ന്യൂയോര്‍ക്ക്: ഏഷ്യന്‍ സ്വപ്‌നങ്ങള്‍ തകര്‍ത്ത് ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ച് യുഎസ് ഓപ്പണ്‍ ജേതാവ്. പുരുഷ വിഭാഗം സിംഗിള്‍സിന്റെ ഏകപക്ഷീയമായ ഫൈനലില്‍ പത്താം സീഡ് ജപ്പാന്റെ കെയി നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് 14-ാം സീഡ് സിലിച്ച് തന്റെ കന്നി ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഏതെങ്കിലുമൊരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന ബഹുമതിയാണ് ഫൈനലിലെ പരാജയത്തോടെ നിഷികോരിക്ക് നഷ്ടമായത്. ഫൈനലില്‍ 6-3, 6-3, 6-3 എന്ന സ്‌കോറിനായിരുന്നു 25കാരനായ മാരിന്‍ സിലിച്ചിന്റെ പടയോട്ടം. ഒരു മണിക്കൂറും 54 മിനിറ്റും നീണ്ട മത്സരത്തില്‍ സിലിച്ചിന്റെ റാക്കറ്റില്‍ നിന്ന് 17 ഏയ്‌സുകളാണ് പിറന്നത്. 2010ലെ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ സിലിച്ചിന്റെ ഏറ്റവും മികച്ച ഗ്രാന്‍സ്ലാം പ്രകടനം. 2001-ല്‍ ഗൊരാന്‍ ഇവാനിസേവിച്ച് വിംബിള്‍ഡണ്‍ നേടിയശേഷം ഏതെങ്കിലുമൊരു ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ക്രൊയേഷ്യന്‍ താരമെന്ന ബഹുമതിയും സിലിച്ചിന് സ്വന്തമായി.
കഴിഞ്ഞ വര്‍ഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട സിലിച്ചിന് യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറേണ്ടി വന്നിരുന്നു. നാല് മാസത്തെ വിലക്കാണ് സിലിച്ച് നേരിട്ടത്. യുഎസ് ഓപ്പണ്‍ കിരീട നേട്ടത്തോടെ റാങ്കിംഗില്‍ 14-ാം സ്ഥാനത്തു നിന്നും ഒന്‍പതാം സ്ഥാനത്തേയ്‌ക്ക് സിലിച്ച് ഉയര്‍ന്നു.
രണ്ടാം സീഡ് സ്വിറ്റ്‌സര്‍ലന്റിന്റെ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് സിലിച്ച് നിഷികോരിയുമായുള്ള കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെ നിഷികോരിക്കെതിരായ ജയത്തോടെ സിലിച്ച് ലോക റാങ്കിംഗില്‍ ഒന്‍പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോക ഒന്നാം സീഡ് നൊവാക് ഡോക്കോവിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയായിരുന്നു നിഷികോരി ഏതെങ്കിലുമൊരു ഗ്രാന്റസ്ലാം ഫൈനല്‍ കളിക്കുന്ന ആദ്യ ഏഷ്യക്കാരനായത്.
















