ന്യൂദല്‍ഹി: നരേന്ദ്രമോദിക്കെതിരെ വാരണാസിയില്‍ മത്സരിക്കണമെന്ന് രാഹുല്‍ഗാന്ധി തന്നോട് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ മത്സരിക്കാനില്ലെന്ന് മറുപടി നല്‍കിയെന്നും പ്രിയങ്കാ വാദ്ര. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നിരവധി തവണ രാഹുല്‍ഗാന്ധി തന്നെ നിര്‍ബന്ധിച്ചെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പ്രയങ്ക വാദ്ര സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മത്സരത്തില്‍ നിന്നും കുടുംബാംഗങ്ങളാരും തടഞ്ഞിട്ടില്ല. അമ്മയും ഭര്‍ത്താവുമെല്ലാം പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങേണ്ടെന്നാണ് എന്റെ തീരുമാനം, പ്രിയങ്ക പറഞ്ഞു. മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക വാദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അതു തടയപ്പെട്ടതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിശദീകരണവുമായി പ്രിയങ്ക രംഗത്തെത്തിയത്.
അതിനിടെ ഗാന്ധി കുടുംബാംഗമായ വരുണ്ഗാന്ധിക്കെതിരായ പ്രിയങ്ക നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശ വിധേയമായി. ബിജെപിയോട് സഹകരിക്കുന്ന വരുണ്‍ തെറ്റായ മാര്‍ഗ്ഗത്തിലാണെന്ന പ്രിയങ്കയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസമാണ് ഉയര്‍ന്നിരിക്കുന്നത്. നിരവധി ക്രമക്കേടുകളില്‍ പേരുയര്ന്നിരിക്കുന്ന സ്വന്തം ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ ഉപദേശിച്ച് നന്നാക്കുകയാണ് പ്രിയങ്ക ആദ്യം ചെയ്യേണ്ട കാര്യമെന്നതുള്പ്പെടെയുള്ള പരാമര്‍ശങ്ങളായിരുന്നു പ്രിയങ്കയ്ക്ക് നേരിടേണ്ടി വന്നത്.
എന്നാല്‍ വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്കയോട് രാഹുല്‍ ഗാന്ധി നിരവധി തവണ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തല്‍ കൂടുതല്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പ്രചാരണത്തില്‍ വലിയ പരാജയമാണ് സംഭവിച്ചിരിക്കുന്നതെന്നും കനത്ത ആഘാതം തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസ് നേരിടേണ്ടിവരുമെന്നുമുള്ള സൂചനകള്‍ ശക്തമായതോടെയാണ് പ്രിയങ്കയെക്കൂടി മത്സര രംഗത്തിറക്കാന്‍ രാഹുല്‍ഗാന്ധി ശ്രമിച്ചിരിക്കുന്നത്.
രാജ്യത്തുടലെടുത്തിരിക്കുന്ന കോണ്‍ഗ്രസ് വിരുദ്ധ വികാരത്തില്‍ പ്രതിരോധത്തിലകപ്പെട്ടിരിക്കുകയാണ് പാര്‍ട്ടിയെ നയിക്കുന്ന രാഹുല്‍ഗാന്ധിയെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി പരിഹസിച്ചു. തനിയെ നേരിടാനാവാതെ വന്നതോടെ അടുത്ത ഗാന്ധികുടുംബത്തെ രാഹുല്‍ കൂട്ടുപിടിച്ചിരിക്കുകയാണ്. എന്നാല്‍ ഗാന്ധികുടുംബത്തിന്റെ പേരിന് രാജ്യത്ത് വലിയ ഇടിവ് സംഭവിച്ചത് അവര്‍ തിരിച്ചറിയണം. കോണ്‍ഗ്രസിനെ കൂടുതല്‍ സംഘടനാപരമായി ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് ഇതിന്റെ പരിഹാരം. അല്ലാതെ അടുത്ത കുടുംബാംഗത്തെക്കൂടി മത്സരിപ്പിക്കുക എന്നതല്ല, ജയ്റ്റ്ലി പറഞ്ഞു. ഒരു കുടുംബാഗം പരാജയപ്പെട്ടാല്‍ അടുത്ത കുടുംബാംഗത്തെ രംഗത്തിറക്കുക എന്നതു മാത്രമാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും ജയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: