ന്യൂദല്‍ഹി: അന്താരാഷ്ട്ര വേദികളിലടക്കം രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് മോശം പശ്ചാത്തലം ഒരുക്കുന്നതില്‍ കുപ്രസിദ്ധമാണ് ഇന്ത്യ. ഇക്കുറിയും ആ പതിവു തെറ്റിയില്ല. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി തയ്യാറെടുത്ത താരങ്ങള്‍ക്ക് വിളമ്പിയത് വൃത്തിഹീനമായ ഭക്ഷണം. വനിതാ ബോക്സര്‍മാര്‍, സൈക്ലിസ്റ്റുകള്‍, ജിംനാസ്റ്റിക് താരങ്ങള്‍ എന്നിവര്‍ക്കാണ് ദുരനുഭവമുണ്ടായത്. താരങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കുന്നതായിരുന്നു സംഭവം.
ഇഞ്ചിയോണിലേക്ക് പുറപ്പെടും മുന്‍പ് ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്പോര്‍ട്സ് കോംപ്ലക്സില്‍ താരങ്ങള്‍ ക്യാംപ് ചെയ്തിരുന്നു. അവിടത്തെ മെസിലാണ് വൃത്തിഹീനമായ ഭക്ഷണം വിതരണം ചെയ്തത്. അടുക്കളയില്‍ പാറ്റകളെക്കൊണ്ടു നിറഞ്ഞിരുന്നു. ശുചിത്വമില്ലാത്തയിടത്താണ് പച്ചക്കറികള്‍ സൂക്ഷിച്ചത്. വാട്ടര്‍ കൂളറുകളും പ്രവര്ത്തസജ്ജമായിരുന്നില്ല. പാത്രങ്ങള്‍ അലക്ഷ്യമായാണ് കഴുകിയിരുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ യഥാസമയം നീക്കം ചെയ്യാന്‍പോലും മെസ് നടത്തിപ്പുകാര്‍ തയ്യാറായിരുന്നില്ലത്രെ.
വാട്ടര്‍ ടാങ്കുകള്‍ വേണ്ടവിധം പരിപാലിക്കാത്തതിന്റെ പേരില്‍ തിങ്കളാഴ്ച ദല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് സ്പോര്‍ട്സ് കോംപ്ലക്സ് അധികൃതര്‍ക്ക് 4000 രൂപ പിഴ ചുമത്തിയിരുന്നു. ഇതൊന്നും ഭക്ഷണ വിതരണത്തിന് കരാറെടുത്തിരുന്ന കാറ്ററിംഗ്കാരെ സ്വാധീനിച്ചില്ല. അവര്‍ താരങ്ങള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണവിതരണം തുടര്‍ന്നു. പാചകക്കാരന് തൊപ്പിയോ ഗ്ലൗസോ പോലും ധരിച്ചിരുന്നില്ല. പാചകത്തിന് മേല്നോട്ടക്കാരനും ഉണ്ടായില്ല. പലപ്പോഴും ചിക്കന്റെ അവശിഷ്ടങ്ങള്‍ തീന്മേശയിലെത്തി.
പരാതിപ്പെട്ടപ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്യാംപില്‍ നിന്ന് പുറത്താക്കുമെന്നുമൊക്കെയായി ഭീഷണി. സൗജന്യമായി നല്കുന്ന ആഹാരം വേണമെങ്കില്‍ കഴിച്ചോ എന്നായി കാറ്ററിംഗ്കാരുടെ ഭാവം. പരിശീലകരും ഡയറ്റീഷനുമൊന്നും പ്രശ്നത്തില്‍ ഇടപെടാതായപ്പോള്‍ താരങ്ങളുടെ ദുരിതം ഇരട്ടിച്ചു.
തങ്ങള്‍ അനുഭവിച്ച യാതനകളെക്കുറിച്ച് ചില അത്ലറ്റുകള് കായിക മന്ത്രാലയത്തിന് പരാതി അയച്ചിട്ടുണ്ട്. ക്യാംപിലെ സൗകര്യങ്ങളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
















