രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രങ്ങളില്‍ ഒന്നായ കാണ്‍പൂരില്‍ കോണ്‍ഗ്രസ് ഭയക്കുന്നത് കല്‍ക്കരിയാണ്. 1.86 ലക്ഷം കോടി രൂപയുടെ കല്‍ക്കരി അഴിമതി നടത്തിയ യുപിഎ സര്‍ക്കാരിലെ കല്‍ക്കരിമന്ത്രി ജനവിധി തേടുന്ന ഇവിടെ പ്രചാരണ വിഷയവും കല്‍ക്കരിയും കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും തന്നെ. ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിയുടെ വിജയം ഉറപ്പെന്ന് ബിജെപി നേതൃത്വം തറപ്പിച്ചു പറയുമ്പോള്‍ മറുവശത്ത് കേന്ദ്രകല്ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ പ്രചാരണരംഗത്ത് വിഷമിക്കുകയാണ്.
ഒരു കാലത്ത് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിരുന്ന കാണ്‍പൂരില്‍ ഇന്ന് അവര്‍ക്ക് ദയനീയാവസ്ഥയിലാണ്. 1989ല്‍ സുഭാഷിണി അലി കാണ്‍പൂരില്‍ നിന്നും സിപിഎം പ്രതിനിധിയായി ലോക്സഭയിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ബിജെപി നേതാവ് ജഗത് വീര്‍സിങ് ദ്രോണ കാണ്‍പൂരില്‍ നിന്നുള്ള എംപിയായി. 1999ല്‍ കാണ്‍പൂര്‍ കോണ്‍ഗ്രസിനൊപ്പം പോയി. സമാജ് വാദി പാര്‍ട്ടിയുടേയും ബിഎസ്പിയുടേയും വോട്ടുകള്‍ വാങ്ങി കോണ്‍ഗ്രസ് നേതാവ് ശ്രീപ്രകാശ് ജയ്സ്വാള്‍ മണ്ഡലം സ്വന്തമാക്കി. പിന്നീടു നടന്ന രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ചെറിയ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയ ജയ്സ്വാളിന് പക്ഷേ ഇത്തവണ ശക്തനായ എതിരാളിയെയാണ് നേരിടേണ്ടിവന്നിരിക്കുന്നത്. ഒന്നു പറയാതെ വയ്യ, പേരിനൊരു ചുവപ്പുകൊടിപോലുമില്ല ഇവിടെങ്ങും.
കാണ്‍പൂരിന് പുറത്ത് പ്രചാരണത്തിലായതിനാല്‍ സ്ഥാനാര്‍ത്ഥിയെ നേരില്‍ക്കാണാന്‍ സാധിക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചതോടെ പാര്‍ട്ടിയുടെ പ്രചാരണ പരിപാടികള്‍ ചോദിച്ചറിഞ്ഞു. കാണ്‍പൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷവും ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്ന തിരക്കിലായിരുന്നു മുരളീ മനോഹര്‍ ജോഷി. അതിനാല്‍ത്തന്നെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയിട്ട് കേവലം രണ്ടാഴ്ച ആകുന്നതേയുള്ളൂ. എങ്കിലും മുരളീ മനോഹര്ജോഷിയുടെയും ബിജെപിയുടേയും പ്രവര്‍ത്തനം മറ്റു സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. 19ന് കാണ്‍പൂരില്‍ നടന്ന നരേന്ദ്രമോദിയുടെ ഭാരത് വിജയ് റാലിയോടെ പ്രചാരണം അതിന്റെ ഏറ്റവും ശക്തമായ രീതിയിലേക്ക് എത്തിക്കാന്‍ ബിജെപിക്കായിട്ടുണ്ട്.
ബിജെപിയുടെ പ്രചാരണത്തേപ്പറ്റി ആര്യാനഗര് എംഎല്‍എ സലില്‍ വിഷ്ണോയ് പറയുന്നതിങ്ങനെ. “മുരളീ മനോഹര്ജോഷിയുടെ പ്രചാരണത്തിന് നരേന്ദ്രമോദിയെത്തില്ലെന്നും ഇരുനേതാക്കളും തമ്മില്‍ ഭിന്നതകളുണ്ടെന്നുമുള്ള പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ കാണ്‍പൂര്‍ റാലി നടന്നത്. ഒന്നരലക്ഷത്തിനു മേല്‍ ജനങ്ങളാണ് ഇവിടെ തടിച്ചുകൂടിയത്. വേദിയിലെത്തിയ മോദി ജോഷിജിയുടെ കാല്‍തൊട്ടുവന്ദിച്ച ശേഷമാണ് സ്വന്തം ഇരിപ്പിടത്തിലേക്കെത്തിയത്. ഞങ്ങള്‍ക്കുള്ള വ്യക്തമായ സന്ദേശമാണിത്.”
മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയില്‍ തന്നെയാണ് ബിജെപി. ലോക്സഭാമണ്ഡലത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് മുന്നേറ്റം നടത്താനാകുമെന്ന് സലില്‍ വിഷ്ണോയ് പറയുന്നു. ചെറിയ ?ഭൂരിപക്ഷത്തില്‍ വിജയിച്ചുവന്ന ജയ്സ്വാളിനെ മറികടക്കാന്‍ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ സാധിക്കുമെന്ന് നവീന്‍ മാര്‍ക്കറ്റിലെ ബിജെപി ആസ്ഥാനത്തുവെച്ച് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സുരേന്ദ്ര മൈത്താനിയും പറഞ്ഞു. കാണ്‍പൂരില്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനാകുമെന്നാണ് മുന്‍ കാണ്‍പൂര്‍ മേയറായ രവീന്ദ്ര പട്നിയുടെ കണക്കുകൂട്ടല്‍.
കേന്ദ്രസര്‍ക്കാര്‍ നടത്തിയ കല്‍ക്കരി അഴിമതിയും ടു ജി സ്പെക്ട്രം അഴിമതിയുമെല്ലാം മണ്ഡലത്തിലെ പ്രധാന പ്രചാരണവിഷയങ്ങളാണെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രങ്ങളിലൊന്നായിട്ടും അടിസ്ഥാന സൗകര്യവികസനത്തില്‍ കാണ്‍പൂരിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവും ബിജെപി നടത്തുന്നു. ഏപ്രില്‍ 30ന് ഏഴാംഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായാകും കാണ്‍പൂര്‍ വിധിയെഴുതുകയെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പ്രതീക്ഷിക്കുന്നത്.
റോഡ്ഷോകള്‍ക്ക് പകരം ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും ചെറുയോഗങ്ങള്‍ സംഘടിപ്പിച്ചാണ് മുരളീമനോഹര്‍ ജോഷിയുടെ പ്രചാരണം. സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയതിനാല്‍ അതിനെ മറികടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ പാര്‍ട്ടി നടത്തുന്നത്. നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മണ്ഡലത്തില്‍ വിവിധ ദിവസങ്ങളിലായി പ്രചാരണത്തിനെത്തിയതും പാര്‍ട്ടി കേന്ദ്രങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നു. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും കാണ്‍പൂരില്‍ മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: