ന്യൂജേഴ്‌സി: പരിശീലകനായി രണ്ടാം സ്‌പെല്ലിനെത്തിയ ദുംഗയുടെ ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഇന്നലെ പുലര്‍ച്ചെ നടന്ന കളിയില്‍ ഇക്വഡോറിനെയാണ് കാനറികള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയത്. കളിയുടെ 31-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ നെയ്‌മര്‍ നല്‍കിയ പാസില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ വില്ല്യനാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ബ്രസീല്‍ കൊളംബിയയെയും കീഴടക്കിയിരുന്നു. സ്വന്തം മണ്ണില്‍ നടന്ന ഇക്കഴിഞ്ഞ ലോകകപ്പിലെ നിരാശാജനകമായ പരാജയത്തിനുശേഷം കാനറികളുടെ ശക്തമായ തിരിച്ചുവരവിനാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളും സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ബ്രസീല്‍ പ്രതിരോധനിരയിലെ കരുത്തന്മാരായ മെയ്‌ക്കോണിനെയും ഡേവിഡ് ലൂയിസിനെയും കരയ്‌ക്കിരുത്തി. ഇവര്‍ക്ക് പകരം ഡാനിലോയും മാര്‍ക്വീഞ്ഞോയും കളത്തിലിറങ്ങി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ നെയ്‌മറും സംഘവും ഇക്വഡോര്‍ വല ലക്ഷ്യംവെച്ച് 11 ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും നാലെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. ഇതില്‍ മൂന്നെണ്ണവും ഇക്വഡോര്‍ ഗോളിയുടെ മികവിനു മുന്നില്‍ വിഫലമായി. അതേസമയം ഇക്വഡോറിന് രണ്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിക്കാന്‍ കഴിഞ്ഞത്.
മറ്റ് മത്സരങ്ങളില്‍ ചിലി 1-0ന് ഹെയ്തിയെയും മെക്‌സിക്കോ ഇതേ സ്‌കോറിന് ബൊളീവിയയെയും കീഴടക്കിയപ്പോള്‍ കാനഡ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജമൈക്കയെയും പരാജയപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളില്‍ ഉറുഗ്വെയും ഓസ്‌ട്രേലിയയും വിജയം നേടി. ഉറുഗ്വെ കൊറിയയെ 1-0ന് പരാജയപ്പെടുത്തിയപ്പോള്‍ ലണ്ടനില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സൗദി അറേബ്യയെയാണ് കീഴടക്കിയത്.
കൊറിയക്കെതിരായ മത്സരത്തില്‍ ഗിമെന്‍സ് ഡി വര്‍ഗാസാണ് ഉറുഗ്വെയുടെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 69-ാം മിനിറ്റിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.
സൗദി അറേബ്യക്കെതിരായ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ ടിം കാഹില്‍, ആറാം മിനിറ്റില്‍ ജെഡിനാക്ക്, 77-ാം മിനിറ്റില്‍ ബ്രെറ്റ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ടീമിനായി ഗോളുകള്‍ നേടി. സൗദി അറേബ്യക്ക് വേണ്ടി 71-ാം മിനിറ്റില്‍ മൗത്ത ഫല്ലത്താഹ്, 84-ാം മിനിറ്റില്‍ അല്‍ ജാസാം എന്നിവരാണ് ലക്ഷ്യം കണ്ടത്.
















