ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ ആദ്യ ലോക റെക്കോര്‍ഡ് പിറന്നു. പുരുഷന്മാരുടെ 56 കി.ഗ്രാം ഭാരോദ്വഹനത്തിലാണ് പുതിയ റെക്കോര്‍ഡ് പിറവിയെടുത്തത്. ഉത്തര കൊറിയയുടെ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ ഒം യുന്‍ ചോലാണ് 170 കി.ഗ്രാം ഉയര്‍ത്തി ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. തന്റെ തന്നെ പേരിലുള്ള 169 കി.ഗ്രാമിന്റെ റെക്കോര്‍ഡാണ് ഇന്നലെ തകര്‍ത്തത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും സ്നാച്ചിലുമായി മൊത്തം 298 കിലോ ഉയര്‍ത്തിയ യുന്‍ ചോല് പുതിയ ഏഷ്യന്‍ റെക്കോഡും സൃഷ്ടിച്ചു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ അവസാന ശ്രമത്തിലാണ് യുന്‍ ചോല് റെക്കോഡ് സ്വന്തമാക്കിയത്. സ്നാച്ചില്‍ യുന്‍ ചോല് 128 കിലോയാണ് ഉയര്‍ത്തിയത്.
സ്നാച്ചില്‍ 134 കിലോ ഉയര്‍ത്തിയ വിയറ്റ്നാമിന്റെ കിം തുവാന് താച്ച് പുതിയ ഏഷ്യന്‍ റെക്കോഡിട്ടു. 294 കിലോ ഉയര്‍ത്തി കിം തുവാന് വെള്ളിയും 288 കിലോ ഉയര്‍ത്തിയ ചൈനയുടെ യു
ജിങ്ബിയാവോ വെങ്കലവും നേടി.
എന്നാല്‍ ഇന്ത്യക്ക് ഈയിനത്തില്‍ നിരാശപ്പെടേണ്ടിവന്നു. ഇക്കഴിഞ്ഞ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ താരം സുഖന് ഡേക്ക് സ്നാച്ചില്‍ 106ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 136 കിലോയുമാണ് ഉയര്‍ത്തിയത്.
വനിതാ വിഭാഗത്തിലും ഇന്ത്യക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞില്ല. 48 കി.ഗ്രാം വിഭാഗത്തില്‍ മത്സരിച്ച സായിഖോം മീരാഭായി ചനു ഒമ്പതാം സ്ഥാനത്തും സഞ്ജിത ഖുമുക്ചനു പത്താം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ ജേതാക്കളായിരുന്നു ഇരുവരും.
















