ഇറ്റാവ (യുപി): 58-ാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിവസം കേരളത്തിന്റെ സ്വര്‍ണ്ണക്കുതിപ്പിന് തുടക്കമിട്ടത് പി.യു. ചിത്ര. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലാണ് പാലക്കാട് മുണ്ടൂര്‍ എച്ച്‌എസിലെ ചിത്ര സ്വര്‍ണ്ണം നേടിയത്. 9മിനിറ്റ് 59.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് ലഭിച്ചു.
ചിത്രയുടെ കൂട്ടുകാരിയും ഇതേ സ്കൂളിലെ വിദ്യാര്‍ത്ഥിനിയുമായ കെ.കെ. വിദ്യക്കാണ് വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ സഞ്ജീവിനി യാദവിനാണ് വെള്ളിമെഡല്‍. ചിത്രക്ക് ഇനി മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. 1500മീ, 5000 മീ, ക്രോസ് കണ്‍ട്രി എന്നീ ഇനങ്ങളിലാണ് ചിത്ര ഇനി മത്സരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ ചിത്ര നാല് സ്വര്‍ണ്ണം നേടിയിരുന്നു. ദേശീയ മീറ്റിലും ഈ നേട്ടം ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ചിത്ര.
ചിത്രക്ക് പിന്നാലെ ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലും കേരളം സ്വര്‍ണ്ണം സ്വന്തമാക്കി. പാലക്കാട് പറളി എച്ച്‌എസിലെ മുഹമ്മദ് അഫ്സലാണ് ഈയിനത്തില്‍ സ്വര്‍ണ്ണം നേടിയത്. ദല്‍ഹിയുടെ രാഹുലിനാണ് ഈയിനത്തില്‍ വെള്ളിമെഡല്‍ ലഭിച്ചത്. മുഹമ്മദ് അഫ്സല്‍ 1500മീ, 800 മീ, ക്രോസ് കണ്‍ട്രി എന്നീ ഇനങ്ങളിലും മത്സരിക്കും. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മുഹമ്മദ് അഫ്സല്‍ 1500 മീറ്ററില്‍ പുതിയ റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയിരുന്നത്. മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വര്‍ണ്ണം നേടിയ മുഹമ്മദ് അഫ്സല്‍ ദേശീയ മീറ്റിലും ഈ നേട്ടം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
















