തിരുവനന്തപുരം: കള്ളപ്പണം ഉള്ളവര്‍ക്കുമാത്രമേ ഇക്കാലത്ത് സിനിമ എടുക്കാനാകൂ എന്ന അവസ്ഥയിലാണ് ഇന്നത്തെ സിനിമ എത്തിനില്കുന്നതെന്ന് സംവിധായകനും നിര്‍മ്മാതാവുമായ അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ടാക്സി ഡ്രൈവര്‍മാരെക്കൊണ്ട് അവരുടെ നിയന്ത്രണത്തില്‍ സംവിധായകര്‍ സിനിമ എടുക്കേണ്ട അവസ്ഥയാണ്. ബിജെപിയുടെ കലാസാംസ്കാരിക വിഭാഗത്തിന്റെ സിനിമാ നാടക ടെലിവിഷന്‍ പരിപാടിയായ ഉണര്‍വിന്റെ ‘മലയാള സിനിമ ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാര്‍ വിജെടി ഹാളില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറിയ മുതല്‍മുടക്കുള്ള സിനിമകളെയെങ്കിലും യൂണിയനുകളുടെ നൂലാമാലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടെക്നോളജി നന്നായി അറിയാത്തവരാണ് ഇന്ന് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കുരങ്ങന്റെ കൈയില്‍ കിട്ടിയ പൂമാലപോലെയാണ് ചിലര്‍ ആധുനിക മികവുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നത്. തീയേറ്ററുടമകള്‍ സിനിമകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന പ്രവണത മാറിയേതീരൂ. കലാമൂല്യമുള്ള, അംഗീകാരങ്ങള്‍ ലഭിക്കുന്ന സിനിമകള്‍ക്ക് സര്‍ക്കാര്‍ സബ്സിഡിനല്‍കണം. മഹാരാഷ്ട്രയിലെയും കര്‍ണ്ണാടകത്തിലെയും സിനിമകള്‍ വളരുന്നത് ഇതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി സിനിമകളെ അടിസ്ഥാനമാക്കി നടത്തുന്ന നിയമനിര്മ്മാണരീതിക്ക് മാറ്റംവരണമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. മദ്യവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണെന്ന് സിനിമയില്‍ എഴുതിക്കാണിക്കുന്ന കീഴ്വഴക്കം മാറ്റേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണചുമതല സിനിമാക്കാരുടെ ചുമലില്‍ നിന്ന് എടുത്തുമാറ്റുകതന്നെ വേണം.
മലയാള സിനിമയുടെ അതികായനായിരുന്ന പി. സുബ്രഹ്മണ്യം മലയാള സിനിമയ്ക്ക് ഒരു മേല്‍വിലാസം നല്കി. തുടര്‍ന്ന് കുഞ്ചാക്കോയുടെ ഉദയാസ്റ്റുഡിയോ വന്നു. അരവിന്ദന്, ജോണ്‍ എബ്രഹാം, രാമു കാര്യാട്ട്, പി.എ. മേനോന് തുടങ്ങിയവര്‍ മലയാള സിനമയുടെ നെടുംതൂണായി മാറി. എന്നാല്‍ ഇന്ന് എടുത്തുപറയത്തക്ക സംവിധായകരില്ല. എന്നാല്‍ വിപിന്‍ വിജയന് കലാമൂല്യമുള്ള സിനിമ ചെയ്തു. എന്‍പി. സുകുമാരന്‍ നായരുടെ ജലാംശം എന്ന സിനിമയും എടുത്തുപറയാവുന്നതാണ്. നിരൂപകരും ചാനലും നിര്‍മ്മാതാക്കളും ഇവര്‍ക്കെതിരെ മുഖംതിരിഞ്ഞുനില്‍ക്കുന്നു. നടന്റെയും നടിയുടെയും മുഖം നോക്കി മാത്രമാണ് ന്യൂ ജനറേഷന് സിനിമകള്‍ വരുന്നത്. എന്നെപ്പോലുള്ള സംവിധായകര്‍ക്ക് ഇന്ന് വലിയ പ്രതീക്ഷകളില്ല. പഠിച്ചതൊഴില്‍ എന്ന നിലയ്ക്ക് കൂരിരുട്ടിലേക്കും പടുകുഴിയിലേക്കും എടുത്തുചാടി കൈകാലിട്ടടിക്കുകയാണ് പല സംവിധായകരുമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
ന്യൂ ജനറേഷന് സിനിമകള്‍ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്നത് പ്രതീക്ഷയ്ക്ക് വകനല്കുന്നതായി അദ്ധ്യക്ഷതവഹിച്ച സംവിധായകന് വിജി തമ്പി പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കാവശ്യമായ സിനിമാ വെല്‍ഫെയര്‍ ആനുകൂല്യം, സര്‍വീസ് ടാക്സ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചചെയ്തു.
ഈചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചര്‍ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന് നിവേദനമായി സമര്‍പ്പിച്ചു. ചര്‍ച്ചയില്‍ സിനിമാ, സീരിയല്‍ രംഗത്തെ നിര്‍മ്മാതാക്കളും സംവിധായകരുമായ ജി. സുരേഷ്കുമാര്‍, ജി.എസ്. വിജയന്, കല്ലിയൂര്‍ ശശി, ഭാഗ്യലക്ഷ്മി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്ത്തികേയന് തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. മധു ഇറവങ്കര മോഡറേറ്ററായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: