ബീഹാറിന്റെ തലസ്ഥാനമായ പാട്നയില്‍ നിന്നും 18 കിലോമീറ്ററുണ്ട് ലോക്ജനശക്തി നേതാവ് രാവിലാസ് പാസ്വാന് മത്സരിക്കുന്ന ഹാജിപ്പൂരിലേക്ക്. നദിക്കു കുറുകെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാഗാന്ധിസേതു കടന്നുള്ള യാത്ര. 1982ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാഷ്ട്രത്തിനു സമര്‍പ്പിച്ച ഗംഗാനദിക്കു കുറുകേയുള്ള ഈ പാലത്തിന്റെ നീളം 5,575 മീറ്ററാണ്. പതിനഞ്ചുമിനുറ്റോളം വേണ്ടിവന്നു ഹാജിപ്പൂരിനെ പാട്നയുമായി ബന്ധിപ്പിക്കുന്ന ഈ പാലം മറികടക്കാന്‍. ഹാജിപ്പൂരിലെ ദസേറിയെന്ന ഗ്രാമത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പാസ്വാനെ കാണുകയായിരുന്നു ലക്ഷ്യം.
ജയപ്രകാശ് നാരായണന്റെ പിന്മുറക്കാരനായ രാംവിലാസ് പാസ്വാന് 1974ല്‍ ഹാജിപ്പൂരെന്ന സംവരണ മണ്ഡലത്തില്‍ നിന്നും സയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ചു കയറുമ്പോള്‍ 28 വയസ്സായിരുന്നു. പിന്നീട് ആറു വട്ടം കൂടി പാസ്വാന് ഇവിടെ വിജയിച്ചു. 1989ല്‍ അഞ്ചുലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം നേടി റെക്കോര്‍ഡുമിട്ടു. ബീഹാര്‍ രാഷ്ട്രീയത്തില്‍ ദളിതരുടേയും മറ്റു പിന്നോക്ക വര്‍ഗ്ഗക്കാരുടേയും മുസ്ലിങ്ങളുടേയും പിന്തുണ രാംവിലാസ് പാസ്വാനോടൊപ്പം മിക്ക തെരഞ്ഞെടുപ്പുകളിലും ഉണ്ടായിരുന്നു. അതിനല്‍പ്പമെങ്കിലും ഇടിവുണ്ടായത് ബിജെപി-ജെഡിയു സഖ്യം രൂപീകൃതമായതോടെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം മൂന്ന് എംഎല്‍എമാരായി എല്‍ജെപിയുടെ നിയമസഭയിലെ സംഖ്യ കുറഞ്ഞതിന്റെ പ്രധാന കാരണം ജെഡിയു-ബിജെപി സഖ്യത്തിന്റെ പ്രകടനമാണ്.
ഇത്തവണ പക്ഷേ ബിജെപിയുമായി സഖ്യമുണ്ടാക്കാനായതിന്റെ പ്രയോജനം രാംവിലാസ് പാസ്വാനും എല്‍ജെപിക്കും ലഭിക്കുമെന്നുറപ്പായിക്കഴിഞ്ഞു. നരേന്ദ്ര മോദി പ്രശ്നത്തില്‍ സഖ്യമുപേക്ഷിച്ച ജെഡിയുവിനു പകരമായി എല്‍ജെപി ബിജെപിയോടൊപ്പം ചേര്‍ന്നതോടെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാകുമെന്നാണ് പാസ്വാന്റെ പ്രതീക്ഷ. മുസ്ലിം, ദളിത്, പിന്നാക്ക വോട്ടുബാങ്ക് ബിജെപി-എല്‍ജെപി സഖ്യത്തിന് ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. നരേന്ദ്രമോദിയെന്ന ദളിത് നേതാവിനെയാണ് പിന്തുണയ്ക്കുന്നതെന്നും പിന്നാക്കക്കാരുടെ വികസനത്തിന് മോദിയും പാസ്വാനും അധികാരത്തിലെത്തണമെന്നുമുള്ള സന്ദേശമാണ് എല്ജെപിക്കാര് ഹാജിപ്പൂരിലെ വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്.
