ന്യൂദല്‍ഹി: രാജ്യം നയിക്കാനുള്ള നേതൃത്വപാടവം ഇല്ലെന്ന് സ്വയം തെളിയിച്ച രാഹുല്‍ഗാന്ധിയുടെ രക്ഷക്കെത്തിയ സഹോദരി പ്രിയങ്കാഗാന്ധിയും പരാജയം സമ്മതിക്കുന്നു. അമ്മയേയും സോദരനേയും രക്ഷിക്കാന്‍ മാത്രമല്ല പാര്‍ട്ടിയെത്തന്നെ കരകയറ്റാന്‍ ആവേശത്തോടെ കെട്ടിയിറക്കപ്പെട്ട പ്രിയങ്ക ഇപ്പോള്‍ വോട്ടു കിട്ടാന്‍ കണ്ണീരൊഴുക്കുകയാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ ചിത്രമായി മാറിയിരിക്കുകയാണ് പ്രിയങ്ക വാദ്ര.
‘പ്രിയങ്കയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ’ എന്നായിരുന്നു ചിലരുടെ മുദ്രാവാക്യം. സോണിയക്കു പറ്റാത്തത് മകന് രാഹുലിന് കഴിയുമെന്ന് പ്രതീക്ഷിച്ചത് തെറ്റ്. ‘ഒരൊറ്റ ഇന്റര്‍വ്യൂ മതി എല്ലാ പ്രതിച്ഛായയും തകരാന്‍’ എന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ ടൈംസ് നൗ ടിവിയിലെ അഭിമുഖത്തിനുശേഷം ഉണ്ടായിരുന്ന പ്രചാരണം.
ഭാവി പ്രധാനമന്ത്രിയെന്ന രീതിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്ന രാഹുല്‍ പ്രചാരണ വേദികളിലും അഭിമുഖത്തിലും തുടങ്ങി എല്ലാ രംഗത്തും ദയനീയമായി തോന്നി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാര്‍ക്കറ്റിലെ മൂല്യം പാതാളത്തോളം ഇടിഞ്ഞപ്പോള്‍ പാര്‍ട്ടിക്കൊപ്പം അമ്മയും സോദരനും തോറ്റുപോകാതിരിക്കാനാണ് പ്രിയങ്ക ഇറങ്ങിയത്. “അമ്മ രോഗിയായി, അനുജന് പരാജയമായി, ഇനി പ്രിയങ്ക വരട്ടെ” എന്ന് ഫ്ലക്സ് ബോര്‍ഡ് വച്ചത് യുപിയില്‍ പ്രവര്‍ത്തകര്‍ കാത്തിരുന്നു. അവര്‍ക്ക് പാര്‍ട്ടിയുടെ പണി കിട്ടിയതു മിച്ചം. അവര്‍ പാര്‍ട്ടിക്കു പുറത്തായി.
പക്ഷേ പ്രിയങ്ക വന്നപ്പോഴോ. എല്ലാവരുടേയും ശ്രദ്ധതന്നിലാണെന്നും പാര്‍ട്ടിയുടെ പ്രതീക്ഷ താനാണെന്നും തിരിച്ചറിഞ്ഞ പ്രിയങ്ക തുടക്കം ഗംഭീരമാക്കാന്‍ നോക്കി. മാന്യതയുടെ രാഷ്ട്രീയ പ്രവര്ത്തനത്തിലായ സഹോദരതുല്യനായ വരുണ്‍ ഗാന്ധിയെ ആക്രമിച്ചാണ് പ്രിയങ്ക വാര്‍ത്തയില്‍ ഇടം നേടിയത്. തന്റെ ഒരു സഹോദരന് (വരുണ്‍ഗാന്ധി) വഴിപിഴച്ച് എതിര്‍പാര്‍ട്ടിയില്‍ (ബിജെപിയില്‍)പോയെന്നും അയാളെ ശരിയായ വഴിയില്‍ ആക്കാന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കണമെന്നും പ്രിയങ്ക പ്രസംഗിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ കയ്യടിച്ചു. കണിശക്കാരിയെന്നും കൂര്മബുദ്ധിയെന്നും മറ്റും പാര്‍ട്ടി നേതാക്കള്‍ തന്നെ വാഴ്ത്തി. അബദ്ധത്തില്‍ പറഞ്ഞതല്ലെന്ന് സ്ഥാപിച്ച് പ്രിയങ്ക ആവര്‍ത്തിച്ചു. പക്ഷേ തികച്ചും മാന്യമായി മാത്രമേ വരുണ്‍ ഗാന്ധിയും അമ്മ മനേകാ ഗാന്ധിയും പ്രതികരിച്ചുള്ളൂവെന്നത് ശ്രദ്ധേയമായ കാര്യം.
