അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ ജന്മസ്ഥലമായ വഡ നഗറില്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോളൊക്കെ പലരും നിരുത്സാഹപ്പെടു ത്തുകയായയിരുന്നു. മോദിയുടെ പഴയ വീടവിടെയില്ല, ബന്ധുക്കളാരും അവിടില്ല. ചായക്കടയും അടച്ചിട്ടിരിക്കുകയാണ്. എന്നൊക്കെയായിരുന്നു മറുപടി. മലയാളത്തിലെ ചില പ്രമുഖമാധ്യമങ്ങളും ഈ ചിത്രമായിരുന്നു നല്‍കിയത്.
അഹമ്മദാബാദിലെ മലയാളി വ്യവസായിയും ബിജെപി നേതാവുമായ ഹരി പി നായര്‍ മറ്റൊരു ചിത്രമാണ് തന്നത്. തന്റെ സുഹൃത്തും വ്യവസായിയുമായ ഹരി ഉണ്ണിത്താന് വഡനഗറില്‍ സുഹൃത്തുക്കളുണ്ടെന്നും അവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പറഞ്ഞു. ഹരി നായര്‍ യാത്രക്കുള്ള വ്യവസ്ഥ ചെയ്തു.
ഹരി ഉണ്ണിത്താനും സുഹൃത്തുക്കളായ ഹേമന്ത് ഈശ്വര്‍ മോദി, കിരട് അമൃത്ലാല്‍ മോദി എന്നിവര്‍ക്കൊപ്പം അഹമ്മദാബാദില്‍ നിന്ന് രാവിലെ 9.30 ന് യാത്ര തിരിച്ചു, 120 കിലോമീറ്റര്‍ അകലെയുള്ള വഡനഗര് യാത്രയില്‍ രണ്ട് മലയാളി മാധ്യമപ്രവര്‍ത്തകര്‍ കൂടി ഒപ്പം ചേര്‍ന്നു. അഹമ്മദാബാദ് നഗരാതിര്ത്തികടന്ന് ഗാന്ധിനഗറിലേക്ക് പ്രവേശിക്കുമ്പോള്‍ ബിജെപി ഓഫിസ്. ഓഫീസിനു പുറകിലെ മൈതാനത്ത് ചെറിയൊരാളനക്കം. ഹെലികോപ്റ്ററിനടുത്തേക്ക് നടന്നു നീങ്ങുന്ന ആളെ സൂക്ഷിച്ചു നോക്കി. നരേന്ദ്രമോദി. തന്റെ അന്നത്തെ പ്രചാരണത്തിനായി ഹെലിക്കോപ്റ്ററിലേക്ക് കയറുകയാണ്. അംബാജി ഹൈവേയിലൂടെ രണ്ടര മണിക്കുര്‍ യാത്ര ചെയ്ത് വഡനഗറിലെത്തി. ഹൈവേയില്‍നിന്ന് വഡനഗറിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ പുസ്തകം വായിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ശില്പം ആ പ്രദേശത്തിന്റെ സ്വഭാവത്തിലേക്കുള്ള സൂചനയാണ്.
നഗരകവാടത്തിലെ പൗരാണികമായ ഹടേശ്വര്‍ മഹാദേവക്ഷത്രത്തിലേക്കാണ് ആദ്യം ചെന്നത്. സ്വയംഭുവായ ശിവലിംഗം. നൂറ്റാണ്ടിന്റെ പഴക്കം പറയാതെ തന്നെ വ്യക്തമാകുന്ന ശില്പം വൈദഗ്ധ്യം. പൂജാരി ശൈലേഷ് പാണ്ഡ്യക്കും പറയാന്‍ മോദിയെപ്പറ്റിമാത്രം. എട്ട് മാസം മുന്‍പ് മോദി എത്തിയിരുന്നു.
