സോള്‍: കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. നേരത്തെ പുരുഷ വിഭാഗത്തില്‍ പി. കശ്യപും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും രണ്ടാം റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ലോക മൂന്നാം നമ്പര്‍ താരം സൈന നെഹ്വാളും പരാജയപ്പെട്ടു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക 26-ാം നമ്പര്‍ താരം ചൈനയുടെ ലീ ഹാനാണ് സൈനയുടെ കുതിപ്പിന് വിരാമമിട്ടത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന കീഴടങ്ങിയത്. സ്കോര്‍: 21-14, 15-21, 21-12. കഴിഞ്ഞ വര്‍ഷവും സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.
ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം പോരാടിയ ഇരു താരങ്ങളും ഒരവസരത്തില്‍ പോയിന്റ് 8-8 ല്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ലീ ഹാന്‍ 21-14ന് സെറ്റ് സ്വന്തമാക്കുകയായിരുന്നു.
കാര്യമായ എതിര്‍പ്പുകൂടാതെ കീഴടങ്ങിയ സൈന പക്ഷേ, രണ്ടാം സെറ്റില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. എതിരാളി ലീ ഹാനെ നിലം തൊടാനനുവദിക്കാതെ 15 പോയിന്റ് മാത്രം വിട്ടുകൊടുത്ത് സൈന സെറ്റ് സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ അതേനാണയത്തില്‍ തിരിച്ചടിച്ച ലീ ഹാന്‍ സൈനയെ നിഷ്പ്രഭയാക്കി സെറ്റ് സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചു.
















