കൊച്ചി: മുപ്പതാമത് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസം ട്രാക്ക് ഉണര്‍ന്നതോടെ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും മുന്നേറ്റം തുടങ്ങി. അഞ്ച് സ്വര്‍ണ്ണവും 6വീതം വെള്ളിയും വെങ്കലവുമടക്കം 49 പോയിന്റുമായാണ് ചങ്ങനാശ്ശേരി അസമ്പ്ഷന്‍ ഒന്നാം സ്ഥാനത്ത് നില്‍കുന്നത്. മൂന്ന് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 30 പോയിന്റുമായി പാലാ അല്‍ഫോണ്‍സാ കോളേജ് രണ്ടാം സ്ഥാനത്തും മൂന്ന് സ്വര്‍ണ്ണവും ഒന്നുവീതം വെള്ളിയും വെങ്കലവുമടക്കം 19 പോയിന്റുമായി എംഎ കോളേജ് കോതമംഗലം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാലാ സെന്റ് തോമസ് കോളേജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോതമംഗലം എംഎ കോളേജ് മുന്നിലെത്തിയത്. 7 സ്വര്‍ണ്ണവും അഞ്ച് വെള്ളിയും ഒരു വെങ്കലവുമടക്കം 51 പോയിന്റാണ് എംഎ കോളേജിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള പാലാ സെന്റ് തോമസ് കോളേജിന് രണ്ട് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമടക്കം 20 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കാഞ്ഞിരപള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് 7 പോയിന്റുമുണ്ട്.
ട്രാക്കിലും ഫീല്‍ഡിലും പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ച ഇന്നലെ മൂന്ന് പുതിയ മീറ്റ് റെക്കോര്‍ഡുകളാണ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കില്‍ പിറന്നത്. മൂന്ന് റെക്കോര്‍ഡുകളും കോതമംഗലം എംഎ കോളേജിന്റെ താരങ്ങളാണ് സ്വന്തമാക്കിയത്. വനിതകളുടെ 400 മീറ്ററില്‍ അനില്‍ഡ തോമസും ഷോട്ട്പുട്ടില്‍ നീന എലിസബത്ത് ബേബിയും പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ വി.പി. ആല്‍ഫിനുമാണ് പുതിയ റെക്കോര്‍ഡിന് അവകാശികളായത്.
വനിതകളുടെ 400 മീറ്ററില്‍ 55.12 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് അനില്‍ഡ തോമസ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. 2008-ല്‍ പാലാ അല്‍ഫോണ്‍സാ കോളേജിലെ സിനി ജോസ് സ്ഥാപിച്ച 55.5 സെക്കന്റിന്റെ റെക്കോര്‍ഡാണ് അനില്‍ഡ പഴങ്കഥയാക്കിയത്. ഷോട്ട്പുട്ടില്‍ 12.85 മീറ്റര്‍ എറിഞ്ഞാണ് നീന എലിസബത്ത് ബേബി പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 2005-ല്‍ പാലാ അല്‍ഫോണ്‍സയിലെ പൊന്നി ജോസ് സ്ഥാപിച്ച 12.22 മീറ്ററാണ് നീന തകര്‍ത്തത്. പുരുഷ വിഭാഗം ഷോട്ട്പുട്ടില്‍ വി.പി. ആല്‍ഫിന്‍ 14.37 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 14.30 മീറ്ററാണ് ആല്‍ഫിന്‍ തിരുത്തിയത്.
മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്നലെ തെരഞ്ഞെടുത്തു. പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജിലെ അനുരൂപ് ജോണ്‍ 10.76 സെക്കന്റില്‍ പറന്നെത്തിയ വേഗതയേറിയ താരമായി മാറി. വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സ കോളേജിലെ സിനി അലക്സാണ് ഫാസ്റ്റസ്റ്റ്. 12.27 സെക്കന്റിലാണ് സിനി ഫിനിഷ് ലൈന്‍ കടന്നത്.
വനിതകളുടെ 1500 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണ്ണം നേടി ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിലെ ഡെസ്റ്റി സണ്ണി ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. ഷോട്ട്പുട്ടില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ വി.പി. ആല്‍ഫിന്‍ 38.21 മീറ്റര്‍ എറിഞ്ഞ് ഡിസ്ക്കസ് ത്രോയിലും സ്വര്‍ണ്ണം കരസ്ഥമാക്കി. മീറ്റ് ഇന്ന് സമാപിക്കും.
