പ്രത്യേക പരിഗണന നല്കി ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്യാന്‍ സൗകര്യം നല്കി. ഇനി പ്രധാനമന്ത്രിയായി എത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍.
ക്ഷേത്രത്തില്‍ നിന്ന് നേരെ വഡനഗര് റയില്‍വേസ്റ്റേഷനിലേക്ക്. മോദി ചായവിറ്റ ചായക്കട കാണാന്‍. റയില്‍വേ സ്റ്റേഷനു സമീപം മോദിയുടെ ബന്ധുവും സുഹൃത്തുമായ ഭരത് ഭായി നരോദ് ദാസ് മോദികാത്തുനില്ക്കുന്നുണ്ടായിരുന്നു. ജന്മഭൂമി ആര്‍എസ്എസ് പത്രമാണെന്ന് അറിയിച്ചതിനെതുടര്‍ന്നാണ് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ഭരത് ഭായി കാത്തുനിന്നത്. വഡനഗര് സ്റ്റേഷനില്‍ മോദിയുടെ അച്ഛന് നടത്തിയിരുന്ന ചായക്കട ചരിത്ര സ്മാരകം പോലെ നില്ക്കുന്നു. അടഞ്ഞുകിടക്കുകയാണ്. റയില്‍വേ പ്രവേശനകവാടത്തിനു മുന്നിലെ ചെറിയ ഇരിമ്പുകടയായിരുന്നു ശരിക്കും മോദിയുടെ അച്ഛനുണ്ടായിരുന്നത്. ട്രെയിന്‍ വരുമ്പോള്‍ മാത്രം സ്റ്റേഷനുള്ളിലെ കടയിലേക്ക് ചായകൊണ്ടുപോകുകയായിരുന്നു. ഇരിമ്പുകട ഇപ്പോള്‍ വേറൊരാളാണ് നടത്തുന്നത്. തൊട്ടടുത്തുതന്നെയാണ് മോദി ഹൈസ്ക്കൂള് വിദ്യാഭാസം പൂര്‍ത്തിയാക്കിയ ഭഗവത് ആചാര്യ നാരായണാചാര്യ സ്ക്കൂള്. മോദി നാടകം കളിച്ച വേദിയും 10 ക്ലാസ് പഠിച്ചമുറിയുമൊക്കെ ഭരത് ഭായി കാട്ടിതന്നു.
കൂട്ടുകാരനായ പ്രതാപ് ഷായ്ക്ക് മോദിയെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവ്. ഞങ്ങള്‍ കൂട്ടുകാര്‍ക്കെല്ലാം അന്നേ നേതാവായിരുന്നു നരേന്ദ്രഭായി. എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്ന കൂട്ടുകാരന്. പ്രതാപ് ഷാ പറയുന്നു. മറ്റൊരു സുഹൃത്തായാ നവീന്‍ ഭായി മോദിക്ക് പറയാനുണ്ടായിരുന്നത് നരേന്ദ്രഭായി വഡനഗറിന്റെ സൗഭാഗ്യം എന്നാണ്. സുഹൃത്തും എബിവിപിയില്‍ സഹപ്രവര്‍ത്തകനുമായ ദസ്റത്ത് ഭായി തന്റെ കൂട്ടുകാരന്റെ പ്രാസംഗികനെന്ന മികവാണ് എടുത്തുപറഞ്ഞത്. നരേന്ദ്ര മോദിയുടെ ദൃഡനിശ്ചയത്തെക്കുറിച്ചായിരുന്നു മറ്റൊരു സുഹൃത്തായ സാമല്ഭായിക്ക് പറയാനുണ്ടായിരുന്നത്.
