം. വിലക്കയറ്റം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതും മതിയായ തൊഴില്‍ നല്‍കാതിരുന്നതും സാമ്പത്തിക രംഗത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ വന്ന പരാജയവുമെല്ലാം ഭരണരംഗത്ത് പാര്‍ട്ടി നടത്തിയ ഇടപെടല്‍ മൂലമുണ്ടായതാണോ എന്നു വ്യക്തമാക്കണം, നിര്‍മ്മല സീതാരാമന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പര്ത്തിയായതോടെ കോണ്‍ഗ്രസ്മുക്ത ഭാരതമെന്ന കാഴ്ച്ചപ്പാട് പുലര്‍ത്തി മത്സരിക്കുന്ന എന്‍ഡിഎയ്ക്കൊപ്പം രാജ്യത്തെ ചെറുതും വലുതുമായ 25 പാര്‍ട്ടികള്‍ ചേര്‍ന്നു നില്‍ക്കുകയാണ്. സമഗ്ര മേഖലകളിലേയും രാജ്യത്തിന്റെ വളര്‍ച്ചയെ തകര്‍ത്ത കോണ്‍ഗ്രസ് ഭരണകാലത്തെപ്പറ്റിയുള്ള ബിജെപിയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി ഇല്ലാതായതോടെയാണ് നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിച്ചു പ്രചാരണം നടത്തുന്നതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: