മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ മുന്നേറ്റം അവസാനിച്ചു. മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നാം സീഡ് സാനിയ മിര്‍സ-ബോബ് ബ്രയാന്‍ സഖ്യവും, അഞ്ചാം സീഡ് മഹേഷ് ഭൂപതി- റഷ്യയുടെ നദിയ പെട്രോവ സഖ്യവും പുറത്തായതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമമായത്.
ലോക മൂന്നാം നമ്പര്‍ താരമായ സാനിയയും അമേരിക്കന്‍ പങ്കാളി ബോബ് ബ്രയാനും ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സീഡ് ചെയ്യപ്പെടാത്ത ചെക്ക് താരങ്ങളായ ലൂസി ഹ്രാഡെക്ക-ഫ്രാന്റിസെക് സെര്‍മാക് സഖ്യത്തോട് അടിയറവു പറഞ്ഞത്. സ്കോര്‍: 5-7, 4-6.
ലോക അഞ്ചാം നമ്പര്‍ താരമായ ഭൂപതിയും റഷ്യന്‍ പങ്കാളി നാദിയ പെട്രോവയും 3-6, 6-3, 11-13 സ്കോറിനു ഓസ്ട്രേലിയയുടെ ജാര്‍മില ഗജ്ദോസോവ, മാത്യു എബ്ഡന്‍ സഖ്യത്തോട് പരാജയപ്പെട്ടു. ഒന്നര മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭൂപതി-പെട്രോവ സഖ്യം കീഴടങ്ങിയത്.
പുരുഷ വിഭാഗം ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡികളായ അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാര്‍ ഫൈനലില്‍ പ്രവേശിച്ചു. ബോബ്-മൈക്ക് ബ്രയാന്‍ സഹോദരന്മാര്‍ ഇറ്റാലിയന്‍ ജോഡികളായ സിമോണ്‍ ബൊലേലി-ഫാബിയോ ഫോഗ്നിനി സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6-4, 4-6, 6-1. ഒരു മണിക്കൂറും 39 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് ബ്രയാന്‍ സഹോദരന്മാര്‍ ഫൈനലിലേക്ക് കുതിച്ചത്. അഞ്ച് തവണ ഇവിടെ കിരീടം ചൂടിയ ബ്രയാന്‍ സഹോദരന്മാര്‍ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഫൈനലിനിറങ്ങുക. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക്ക് സ്റ്റെപാനക് സഖ്യത്തോട് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.
മറ്റൊരു സെമിയില്‍ നെതര്‍ലന്റ്സ് സഖ്യമായ റോബിന്‍ ഹാസെ-ഇഗര്‍ സിസ്ലിങ് സഖ്യം ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പാനിഷ് സഖ്യമായ മാഴ്സെല്‍ ഗ്രാനലോര്‍സ്-മാര്‍ക്ക് ലോപ്പസ് സഖ്യത്തെയാണ് ഡച്ച് സഖ്യം കീഴടക്കിയത്. സ്കോര്‍: 7-5, 6-4.
















