വഡോദര: ഇളയ സഹോദരനുവേണ്ടി വോട്ടുതേടുകയാണ് സോമഭായി. അനുജന് നരേന്ദ്രനാണേല് നാമ നിര്‍ദ്ദേശപത്രിക നല്കിയ ശേഷം മണ്ഡലത്തിലേക്ക് വന്നിട്ടില്ല. ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന വഡോദര മണ്ഡലത്തിലെ താരപ്രചാരകനാണ് ഈ ജ്യേഷ്ഠന്. നരേന്ദ്ര മോദിയുടെ മൂത്ത ജ്യേഷ്ഠന് സോമഭായി മോദി.
“നരേന്ദ്രന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ഭാരതത്തെക്കുറിച്ച് സമഗ്ര കാഴ്ചപ്പാടുള്ള കഴിവുറ്റ നേതാവാണ്, അവന് അധികാരത്തിലെത്തിയാല്‍ ഭാരതത്തിന്റെ പുരോഗതിക്കും ഐശ്വര്യത്തിനും സമാധാനത്തിനും തടയിടാന്‍ ആര്‍ക്കും കഴില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അക്കാര്യം കൂടുതല്‍ ആളുകളിലേക്ക് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം,” വഡോദരയില്‍ പ്രചാരണത്തിനെത്തിയതിനെക്കുറിച്ച് സോമഭായിപറഞ്ഞു.
ചെറു യോഗങ്ങളിലും കൂട്ടായ്മകളിലും പങ്കെടുത്ത് നരേന്ദ്ര മോദി എന്തുകൊണ്ട് മികച്ച പ്രധാനമന്ത്രിയായിരിക്കും എന്ന് വ്യക്തമാക്കുകയാണ് സംബായി.
“ഗുജറാത്തില്‍ മികച്ച ഭരണം കാഴ്ചവെക്കാനായെങ്കില് ദേശീയ തലത്തിലും അത് സാധിക്കും. കഠിനാധ്വാനം തന്നെയാണ് നേട്ടത്തിനു പിന്നില്‍. ചെറിയൊരു ക്വാഷല്‍ ലീവുപോലും എടുക്കാതെ നരേന്ദ്രന് ജോലിചെയ്യും,” ജോലിക്കാര്‍ നിറഞ്ഞ സദസ്സിനോടായി സോമഭായി പറഞ്ഞു.ദൈവാധീനം നരേന്ദ്രന് വേണ്ടുവോളം കിട്ടിയിട്ടുണ്ടെന്നാണ് ജ്യേഷ്ഠന്റെ പക്ഷം.”ഗുജറാത്തില്‍ വരള്‍ച്ച സാധാരണ സംഭവമാണ്, മോദി അധികാരത്തിലെത്തിയ ശേഷം വരള്‍ച്ച ഉണ്ടായിട്ടില്ല. 2011 ല്‍ ചില സ്ഥലങ്ങളില്‍ വരള്‍ച്ച ഉണ്ടാകുമെന്നു കരുതി കോണ്‍ഗ്രസ് പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുത്തിരുന്നു. പക്ഷേ ആ പ്രദേശങ്ങളില്‍ നേരത്തെ മഴ ലഭിക്കുകയുണ്ടായി. ഈശ്വരാനുഗ്രഹമല്ലാതെ മേറ്റ്ന്താണത്. എല്ലാ ഭാഗത്തുനിന്നും കൂരമ്പുകള്‍ വന്നിട്ടും പോറല്‍പോലും ഏല്ക്കാതെ രാഷ്ടീയത്തില്‍ തലയെടുപ്പോടെ നില്ക്കാന് കഴിഞ്ഞതും ദൈവ കടാക്ഷം കൊണ്ടു മാത്രം,” സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 70 കാരനായ സോമഭായിപറഞ്ഞു വിവാദങ്ങള്‍ക്കോ മാധ്യമ ശ്രദ്ധക്കോ ശ്രമിക്കാതെ സാധാരണക്കാരില്‍ സാധാരണക്കാരനായി കഴിയുന്ന സോമഭായിക്ക് അനുജനെക്കുറിച്ച് അഭിമാനം മാത്രം.
തികച്ചും വ്യത്യസ്തന്
കുട്ടിക്കാലത്ത് ഞങ്ങള്‍ ഒരുമിച്ച് കളിച്ചു നടന്നിരുന്നു. അന്നേ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു നരേന്ദ്രന്. എല്ലാവരുടേയും ബഹുമാനം ആര്ജിക്കുന്നതരത്തില് ഒരു സ്വാധിനശക്തി അവനുണ്ടായിരുന്നു. കളിയിലും പഠനത്തിലും എന്തെങ്കിലും പ്രശ്നം വന്നാല്‍ പ്രതിവിധിക്ക് നരേന്ദ്രന് വരാന്‍ കൂട്ടുകാര്‍ കാത്തിരിക്കുമായിരുന്നു. എല്ലാത്തിനും അവന്റെവശം പരിഹാരമുണ്ടായിരുന്നു. പ്രശ്നങ്ങള്‍ തീര്‍ത്ത് ഏവരേയും ഒന്നിച്ചു കൊണ്ടുപോകുകയും ചെയ്യും.
ശരാശരി വിദ്യാര്‍ത്ഥി
സ്ക്കൂളില്‍ ശരാശരി വിദ്യാര്‍ത്ഥി മാത്രമായിരുന്നു നരേന്ദ്രന്. എന്നാല്‍ അധ്യാപകര്‍ക്ക് എറെ പ്രിയപ്പെട്ടവനും. അധ്യാപകര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുമായിരുന്നു. ചരിത്രവും ഭൂമിശാസ്ത്രവും സയന്‍സുമായിരുന്നു ഇഷ്ട വിഷയങ്ങള്‍. അതില്‍തന്നെ സയന്‍സിനോടായിരുന്നു കൂടുതല്‍ പ്രിയം. സ്വാമി വിവേകാനന്ദനും സത്യസായി ബാബയുമാണ് മാതൃക.
