അഹമ്മദാബാദ്: ഗുറാത്തില്‍ വോട്ടിംഗ് ശതമാനം കൂടിയത് സമ്പൂര്‍ണ്ണ വിജയം എന്ന ബിജെപി ലക്ഷ്യം സാധ്യമാക്കുമെന്ന് ഉറപ്പാക്കുന്നു. വോട്ടിംഗ് 10 ശതമാനം ഉയര്‍ത്തി 26 സീറ്റും സ്വന്തമാക്കുക യെന്നതായിരുന്നു ബിജെപി പദ്ധതി. കഴിഞ്ഞതവണ 49 ശതമാനമായിരുന്നു ഗുജറാത്തിലെ പോളിംഗ്. ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് 62 ശതമാനമാണ്. മോദി മത്സരിക്കുന്ന വഡോദരയില്‍ റിക്കാര്‍ഡ് പോളിംഗാണ് നടന്നത്. കൂടുതല്‍ പേരെക്കൊണ്ട് വോട്ടു ചെയ്യിപ്പിച്ച് ഭൂരിപക്ഷം ആറു ലക്ഷമാക്കുകയാണ് ഇവിടെ ബിജെപി ലക്ഷ്യം.
അദ്വാനി മത്സരിക്കുന്ന ഗാന്ധിനഗറിലാണ് മോദി വോട്ടു ചെയ്തത്. അദ്വാനിയുടെ മണ്ഡലത്തില്‍ വോട്ട് ചെയ്യാനായത് അനുഗ്രഹമായയതായി മോദി പറഞ്ഞു. അദ്വാനി പഴയ അഹമ്മദാബാദ് മണ്ഡലത്തിലെ ഷഹ്പൂറിലാണ് വോട്ടു ചെയ്തത്. മോദിയുടെ അമ്മ ഹീരാബെന്‍ ഗാന്ധി നഗറിലെ ബൂത്തില്‍ ഓട്ടോറിക്ഷയിലെത്തി വോട്ടു ചെയ്തു മടങ്ങി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷായും ഇവിടെ വോട്ടു ചെയ്തു, മുന്‍ മുഖ്യമന്ത്രിമാരായ കേശുഭായി പട്ടേല്‍ രാജ്കോട്ടും മാധവ സിംങ്ങ് സേളങ്കി ബര്സാദും ശങ്കര്‍ സിംഗ് വഗേല ഗാന്ധിനഗറിലും വോട്ടു ചെയ്തു.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന കാര്യം സുനിശ്ചിതമാണെന്നും ആര്‍ക്കും സംശയം വേണ്ടെന്നും ഭുരിപക്ഷം എത്രയെന്ന് അറിഞ്ഞാല്‍ മതിയെന്നും വോട്ടു ചെയ്ത ശേഷം മോദി മാധ്യമങ്ങളോടു പറഞ്ഞു. മേയ് 16-ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ അക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ ഉടുപ്പില്‍ കുത്തിയിരുന്ന താമര ചിഹ്നം കയ്യിലെടുത്ത് ഉയര്‍ത്തിക്കാട്ടി ആവേശത്തോടെയാണ് മോദി മാധ്യങ്ങളോട് സംസാരിച്ചത്.. തെരഞ്ഞെടുപ്പ് രാജ്യത്തിന് പുതിയ ശക്തി പകരും. പ്രതീക്ഷയുടെ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് അമ്മയും മകനും നയിക്കുന്ന സര്‍ക്കാരിന്റെ അന്ത്യം കുറിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചെന്നും മോദി പറഞ്ഞു.
വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ദല്‍ഹിയിലെ നിര്‍ഭയയെയും രാജ്യത്തെ കോടിക്കണക്കിനു തൊഴില്‍രഹിതരായ യുവാക്കളെയും ആത്മഹത്യചെയ്ത നിരവധി കര്‍ഷകരെയും പാക്കിസ്ഥാന് സൈനികര്‍ തലയറുത്ത ഇന്ത്യന്‍ സൈനികരെയും ആരും മറക്കരുത്. വിലക്കയറ്റം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങി രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാനം കണ്ടെത്തുമെന്നും മോദി വ്യക്തമാക്കി.
