മുംബൈ: മഹാരാഷ്ട്രയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. ഇന്ന് 19 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഉത്തര മഹാരാഷ്ട്രയിലെ ഡിണ്ടോരി, നാസിക്, നന്ദൂര്‍ബര്‍, ധുലെ, ജല്‍ഗാവ്, റാവര്‍, മറാത്ത്വാഡ മേഖലയിലെ റായ്ഗഡ്, ഔറംഗാബാദ്, കോംഗ്കണ്‍ മേഖലയിലെ റായ്ഗഡ് എന്നിവിടങ്ങളിലും താനെ മുംബൈ മേഖലയിലെ 10 മണ്ഡലങ്ങളിലും പല്ഗര്, ഭീവണ്ടി, കല്യാണ്‍, താനെ, മുംബൈ നോര്‍ത്ത്, മുംബൈ നോര്‍ത്ത് വെസ്റ്റ്, മുംബൈ നോര്‍ത്ത് ഈസ്റ്റ്, മുംബൈ നോര്‍ത്ത് സെന്‍ട്രല്‍, മുംബൈ സൗത്ത് സെന്‍ട്രല്‍, സൗത്ത് മുംബൈ എന്നിവിടങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി- ശിവസേനാ നേതൃത്വത്തിലുള്ള മഹാസഖ്യവും കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിലുള്ള സഖ്യവും തമ്മിലാണ് പ്രധാന മത്സരം. എഎപിയും മത്സരരംഗത്തുണ്ടെങ്കിലും നഗരമേഖലകളില്‍ പോലും കാര്യമായ ചലനമുണ്ടാക്കാന്‍ ഇതിന് കഴിഞ്ഞിട്ടില്ല. മേധാപട്ക്കറെപ്പോലുള്ള പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ശിവസേനയില്‍ നിന്ന് വിഘടിച്ചു രൂപംകൊണ്ട് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ സാന്നിധ്യം ബിജെപി സഖ്യത്തിന് ഭീഷണിയാവുമെന്നായിരുന്നു മാധ്യമങ്ങള്‍ വിലയിരുത്തിയത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളില്‍ ബിജെപി സഖ്യത്തിന്റെ മുന്നേറ്റം തടഞ്ഞത് എംഎന്‍എസിന്റെ സാന്നിധ്യമായിരുന്നു. മുംബൈയിലെ 6 സീറ്റുകളും ബിജെപി സഖ്യത്തിന് നഷ്ടമായത് കുറഞ്ഞ വോട്ടുകള്‍ക്കായിരുന്നു. ഇത് എംഎന്‍എസിന്റെ സാന്നിധ്യം കൊണ്ടായിരുന്നുതാനും.
എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ ആകെ മാറി. എംഎന്‍എസിന് വോട്ടു ചെയ്യുന്നത് പരമ്പരാഗത എതിരാളികളായ കോണ്‍ഗ്രസിനെ ജയിപ്പിക്കുന്നതിന് തുല്യമായിരിക്കുമെന്ന ബിജെപി-ശിവസേനാ സഖ്യത്തിന്റെ പ്രചാരണത്തിന് വലിയ പ്രതികരണമാണുണ്ടായിരിക്കുന്നത്. രാജ് താക്കറെയും പഴയപോലെ ബിജെപി സഖ്യത്തെ എതിര്‍ക്കുന്നുമില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി വരുന്നതിനെ രാജ് താക്കറെ പരസ്യമായി പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ഈ ഘടകങ്ങള്‍ ബിജെപി-ശിവസേനാ സഖ്യത്തിന് ഏറെ ഗുണം ചെയ്യും.
രാംദാസ് അത്വാലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷേത്കാരി സംഘടന, മഹാദേവ് ജങ്കാറിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സമാജ്വാദി പാര്‍ട്ടി എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ മഹാസഖ്യം വന്‍നേട്ടമാണ് ഇന്നത്തെ അവസാനഘട്ട തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കരിമ്പ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ സമരത്തിലൂടെ രാജഷെട്ടി കഴിഞ്ഞ തവണ ലോക്സഭയിലേക്ക് ഹട്കംഗയില് മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയത് എന്‍സിപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
സംസ്ഥാനത്ത് മൂന്നാം മുന്നണി തട്ടിക്കൂട്ടാനുള്ള ശ്രമം തുടക്കത്തിലേ പരാജയപ്പെടുകയായിരുന്നു. സിപിഎമ്മിന് സ്വാധീനമുണ്ടായിരുന്ന ചില കേന്ദ്രങ്ങള്‍ കൂടി പാര്‍ട്ടിക്ക് നഷ്ടമായതോടെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം സംസ്ഥാനത്ത് തീരെ ഇല്ല എന്ന് തന്നെ പറയാം. പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ബഹുജന്‍ മഹാസംഘിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ജനാധിപത്യമുന്നണിയുടെ പ്രകടനം അപ്രസക്തമായിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഇന്നു പൂര്‍ത്തിയാവുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത ഒക്ടോബര്‍ അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിട്ടാണ് ഇരുമുന്നണികളും കരുതുന്നത്. പുതിയ മഹാസഖ്യം നിലവിലുള്ള കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തെ പരാജയപ്പെടുത്താന്‍ തക്ക സാമൂഹ്യ പിന്‍ബലം തേടിക്കഴിഞ്ഞുവെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പ്രതീക്ഷിക്കുന്ന വന്‍ വിജയനേട്ടം അതിന്റെ തുടക്കമാവുമെന്നാണ് മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: