കൊച്ചി: ഐഎസ്എല്‍ ടീം സച്ചിന് ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ലോഗോ പുറത്തിറക്കി. തുമ്പിക്കൈയില്‍ ഫുട്ബോളേന്തിയ കൊമ്പന് ആനയാണ് ടീമിന്റെ ഔദ്യോഗിക ലോഗോ.
സച്ചിന്റെ അഭാവത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പരമ്പരാഗത കേരളീയ ശൈലിയില്‍ കസവു കരയുള്ള മുണ്ടും മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ടും അണിഞ്ഞാണ് ടീം അംഗങ്ങള്‍ പ്രകാശന ചടങ്ങിന് എത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ മാനേജരും ടീമിന്റെ മാര്‍ക്കി താരവുമായ ഡേവിഡ് ജെയിംസ്, പ്രീമിയര്‍ ലീഗ് ടീം ന്യൂകാസില്‍, സണ്ടര്‍ലാന്റ്, കാര്‍ഡിഫ് സിറ്റി എന്നീ ക്ലബുകള്‍ക്ക് വേണ്ടി കളിച്ച ഇന്ത്യന്‍ വംശജന് മൈക്കിള്‍ ചോപ്ര, ടീം കോച്ച് ട്രവര്‍ മോര്ഗന്, മലയാളി താരങ്ങളായ സുശാന്ത് മാത്യു, സി.എസ്. സബിത്ത് തുടങ്ങി 21 താരങ്ങളും വേദിയിലെത്തി.
ടീം ഉടമകളായ പിവിടി വെഞ്ചേഴ്സ് ചെയര്മാന് പ്രസാദ് പി. പോട്ലൂരി, കൊച്ചി മേയര്‍ ടോണി ചമ്മിണി, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, മുന്‍ രാജ്യാന്തര താരങ്ങളായ ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
പ്രമുഖ ഡിസൈന്‍ നിര്‍മാതാക്കളായ ബ്രാഷ് ബ്രാന്‍ഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ലോഗോ തയ്യാറാക്കിയത്. മരടിലെ ഒരു സ്വകാര്യ ഹോട്ടലിലാണ് പ്രകാശന ചടങ്ങ് നടന്നത്. ചടങ്ങിന് ശേഷം കാമറകള്‍ക്ക് മുന്നില്‍ മുണ്ടുടുത്ത് താരങ്ങള്‍ ഉച്ചവെയിലില്‍ പന്തു തട്ടാനുമിറങ്ങി.
