എന്നാല്‍ രാഹുലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രിയങ്ക ഇപ്പോള്‍ ‘കാറ്റുപോയ ബലൂണാണ്.’ ദല്‍ഹിയില്‍ ചെറിയ റസ്റ്ററന്റ് നടത്തിക്കഴിഞ്ഞിരുന്ന റോബര്‍ട്ട് വാദ്രയെന്നയാള് ബഹുലക്ഷം കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മുതലാളിയായതിന്റെ വാര്‍ത്തകള്‍ ചര്‍ച്ചയായപ്പോള്‍ അത് പ്രിയങ്കക്ക് വേദനിച്ചു. കാരണം പ്രിയങ്കയുടെ ഭര്‍ത്താവാണ് വാദ്ര. അങ്ങനെ പ്രിയങ്ക പൊതുവേദിയില്‍ സങ്കടപ്പെട്ടു- പ്രിയങ്ക പറഞ്ഞു. “വര്‍ഷങ്ങളായി എന്റെ ഭര്‍ത്താവിനെതിരെ ഞാനീ ആരോപണങ്ങള്‍ കേള്‍ക്കുന്നു. അവയെന്നെ ദുഃഖിപ്പിക്കുന്നു. ദിവസവും ഞാന്‍ കുട്ടികളോട് പറയുന്നു, സത്യം ഒരിക്കല്‍ പുറത്തുവരുമെന്ന്, അവര്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ കാര്യമാക്കേണ്ടെന്ന്. ഞാനീ പോരാട്ട വീര്യം പഠിച്ചത് എന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധിയില്‍നിന്നാണ്.”
എന്നാല്‍, പൊതുവേദിയില്‍ അമ്മൂമ്മക്കഥയും കുട്ടിക്കഥയും പറഞ്ഞു സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ച പ്രിയങ്ക ഭര്‍ത്താവ് നിരപരാധിയാണെന്നൊന്നും പറയാന്‍ പക്ഷേ ധൈര്യപ്പെട്ടില്ല. രാജസ്ഥാനിലെ കര്‍ഷകരെ കബളിപ്പിച്ചുള്പ്പെടെ രാജ്യത്തെങ്ങും വന്‍തോതില്‍ ചുളുവിലക്ക് ഭൂമി വാങ്ങിക്കൂട്ടിയ കേസില്‍ റോബര്‍ട്ട് വാദ്രയെ കുറ്റപ്പെടുത്തുന്നത് ബിജെപിയാണെന്നാണ് പ്രിയങ്കയുടെ ആരോപണം. എന്നാല്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളും വാള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെ വിദേശമാധ്യമങ്ങളും വാദ്രക്കെതിരെ തെളിവു സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുളളതാണ്.
പ്രിയങ്കയുടെ പൊതുവേദിയിലെ ദയനീയ സ്ഥിതി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഭരണ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചക്ക് വിഷയമാക്കിയപ്പോള്‍ നരേന്ദ്രമോദിയുടെ ശൈശവവിവാഹമാവും ഗുജറാത്ത് കലാപവും മറ്റും ചര്‍ച്ചാ വിഷയമാക്കിയത് കോണ്‍ഗ്രസ് നേതാക്കളാണ്. എന്നാല്‍ തിരിച്ചടി കിട്ടിയപ്പോള്‍ പ്രിയങ്കയും രാജ്യത്തെ വികസനം വേണം ചര്‍ച്ച ചെയ്യാനെന്ന് പ്രസംഗിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അവരോട് സഹതാപവും പരിഹാസവുമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: