സോള്‍: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ വേദികള്‍ക്കരുകിലെ തെരുവുകളില്‍ നിന്ന് സംഘാടകര്‍ നീക്കം ചെയ്തു. ഉത്തര കൊറിയന്‍ ദേശീയ പതാകയുടെ സാന്നിധ്യം പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതിയെ തുടര്‍ന്നാണ് നടപടി.
മറ്റു ദേശീയ പതാകകള്‍ക്കൊപ്പം ഉത്തരകൊറിയയുടെ പതാകയും പിന്‍വലിക്കാന്‍ നമ്മള്‍ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എല്ലാ പതാകകളും നീക്കം ചെയ്തുകഴിഞ്ഞു, സംഘാടക സമിതി വക്താവ് വെളിപ്പെടുത്തി. ഇഞ്ചിയോണിലെ പ്രധാന സ്റ്റേഡിയം, നീന്തല്‍ക്കുളം, വടക്കന്‍ സോളിലെ ഗൊയാങ്ങിലെ ഫുട്‌ബോള്‍ സ്റ്റേഡിയം എന്നിവയ്‌ക്കു പുറത്താണ് ദേശീയ പതാകകള്‍ കെട്ടിയിരുന്നത്.
അതു ശ്രദ്ധിച്ച ഉത്തരകൊറിയന്‍ വിരുദ്ധ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രാദേശിക ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തര കൊറിയയുടെ പതാകകള്‍ നശിപ്പിക്കപ്പെടുമോയെന്ന് അധികൃതരില്‍ ആശങ്ക ഉടലെടുത്തു.
2002ലെ ബുസാന്‍ ഗെയിംസിനിടെയും ഉത്തര കൊറിയന്‍ പതാക നശിപ്പിക്കപ്പെട്ടിരുന്നു. ആ തിരിച്ചറിവും അടിയന്തര നടപടി സ്വീകരിക്കാന്‍ സംഘാടകരെ പ്രേരിപ്പിച്ചു. സംഭവത്തെപ്പറ്റി ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
