വഡനഗറിനെ ജലസമൃദ്ധമാക്കുന്ന ശര്‍മിഷ്ഠ നദിക്കരയില്‍ എത്തി. തടാകക്കരയില്‍ മോദി കുട്ടിക്കാലത്ത് അധിക സമയം ചെലവിട്ട ഗ്രന്ഥശാല സജീവതയോടെ ഇപ്പോഴുമുണ്ട്. ചീങ്കണ്ണികളുള്ള തടാകത്തിനു മധ്യത്തില്‍ ചെറിയൊരു സ്തൂപവും ഉള്ളില്‍ സരസ്വതി വിഗ്രഹവും. സ്തൂപത്തിനു മുകളില്‍ കാവി പതാക പാറുന്നു.
75 കാരിയായ സബ്രിബെന് മോദിക്കും നരേന്ദ്രനെക്കുറിച്ച് പറയാനേറെ. ഒഴുക്കിനെതിരെ നീന്തുന്നവനായിരുന്നു അവന്. എല്ലാകരങ്ങള്ക്കും തൊഴില്‍ എല്ലാവീടുകളുലും വെള്ളം എന്ന ദീനദയാല്‍ ഉപാധ്യായുടെ സ്വപ്നം മോദി സാക്ഷാത്ക്കരിക്കും. സബ്രിബെന് പറഞ്ഞു.
മോദിയുടെ എല്‍പി സ്ക്കൂള് അധ്യാപിക ഹീരാബെന്‍ കൊച്ചിലേ മോദി പ്രകടിപ്പിച്ചിരുന്ന മിടുക്കിനെക്കുറിച്ചുതന്നെയാണ് പറഞ്ഞത്. 2005 ല്‍ മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡിന് ഹീരാഹെന് തെരഞ്ഞെടുക്കപ്പെട്ടരിരുന്നു. മുഖ്യമന്ത്രിയായ മോദിക്കു പുറമെ ഗവര്‍ണറും പങ്കെടുത്ത ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. അധ്യാപകരെ സ്റ്റേജിലിരുത്തിയ ശേഷം മോദി സദസ്സിലിരുന്നു. അവാര്‍ഡ് നല്കാന് മാത്രമാണ് സ്റ്റേജിലേക്ക് എത്തിയത്.
ഗുരുക്കന്മാര്ക്കൊപ്പമല്ല താഴെയാണ് ഇരിക്കേണ്ടത് എന്നതായിരുന്നു മോദിയുടെ ചിന്ത. ഇത്രയും വളര്‍ന്നിട്ടും അവന് എന്റെ പഴയ നരേന്ദ്രന് തന്ന. മോദിയുടെ അയല്‍ വാസികൂടിയായ ഹീരാബെന്‍ പറഞ്ഞു.
മോദി താമസിച്ചിരുന്ന വീട്ടില്‍ ഇന്ന് ഒരു ഠാക്കൂര്‍ കുടുബമാണ് താമസിക്കുന്നത്. അവര്‍ക്ക് വീടു വില്‍ക്കുകയായിരുന്നു. മാധ്യമങ്ങള്‍ ആ വീടാണ് മോദിയുടെ വീടായി കാണിക്കുന്നത്. മോദി ജനിച്ച വീട് മറ്റൊന്നാണ്. അതു കാട്ടിത്തരാം. ഭാരത് ഭായി ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മണ്ണുകൊണ്ടുള്ള തനി പഴഞ്ചന്‍ വീട്. മാറാല മെത്തകളും പുതപ്പുകളും വീടിന്റെ മട്ടുപ്പാവില്‍ ഉണങ്ങാനിട്ടിട്ടുണ്ട്. വീടിന്റെ കുറെ ചിത്രങ്ങളെടുത്തു. അവിടെയും ഇപ്പോള്‍ താമസിക്കുന്നത് ഭരത് ഭായിയുടെ വീട്ടിലെത്തി ലഘു ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കൂടുതല്‍ ശാഖകളുള്ള സ്ഥലം കേരളമായിരുന്നിട്ടും എന്തുകൊണ്ട് അവിടെ ബിജെപി ജയിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിനറിയേണ്ടിയിരുന്നത്.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: