ന്യൂദല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ പേരില്‍ രാജ്യത്തെ വിമുക്തഭടന്മാരെ കോണ്‍ഗ്രസ് കാലങ്ങളായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീലമുള്ള നൂറുകണക്കിന് വിമുക്തഭടന്മാരെ ഞാന്‍ സമീപിച്ചു. ഇന്ത്യയുടെ വിഷമഘട്ടങ്ങളിലും സേവനം ചെയ്തവരാണ് അവര്‍. എല്ലാവരും തന്നെ വണ്‍ റാങ്ക് വണ്‍ പെന്ഷന് എന്ന പദ്ധതിക്ക് പരിഗണന അര്‍ഹിക്കുന്നവരാണ്. ഇവരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് പദ്ധതിയെന്നും ജെയ്റ്റ്ലി തന്റെ ബ്ലോഗില്‍ കുറിച്ചു.
ബിജെപിയുടെ പ്രകടനപത്രികയില്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പിലാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പദ്ധതിയുടെ പേരില്‍ കാലങ്ങളായി കോണ്‍ഗ്രസ് വിമുക്തഭടന്മാരെ പറ്റിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമുക്തഭടന്മാരുടെ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഇതിനെ നിസാരമായി കാണുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പദ്ധതി അംഗീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ കോണ്‍ഗ്രസ് വീണ്ടും വിമുക്തഭടന്മാരെ പറ്റിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചതെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. പദ്ധതി സംബന്ധിച്ച ഒരു അറിയിപ്പും നടത്തിയിരുന്നില്ലെന്നും ജയ്റ്റ്ലി ബ്ലോഗില്‍ പറയുന്നു.
വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയില്‍ യാതൊരു വിധത്തിലുള്ള തീരുമാനവും കൈക്കൊള്ളാത്തതില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണിയേയും അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനും ചൈനയും സൈനികകാര്യങ്ങളിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ തന്നെ അതിര്‍ത്തിയിലെ നയതന്ത്ര ബന്ധങ്ങളില്‍ ഇന്ത്യയും മാറ്റം വരുത്തേണ്ടതുണ്ട്. അത്യാധുനികളായ ആയുധങ്ങളുടെ അഭാവവും നിലനില്ക്കുന്നു. പാക്കിസ്ഥാന് മേലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ അധീശത്വം സങ്കുചിതമായിരിക്കുകയാണെന്നും ജയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: