ന്യൂദല്‍ഹി: രാജ്യത്തലയടിക്കുന്ന മോദി തരംഗത്തില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ഒടുവില്‍ പരസ്യമായി സമ്മതിച്ചുതുടങ്ങി. ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചത് ഇതിന്റെ ഭാഗമാണ്. ഏപ്രില്‍ 24, 30 തീയതികളില്‍ നടന്ന രണ്ടു ഘട്ടങ്ങളാണ് സമ്പൂര്‍ണ്ണ പരാജയമാണ് കാത്തിരിക്കുന്നതെന്ന ബോധ്യം കോണ്‍ഗ്രസ് കേന്ദ്രങ്ങളിലുണ്ടാക്കിയത്. ബിജെപിക്ക് വന്‍ നേട്ടമാണ് രണ്ടുഘട്ടങ്ങളിലെ 200 സീറ്റുകളിലുമായി ലഭിക്കുകയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മെയ് 7, 12 തീയതികളിലെ മണ്ഡലങ്ങളില്‍ നേരിയ പ്രതീക്ഷ പോലും കോണ്‍ഗ്രസിനില്ല താനും.
അവസാന രണ്ടു ഘട്ടത്തിലേക്ക് കടക്കുംമുമ്പുതന്നെ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ തോല്‍വി സമ്മതിച്ചത് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെങ്കിലും വലിയ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുകയെന്ന് അവരും സമ്മതിക്കുന്നു. ആസന്നമായ തോല്‍വിക്കു മുന്നോടിയായി ആഭ്യന്തര പ്രശ്നങ്ങളും പാര്‍ട്ടിയില്‍ രൂക്ഷമായിട്ടുണ്ട്. മൂന്നാംമുന്നണിക്ക് പിന്തുണ നല്കാന് തയ്യാറാണെന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ നിലപാടിനെ എതിര്‍ത്ത് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്.
ഇതോടെ മൂന്നാംമുന്നണിക്കു പിന്തുണ നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും മൂന്നാംമുന്നണിയെന്നത് വെറും സാങ്കല്പ്പികം മാത്രമാണെന്നും അഹമ്മദ് പട്ടേലിന് തിരുത്തേണ്ടിവന്നു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മാത്രമാണ് പ്രചാരണ രംഗത്തുണ്ടായിരുന്നത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ധനമന്ത്രിയും അടക്കം മാറിനില്‍ക്കുകയാണ്. ഇതോടെയാണ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പ്രതിപക്ഷ ബെഞ്ചിലിരിക്കുമെന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചിരിക്കുന്നത്.
വാരാണസിയിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ഏപ്രില്‍ 22ല്‍ നിന്നും 117 സീറ്റുകളില്‍ വോട്ടിംഗ് നടക്കുന്ന 24ലേക്ക് നരേന്ദ്രമോദി മാറ്റിയതും 87 സീറ്റുകളില്‍ വോട്ടിംഗ് നടന്ന ഏപ്രില്‍ 30ന് താമര ചിഹ്നം ഉയര്‍ത്തിക്കാട്ടി മോദി ശ്രദ്ധനേടിയതും ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഈ രണ്ടു നിര്‍ണ്ണായക ദിനങ്ങളിലും രാജ്യമെങ്ങും നരേന്ദ്രമോദിയെപ്പറ്റി മാത്രമാണ് ചര്‍ച്ച ചെയ്തത്. മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ മാറ്റാന്‍ ശ്രമിക്കാതെ അറിഞ്ഞോ അറിയാതെയോ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗഭാക്കായി കോണ്‍ഗ്രസ് നേതാക്കളും മാറി.
അവസാന രണ്ടു ഘട്ടങ്ങളിലെ ഭൂരിപക്ഷം സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസിന് വലിയ സ്വാധീനമില്ലാത്ത ബംഗാളിലുള്‍പ്പെടെ ബിജെപിക്ക് വലിയ നേട്ടമുണ്ടാകുമെന്നാണ് സൂചന. തന്റെ പരാജയം നേരത്തെ പ്രഖ്യാപിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതുള്പ്പെടെ കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചുതുടങ്ങിയതിന്റെ വ്യക്തമായ അടയാളങ്ങള്‍ പുറത്തായിത്തുടങ്ങിയിട്ടുണ്ട്. ജാംനഗറിലെ സ്ഥാനാര്‍ത്ഥി വിക്രം മാദമാണ് 30,000 വോട്ടുകള്‍ക്ക് താന്‍ പരാജയപ്പെടുമെന്ന് വെളിപ്പെടുത്തി പാര്‍ട്ടിയെ നാണക്കേടിലെത്തിച്ചിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: