ഇന്ത്യന്‍ വെല്‍സ്: ലോക ടെന്നീസിലെ രണ്ട് കരുത്തര്‍ തമ്മില്‍ ഏറ്റുമുട്ടിയ ക്ലാസ്സിക്ക് പോരാട്ടത്തില്‍ വിജയം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡററാണ് നദാലിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങിയത്. ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്സ് ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലാണ് നദാല്‍ ഫെഡററെ കീഴടക്കിയത്.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക അഞ്ചാം നമ്പര്‍ റാഫേല്‍ നദാല്‍ ഫെഡററെ കീഴടക്കി സെമിഫൈനലില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 24 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-2 എന്ന സ്കോറിനാണ് ഫെഡററെ നദാല്‍ കീഴടക്കിയത്. നദാലിന്റെ പവര്‍ ടെന്നീസിനെതിരെ ക്ലാസ്സിക്ക് ടെന്നീസിന്റെ വക്താവായ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തിനുശേഷമാണ് ഇരുവരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയത്. കഴിഞ്ഞ വര്‍ഷം ഫെഡറര്‍ ഇവിടെ സെമിഫൈനലില്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തിയിരുന്നു. മുന്‍ ഒന്നാം നമ്പറുകാരായ ഇരുവരും മുമ്പ് പല തവണ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയവരാണ്. ഫെഡറര്‍ 17 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുള്ളപ്പോള്‍ നദാല്‍ 11 തവണ നേട്ടം കൈവരിച്ചു.
ആറാം സീഡ് ചെക്കിന്റെ തോമസ് ബെര്‍ഡിച്ചിനെയാണ് നദാല്‍ സെമിയില്‍ നേരിടുക. ദക്ഷിണാഫ്രിക്കന്‍ താരമായ കെവിന്‍ ആന്‍ഡേഴ്സണെ 6-4, 6-4 എന്ന സ്കോറിനാണ് ബെര്‍ഡിച്ച് ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയത്.
വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ, 13-ാം സീഡ് മരിയ കിരിലെന്‍കോ, എട്ടാം സീഡ് കരോലിന വോസ്നിയാക്കി, നാലാം സീഡ് എ. കെര്‍ബര്‍ എന്നിവരും സെമിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
രണ്ടാം സീഡ് മരിയ ഷറപ്പോവ ഇറ്റലിയുടെ ആറാം സീഡ് സാറാ ഇറാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് അവസാന നാലില്‍ എത്തിയത്. സ്കോര്‍: 7-6(6) 6-2. ആദ്യ സെറ്റ് ടൈബ്രേക്കറിനൊടുവിലാണ് ഷറപ്പോവ സ്വന്തമാക്കിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സാറാ ഇറാനിയെ നിഷ്പ്രഭയാക്കി രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്താണ് ഷറപ്പോവ സെമി ബെര്‍ത്ത് സ്വന്തമാക്കിയത്. 13-ാം സീഡ് റഷ്യയുടെ മരിയ കിരിലെന്‍കോ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് അവസാന നാലില്‍ ഇടം പിടിച്ചത്. സ്കോര്‍: 4-6 6-4 6-3. മറ്റ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരങ്കയും സാമന്ത സ്ട്രോസറും പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്നാണ് കരോലിന വോസ്നിയാക്കിയും ആഞ്ചലീന കെര്‍ബറും സെമിയില്‍ പ്രവേശിച്ചത്.
