താമര ഉയര്‍ത്തിക്കാട്ടിയതിനെതിരെ കോണ്‍ഗ്രസും എഎപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മോദിയുടെ നടപടിക്കെതിരേ തെരഞ്ഞെടുപ്പു ചട്ട ലംഘനത്തിന് പ്രഥമ വിവര റിപ്പോര്‍ട്ട് എടുക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദ പരിശോധനകള്‍ക്കു ശേഷം തുടര്‍ നടപടി കൈക്കൊള്ളും. വോട്ടര്‍മാരെ സ്വാധനിക്കാനാണ് താമര ഉയര്‍ത്തിയതെന്നും ഇത് ചട്ടവിരുദ്ധമെന്നുമാണ് കോണ്‍ഗ്രസ് ഭാഷ്യം. ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകനായ മോദി പാര്‍ട്ടി ചിഹ്നം ഉയര്‍ത്തിക്കാട്ടിയതില്‍ തെറ്റെന്ത് എന്ന മറുചോദ്യമാണ് ബിജെപിയുടെ ഭാഗത്തുനിന്നും. പോളിംഗ് ബൂത്തിനു പുറത്ത് ചിഹ്നം കാട്ടുകയും കൊടുക്കുകയും ചെയ്യാറുണ്ടെന്നും ബിജെപി വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 15 ഉം കോണ്‍ഗ്രസിന് 11 സീറ്റായിരുന്നു. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ട് കോണ്‍ഗ്രസ് സീറ്റ് ബിജെപി തിരിച്ചു പിടിച്ചു. ഗാന്ധിജി ജനിച്ച പോര്ബന്തറാണ് അതിലൊന്ന്. ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച വിതല്‍ റഡാഡിയ എംപിസ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിതല്‍ തന്നയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. സോമനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന വിരാവട് മണ്ഡലത്തെ പ്രതി നിധീകരിക്കുന്നത് കോണ്‍ഗ്രസാണ്. പോര്‍ബന്ദര്‍ തിരിച്ചു പിടിക്കാന്‍ കോണ്‍്ഗ്രസും വിരാവട് സ്വന്തമാക്കാന്‍ ബിജെപിയും പരമാവധി പ്രവര്‍ത്തനം നടത്തിയിരുന്നു. ഗോധ്ര ഉള്‍പ്പെടുന്ന പഞ്ചമഹല്, കോണ്‍ഗ്രസ് അധ്യക്ഷന്‍ ശങ്കര്‍സിങ് വഗേല മത്സരിക്കുന്ന സബര്‍കാന്ത,സിനിമാതാരം പരേഷ് റാവല്‍ #ിജെപി ടുക്കറ്റില് മത്സരിക്കുന്ന അഹമ്മദബാദ് ഈസ്സ് എന്നിവയാണ് മറ്റ് പ്രധാന മണ്ഡലങ്ങള്‍.
മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുഴുവന്‍ സീറ്റ് നേടുകയും ഗുജറാത്തില്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ മോദിയെ മോശക്കാരനാക്കാനാകും എന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ട്. അതിനാല്‍ നാലു സീറ്റെങ്കിലും നേടി സംസ്ഥാനത്ത് പാര്‍ട്ടിയുണ്ടെന്നു വരുത്താനാണ് കോണ്‍ഗ്രസ് ശ്രമം. തുടരെ തുടരെ തോല്‍വിയാണെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറ പൂര്‍ണമായും തകര്‍ന്നിട്ടില്ല. ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും പാര്‍ട്ടി ശൃംഖല സജീവമാണ് എന്നതാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
രാജ്യം മുഴുവന്‍ അലയടിച്ച മോദിതരംഗത്തില് ഗുജറാത്തിലെ പ്രവര്‍ത്തകര്‍ ആവേശംകൊണ്ടെങ്കിലും അമിത ആത്മവിശ്വാസം മൂലം പ്രവര്‍ത്തന രംഗത്ത് അലസത കാട്ടി എന്ന് ബിജെപി നേതാക്കള്‍തന്നെ പറയുന്നുണ്ട്. അവസാന ദിവസങ്ങളില്‍ മോദി സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് ഇതു മറികടക്കാനാകുമെന്നും അവര്‍ പറഞ്ഞു. 100 ദിവസത്തിനിടയില്‍ 18 മണിക്കൂര്‍ മാത്രമാണ് തനിക്ക് ഗുജറാത്തില്‍ പ്രചരണം നടത്താനന്‍ സാധിച്ചുള്ളൂവെന്ന് മോദി ഇന്നലെ വോട്ടു ചെയ്തശേഷം പറഞ്ഞിരുന്നു.
ഒരുകാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുവന്നപ്പോള്‍ പോളിംഗ് ശതമാനം 60 കടന്ന ഗുജറാത്തിനെ പ്രതിനിധീകരിക്കാന്‍ ലോക്സഭയില്‍ കോണ്‍ഗ്രസുകാര്‍ കാണുമെന്ന് അവര്‍ക്കും ഉറപ്പിച്ചു പറയാനാവുന്നില്ല.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: