മുംബൈ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് ദുംഗയെ തിരിച്ചുവിളിക്കേണ്ടിയിരുന്നില്ലെന്ന് ഇതിഹാസ താരം സീക്കോ. ഒരു പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഐഎസ്എല്‍ ടീം എഫ്‌സിഗോവയുടെ കോച്ചുകൂടിയായ സീക്കോയുടെ അഭിപ്രായപ്രകടനം.
ബ്രസീലിയന്‍ ഫുട്‌ബോള്‍ പ്രതിസന്ധിയിലാണ്. അതു സ്വയം അടിമുടി മാറ്റത്തിനു വിധേയമാകണം. ഫുട്‌ബോള്‍ ഫെഡറേഷനാണ് പ്രശ്‌നം. അതൊരു സൗഹൃദ ക്ലബ്ബുപോലെയാണ്. ഒരേ ആള്‍ക്കാര്‍ തന്നെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ദുംഗയോട് യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന് ആശംസകള്‍. പക്ഷേ, നാലുവര്‍ഷം അവസരം ലഭിച്ചശേഷം ലോകകപ്പില്‍ തോറ്റ ഒരു പരിശീലകന് രണ്ടാംവരവിന് സാധിച്ചെന്നത് അപൂര്‍വ്വമാണ്. ഇതു വളരെ നിരാശാജനകം, സീക്കോ പറഞ്ഞു.
ബ്രസീലിലെ ഒരു ക്ലബ്ബിനെയും ഞാന്‍ കളി പഠിപ്പിക്കില്ല. കാരണം ഫ്‌ളെമെംഗോയുമായി ആത്മബന്ധമുണ്ട്. അവര്‍ക്കെതിരെ കളിക്കുന്ന ഒരു ടീമിനെ പരിശീലിപ്പിക്കാന്‍ ആവില്ല. സ്വന്തം മണ്ണില്‍ കോച്ചിന്റെ റോള്‍ കൈയാളാത്തതിനാല്‍ തന്നെ ബ്രസീല്‍ ടീമിനെ പരിശീലിപ്പിക്കാന്‍ തുനിയുന്നതും ശരിയല്ല.
ഇന്ത്യയില്‍ ഇതുവരെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. ജപ്പാന്‍, ഗ്രീസ്, തുര്‍ക്കി, ഇറാഖ്, റഷ്യ, ഉസ്‌ബെക്കിസ്ഥാന്‍ എന്നിങ്ങനെ വ്യത്യസ്ത രാജ്യങ്ങളില്‍ ജീവിച്ചിട്ടുണ്ട്. ഇന്ത്യയും രസകരമായ ഇടം, അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ഫുട്‌ബോളിനെ പ്രൊഫഷണല്‍ ആക്കിമാറ്റുകയാണ് മുന്നിലെ പ്രധാന ദൗത്യം. പ്രൊഫഷണല്‍ എന്നാല്‍ നന്നായി ഫുട്‌ബോള്‍ കളിക്കുകയെന്നതു മാത്രമല്ല.
ആരോഗ്യം സംരക്ഷിക്കുകയും കഠിനമായി പരിശീലിക്കുകയും കൂടിവേണം. അതാണു വലിയ വെല്ലുവിളി. കളിക്കാര്‍ക്ക് എന്താണു വേണ്ടതെന്നു മനസിലാക്കേണ്ടതുണ്ട്.
ഭാവിയിലേക്ക് എങ്ങനെ തയ്യാറെടുക്കണമെന്ന് താരങ്ങളും തിരിച്ചറിയണം. എന്നെ സംബന്ധിച്ചടത്തോളം ഇന്ത്യയില്‍ വന്ന് ഒരു ട്രോഫി നേടിയെന്നതു വലിയ മാറ്റമൊന്നുമല്ല.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്ക് സഹായിക്കുമ്പോഴും അതിനെ പ്രൊഫഷണലാക്കുമ്പോഴുമാണ് കാര്യങ്ങള്‍ വ്യത്യസ്തമാകുന്നത്. അതു ചെയ്യാനാവുമെങ്കില്‍ വലിയ സന്തോഷം ലഭിക്കും. ജീവിതത്തില്‍ എല്ലാം സാധ്യം. വിജയതൃഷ്ണയാണ് പ്രധാനം. കളിയെ വികസിപ്പിക്കാനുള്ള മനസാണ് ഇന്ത്യയ്‌ക്ക് വേണ്ടത്.
സംസ്‌കാരവുമായി ഫുട്‌ബോള്‍ ഏറെ അടുത്തുനില്‍ക്കുന്നു. രാജ്യസംസ്‌കാരവുമായി ഫുട്‌ബോള്‍ സംസ്‌കാരം ഇഴചേര്‍ന്നില്ലെങ്കില്‍ പ്രതിഭയുള്ള കളിക്കാരെയും നല്ല ടീമുകളെയും സൃഷ്ടിക്കുക പ്രയാസം, ഇന്ത്യ എന്നെങ്കിലും ലോകകപ്പ് കളിക്കുമോയെന്ന ചോദ്യത്തിന് ഉത്തരമായി സീക്കോ വിലയിരുത്തി.
