ഭക്ഷണപ്രിയന്‍, പാചകക്കാരന്
നല്ലൊരു ഭക്ഷണ പ്രിയനും മികച്ചൊരു പാചകക്കാരനുമാണു നരേന്ദ്രന്. എല്ലാത്തരം ഗുജറാത്തി ഭക്ഷണങ്ങളും കൊതിയൂറും രുചിയോടെ പാചകം ചെയ്യുമായിരുന്നു.
കുടുംബസ്നേഹി
ചെറുപ്പത്തിലേ കുടുബത്തോട് ഏറെ സ്നേഹവും കരുതലും ഉണ്ടായിരുന്ന ആളാണ് നരേന്ദ്രന്, പൊതു പ്രവര്‍ത്തനത്തിനായി വീടുവിട്ടിറങ്ങിയെങ്കിലും കുടുംബത്തോടുള്ള സ്നേഹത്തിന് കുറവൊന്നും ഉണ്ടായില്ല.
വിവാദമായ വിവാഹം
വിവാഹത്തിന്റെ കാര്യത്തില്‍ വിവാദത്തിനൊന്നുമില്ല. നിയമപരമായ വിവാഹല്ല. സമുദായത്തില്‍ നിന്നിരുന്ന ആചാരത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് മാത്രം.ഏതാണ്ട് 45-50 വര്‍ഷം മുന്‍പ് എന്റെ മാതാപിതാക്കളും ഞങ്ങള്‍ അഞ്ചു സഹോദരന്മാരും സഹോദരിയും കടുത്ത ദരിദ്രമായ ചുറ്റുപാടുകളിലാണ് ജീവിച്ചിരുന്നത്. സാധാരണക്കാരും ദരിദ്രരും നിരക്ഷരരുമായിരുന്ന മാതാപിതാക്കള്‍ക്ക് ആചാരം അനുഷ്ഠിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അച്ഛനമ്മമാരെ അനുസരിക്കാനേ കുട്ടിയായ നരേന്ദ്രനും കഴിയുമായിരുന്നുള്ളു. പൊതുപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കണമെന്ന് തീരുമാനിച്ചിരുന്നതിനാല്‍ കുടുംബഞ്ഞ ജീവിതം നരേന്ദ്രന് ആഗ്രഹിച്ചില്ല.സാമൂഹ്യസേവനവും രാഷ്ട്രസേവനവും മാത്രമായിരുന്നു ചിന്ത. കുടുംബത്തിന്റെ പിന്നാക്കാവസ്ഥയിലും അവന് ഇതിനൊക്കെ സമയം കണ്ടെത്തിയിരുന്നു. ദരിദ്രചുറ്റുപാടുകള്ക്കിടയിലും അന്ന് നിലനിന്നിരുന്ന വിശ്വാസങ്ങളെയും അനാചാരങ്ങളെയും നരേന്ദ്രന് ചോദ്യം ചെയ്തിരുന്നു. ആചാരത്തിന്റെ ഭാഗമായി വിവാഹിതനായെങ്കിലും തന്റെ ലക്ഷ്യം വധു യശോദയോട് പറയുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് അല്പനാളുകള്ക്കുള്ളില് തന്നെ കുടുംബത്തെ ഉപേക്ഷിച്ച് യാത്രയായി. യശോദയാകട്ടെ തന്റെ പിതൃഗൃഹത്തിലേക്ക് മടങ്ങുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അധ്യാപിക ആവുകയും ചെയ്തു. സ്നേഹത്തോയെയാണ് അവര്‍ പിരിഞ്ഞത്. വിവാഹക്കാരം മൂടിവെച്ചു എന്നു പറയുന്നതില്‍ എന്തുകാര്യം. അത്തരത്തിലുള്ള വിവാഹമല്ലായിരുന്നതിനാല് പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. വലിയ കാര്യമായി മാധ്യമങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ സത്യം പറയുകമാത്രമാണുണ്ടായത്.അരനൂറ്റാണ്ടു മുന്‍പ് നടന്ന സംഭവത്തെ അടിസ്ഥാനപ്പെടുത്തി വെറുതെ വിവാദം ഉയര്‍ത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.
സോമഭായിയുടെ അഭിമുഖം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടി. നിഴല്‍പോലെ തെരഞ്ഞെടുപ്പുകമ്മീഷന്റെ ആളുകള്‍ നടക്കുന്നതിനാല്‍ പ്രചാരണകോലാഹലമില്ലാതെ ചെറിയ യോഗങ്ങളിലാണ് സോമഭായി പങ്കെടുക്കുന്നത്, മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. മലയാളി അസോസിയേഷന് ചെയര്മാന് മോഹന്‍നായര്‍, മുന്‍ മേയറും ഇപ്പോഴത്തെ നഗരവികസന അതോറിറ്റി ചെയര്‍മാനുമായ പട്ടേല്‍ എന്നിവരുടെ ശ്രമഫലമായി ജന്മഭൂമിക്കു പ്രത്യേക അഭിമുഖം നല്‍കുകയായയിരുന്നു. കേരളത്തില്‍ നിന്ന് എന്നു പറഞ്ഞപ്പോഴേ തിരുവനന്തപുരത്ത് ജയിക്കുമല്ലോ എന്നായിരുന്നു ചേട്ടന് മോദിക്കും ആദ്യം അറിയേണ്ടിയിരുന്നത്.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: