ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ അട്ടിമറിച്ച് അര്‍ജന്റീനാ താരം ജുവാന്‍ ഡെല്‍പോട്രോ ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
തുടര്‍ച്ചയായി 21 മത്സരങ്ങള്‍ തോല്‍ക്കാതെ ജൈത്രയാത്ര നടത്തിയ ഡോകോവിച്ചിന്റെ 2013ലെ ആദ്യ തോല്‍വിയാണിത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഏഴാം സീഡ് ജുവാന്‍ ഡെല്‍ പോട്രോ ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കിയത്. സ്കോര്‍: 6-4, 4-6, 4-6. ആദ്യ സെറ്റ് 4-6ന് ഡോകോവിച്ച് നേടിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ ഉജ്ജ്വലമായ പ്രകടനം പുറത്തെടുത്താണ് ഡെല്‍പോട്രോ മത്സരം സ്വന്തമാക്കിയത്.
പൊറുക്കാനാകാത്ത ചില പിഴവുകള്‍ തന്റെ ഭാഗത്ത് നിന്ന് സംഭവിച്ചതാണ് പരാജയകാരണമെന്ന് ഡോകോവിച്ച് കളിക്കുശേഷം പ്രതികരിച്ചു.
മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സ്പെയിനിന്റെ റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോമസ് ബര്‍ഡിച്ചിനെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ചു.
ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ നദാല്‍ ആറാം സീഡ് ചെക്കിന്റെ തോമസ് ബെര്‍ഡിച്ചിനെതിരെ 6-4, 7-5 എന്ന സ്കോറിനാണ് വിജയം സ്വന്തമാക്കിയത്. ഫൈനലില്‍ ജുവാന്‍ ഡെല്‍ പോട്രോയാണ് നദാലിന്റെ എതിരാളി.
