വൈകിട്ട് നാലു മണിയോടെ പാസ്വാനെയുംകൊണ്ട് ഹെലികോപ്റ്റര്‍ ദസേറിയിലെ പൊതുപരിപാടി നടക്കുന്ന സ്ഥലത്തിനു സമീപത്തെ മൈതാനത്തെത്തിയപ്പോള്‍ നൂറുകണക്കിന് ഗ്രാമീണര്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ഹെലികോപ്റ്ററില്‍നിന്നും നേരെ പൊതുയോഗം നടക്കുന്ന മൈതാനത്തേക്ക്. സ്റ്റേജില്‍ പ്രസംഗിക്കുന്നത് ബിജെപിയുടെ ഹാജിപ്പൂര്‍ ജില്ലാ പ്രസിഡന്റ്. പാസ്വാന്റെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികള്‍ ഇത്തവണ സംഘടിപ്പിക്കുന്നത് ബിജെപിയാണെന്ന് പാട്നയിലെ എല്‍ജെപി ഓഫീസില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്. പാസ്വാന്റെ പരിപാടികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നതു പോലും ബിജെപിയുടെ ലെറ്റര്‍ ഹെഡിലാണ്. ബീഹാറിലെ 40 ലക്സഭാ സീറ്റുകളില്‍ ബഹുഭൂരിപക്ഷവും നേടണമെന്നതിന്റെ അടിസ്ഥാനത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തുന്ന ബിജെപി പാസ്വാന്റെ പിന്നാക്ക-ന്യൂനപക്ഷ പിന്തുണ കൂടുതല്‍ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജനതാദള്‍ നേതാക്കളുടെ പൊതു രീതിയില്‍ ആളുകളോട് വര്‍ത്തമാനം പറഞ്ഞുകൊണ്ടുള്ള പ്രസംഗ രീതി തന്നെയാണ് പാസ്വാനും. എന്‍ഡിഎ മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ ഹാജിപ്പൂരിന് കൊണ്ടുവന്ന വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി തുടക്കം. വികസന പദ്ധതികള്‍ എത്തിയതോടെ പാട്നയേക്കാള് ഹാജിപ്പൂരിലെ ഭൂമിവില പോലും വര്‍ദ്ധിച്ചെന്ന് പാസ്വാന് പറഞ്ഞു. മോദിയുടെ ഭരണത്തിന് കീഴില്‍ ഗുജറാത്ത് വികസിച്ചു. ജനങ്ങള്‍ക്ക് വേണ്ടത് വികസനമാണ്. ഗുജറാത്തുപോലെ ബീഹാറും വികസനരംഗത്തേക്ക് മാറ്റപ്പെടേണ്ടതുണ്ട്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ മുസ്ലിം സമൂഹത്തിനുള്‍പ്പെടെ വികസനം കൊണ്ടുവരാന്‍ വാജ്പേയി നിര്ദ്ദേശിച്ചതിനുസരിച്ച് സാധിച്ചു. രാജ്യത്തെ മുസ്ലിങ്ങള്‍ക്ക് വാജ്പേയി ഭരണത്തില്‍ ഗുണമല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ മുസാഫിര്‍നഗര്‍ കലാപമുള്‍പ്പെടെ നടന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം ഹാജിപ്പൂരിന് വികസന മുരടിപ്പായിരുന്നു. ജെഡിയു നേതാവും മുന്‍ സഹപ്രവര്‍ത്തകനുമായിരുന്ന രാംസുന്ദര്‍ ദാസിനോട് 2009ല്‍ 37,954 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതിനെ പാസ്വാന് വിശേഷിപ്പിച്ചതിങ്ങനെ.
ബിജെപി സഖ്യം എല്‍ജെപിക്ക് പ്രയോജനം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്കാന് അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിനു ശേഷം വേദിയില്‍ നിന്നിറങ്ങിയ പാസ്വാന് മടിച്ചില്ല. ഭൂരിപക്ഷം സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് പാസ്വാന് ഉറപ്പാണ്. ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരില്‍ എല്‍ജെപിയില്‍ അപസ്വരങ്ങളുണ്ടല്ലോയെന്ന ചോദ്യത്തിന് ഇത്തരം കാര്യങ്ങളെല്ലാം പരിഗണിച്ചുതന്നെയാണ് സഖ്യമുണ്ടാക്കിയതെന്ന് മറുപടി. ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നതു മാത്രമാണെന്നുകൂടി കൂട്ടിച്ചേര്‍ത്ത് പാസ്വാന് വീണ്ടും ഹെലികോപ്റ്ററിലേക്ക്. അന്നത്തെ ഏഴാമത്തെ പരിപാടിയാണ് ദസേറിയില് നടന്നത്. ഇനിയും രണ്ട് പൊതുപരിപാടി കൂടി ബാക്കിയുണ്ട്. ജമുവ മണ്ഡലത്തില്‍ മത്സരിച്ച മകന് ചിരാഗ് പാസ്വാന് പൂര്‍ണ്ണ സമയവും ഹാജിപ്പൂരില്ത്തന്നെയുണ്ട്. ജമുവയിലെ തെരഞ്ഞെടുപ്പ് 24ന് പൂര്‍ത്തിയായിരുന്നു. ഹാജിപ്പൂരില്‍ മെയ് എഴിനാണ് വോട്ടെടുപ്പ്.
ഒരിക്കല്‍ നഷ്ടപ്പെട്ട സ്വന്തം മണ്ഡലം തിരിച്ചു പിടിക്കുക മാത്രമല്ല രാംവിലാസ് പാസ്വാന്റെ ലക്ഷ്യം. നഷ്ടപ്പെട്ട പിന്നോക്ക, ദളിത്, മുസ്ലിം വോട്ടുബാങ്ക് വീണ്ടും തന്നിലക്ക് തിരിച്ചെത്തിക്കുക എന്നതു കൂടിയാണ്. സുശീല്‍കുമാര്‍ മോദിയെന്ന സര്‍വ്വസമ്മതനായ നേതാവിന്റെ നേതൃത്വത്തില്‍ ബീഹാറില്‍ മത്സരിക്കുന്ന ബിജെപിയുമായുള്ള സഖ്യം ഇക്കാര്യത്തില്‍ തന്നെ സഹായിക്കുമെന്നു തന്നെയാണ് പാസ്വാന്റെ വിശ്വാസം.
ഹാജിപ്പൂരില്‍ നിന്നും എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: