ന്യൂദല്‍ഹി: ചില രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളുംആവര്ത്തിച്ച് ആരോപിക്കും പോലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് വഴിവിട്ട ഒരു സഹായവും കിട്ടിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി. ഊര്ജ്ജോല്പ്പാദന പദ്ധതിക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതിന്റെ 150 ഇരട്ടി വിലയാണ് സര്‍ക്കാര്‍ ഭൂമിക്ക് മോദി ഈടാക്കിയതെന്നും ഗൗതം പറഞ്ഞു. മോദി സര്‍ക്കാര്‍ ആരെയും സഹായിക്കാന്‍ ഉത്തരവിറക്കിയിട്ടില്ല. മോദി വ്യവസായികളെ സഹായിക്കുന്നത് നയ പരിപാടികളിലൂടെയാണ്, പിടിഐക്കു നല്കിയ അഭിമുഖത്തില്‍ ഗൗതം അദാനി വിശദീകരിച്ചു.
അദാനി ഗ്രൂപ്പ് സംസ്ഥാനത്ത് വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്തത് 15,946 ഏക്കര്‍ ഭൂമിയാണ്. ഇതിന്റെ മൂന്നിലൊന്നു ഭൂമി മാത്രമാണ് മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏറ്റെടുത്തത്.
“ഒരു തുണ്ടു ഭൂമിപോലും കര്‍ഷകരില്‍നിന്ന് ഞങ്ങള്‍ ഏറ്റെടുത്തിട്ടില്ല… കച്ച് പ്രദേശത്ത് ആരും ഉപയോഗിക്കാത്ത തരിശുഭൂമിയും മരുഭൂമിയുമാണ് ഏറ്റെടുത്തത്. ഇവിടങ്ങളില്‍ കാര്ഷികവൃത്തിയേ ഇല്ല,” അദാനി പറഞ്ഞു.
ഏറ്റെടുത്ത തീരപ്രദേശമായ മുണ്ട്രായില് അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ തുറമുഖം നിര്‍മ്മിച്ചു. “പ്രതിവര്‍ഷം 1000 ലക്ഷം ടണ്‍ ചരക്കു കയറ്റിയിറക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി ഉപയോഗിച്ചുള്ള ഊര്ജ്ജോല്പ്പാദന കേന്ദ്രവും ഇവിടെയാണ്. ഞങ്ങള്‍ ഒരു തുണ്ടു ഭൂമിയും ചുളുവിലക്കു വാങ്ങി കൂടിയ വിലയ്ക്കു മറിച്ചു വിറ്റു നേട്ടമുണ്ടാക്കിയിട്ടില്ല,” അദാനി പറഞ്ഞു.
1993-ല്‍ ഞങ്ങള്‍ മുണ്ട്രായില് ഭൂമി ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ചിമന് ഭായ് പട്ടേല്‍ ചതുരശ്ര മീറ്ററിന് ഞങ്ങളില്‍നിന്ന് 10 പൈസയാണ് വാങ്ങിയത്. 1995-ല്‍ കേശുഭായ് പട്ടേലിെന്റ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നപ്പോള്‍ ചതുരശ്ര മീറ്ററിന് ഒരു രൂപയാക്കി ഉയര്‍ത്തി. ശങ്കര്‍ സിംഗ് വഗേലയുടെ രാഷ്ട്രീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ 1996 മുതല്‍ 97 വരെ ചതുരശ്ര മീറ്ററിന് വില ഒന്നര രൂപയാക്കിയിരുന്നു. മോദിയുടെ മുഖ്യമന്ത്രിക്കാലത്ത് 5,000 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുത്തത്, അത് ശരാശരി ചതുരശ്ര മീറ്ററിന് 15 രൂപ പ്രകാരമാണ് വില ഈടാക്കിയത്,” ഗൗതം അദാനി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയും എഎപി നേതാവ് കേജ്രിവാളും ഒരേ സ്വരത്തില്‍ മോദി-അദാനി കൂട്ടുകെട്ട് അഴിമതി നടത്തുന്നുവെന്നും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെക്കുറിച്ച് 51 കാരനായ അദാനി പറയുന്നു, എനിക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ താല്പര്യമില്ല, പക്ഷേ യാഥാര്‍ത്ഥ്യം വളച്ചൊടിക്കുന്നതിനാല്‍ ഇതൊന്നും പറയാതെ പറ്റില്ലെന്ന് അദാനി പറഞ്ഞു.
“മോദി 2001-ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായത്. ഞങ്ങള്‍ക്ക് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ഭൂമി അനുവദിച്ചു കിട്ടിയത് 2006-ലാണ്. യുപിഎ സര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക മേഖലാ നയപ്രകാരം സെസ് സ്ഥാപിക്കാനായിരുന്നു ഭൂമി വാങ്ങിയത്. ഞങ്ങള്‍ക്ക് 10,000 ഏക്കറായിരുന്നു വേണ്ടിയിരുന്നത്. പക്ഷേ, 5,000 ഏക്കറേ കിട്ടിയിട്ടുള്ളു. ഞങ്ങള്‍ 20 വര്‍ഷം മുമ്പു വാങ്ങിയ തരിശു നിലത്തിന്റെ വില ചിലര്‍ ഇന്നത്തെ മാര്‍ക്കറ്റു വിലയിട്ട് കണക്കാക്കി വിവാദമുണ്ടാക്കുകയാണ്,” ഗൗതം അദാനി വിശദീകരിക്കുന്നു.
ഗുജറാത്തില്‍ മോദി വ്യവസായികള്‍ക്ക് ഒട്ടേറെ സഹായം ചെയ്യുന്നുണ്ടെന്നു പറഞ്ഞ അദാനി തലവന്‍ പക്ഷേ അതു നയ പരിപാടികളിലൂടെയാണെന്നു പറഞ്ഞു. ” മോദി സര്‍ക്കാര്‍ ആരെയെങ്കിലും സഹായിക്കാന്‍ ഒരു നിയമവും നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: