ഇന്ത്യന്‍വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാലിനും വനിതാ വിഭാഗത്തില്‍ ലോക മൂന്നാം നമ്പറും രണ്ടാം സീഡുമായ റഷ്യയുടെ മരിയ ഷറപ്പോവയും കിരീടം ചൂടി.
തീര്‍ത്തും ഏകപക്ഷീയമായ ഫൈനലില്‍ എട്ടാം സീഡ് ഡാനിഷ് താരം കരോലിന വോസ്നിയാക്കിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ഷറപ്പോവ തന്റെ രണ്ടാം ഇന്ത്യന്‍വെല്‍സ് കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 6-2, 6-2. 81 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷറപ്പോവ ഡാനിഷ് താരത്തെ കീഴടക്കിയത്. ഈ കിരീടധാരണത്തോടെ ഷറപ്പോവ ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. വിക്ടോറിയ അസാരങ്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഷറപ്പോവ രണ്ടാം സ്ഥാനത്തെത്തുന്നത്.
പുരുഷ വിഭാഗത്തില്‍ രണ്ടര മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് റാഫേല്‍ നദാല്‍ ഏഴാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോയെ കീഴടക്കിയത്. അത്യന്തം ആവേശകരമായ മത്സരത്തിനൊടുവില്‍ 4-6, 6-3, 6-4 എന്ന സ്കോറിനാണ് നദാല്‍ വിജയം സ്വന്തമാക്കിയത്. നദാലിന്റെ മൂന്നാം കിരീട നേട്ടമാണിത്. 2007, 09 വര്‍ഷങ്ങളിലാണ് നദാല്‍ ഇതിന് മുമ്പ് ഇവിടെ കിരീടം നേടിയത്. കിരീടനേട്ടത്തോടൊപ്പം ഒരു നാഴികക്കല്ലും നദാല്‍ ടെന്നീസ് കോര്‍ട്ടില്‍ പിന്നിട്ടു. 600 വിജയങ്ങളെന്ന ഫെഡററുടെ റെക്കോര്‍ഡിനൊപ്പമെത്തി നദാല്‍. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ അട്ടിമറിച്ച് ഫൈനലിലെത്തിയ ഡെല്‍ പോട്രോ ഫൈനലിലും ആ മികവ് പ്രകടിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും നദാലിന്റെ കരുത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ആദ്യ സെറ്റ് പോട്രോ 4-6ന് സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ നദാലിന്റെ പവര്ഗെയിമിന് മുന്നില്‍ പിടിച്ചുനില്ക്കാന് ഡെല്‍ പോട്രോക്ക് കഴിഞ്ഞില്ല.
പരിക്കിനെ തുടര്‍ന്ന് ഏഴ്മാസത്തോളം കളത്തില്‍ നിന്ന് വിട്ടുനിന്ന ശേഷം കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന്റെ മൂന്നാം കിരീടനേട്ടമാണിത്. നേരത്തെ ബ്രസീല്‍, മെക്സിക്കോ ചാമ്പ്യന്‍ഷിപ്പുകളിലും നദാല്‍ കിരീടം ചൂടിയിരുന്നു. 2010ന് ശേഷം ഹാര്‍ഡ്കോര്‍ട്ടില്‍ നദാല്‍ നേടുന്ന ആദ്യ കിരീടമാണിത്.
പുരുഷ വിഭാഗം ഡബിള്‍സില്‍ ടോപ് സീഡ് അമേരിക്കയുടെ ബ്രയാന്‍ സഹോദരന്മാര് ജേതാക്കളായി. ഫൈനലില്‍ ട്രീറ്റ് ഹ്യൂയി ജെര്സി ജാനോവിക്ക് ജോഡികളെ 6-3, 3-6, 10-6 എന്ന സ്കോറിന് കീഴടക്കിയാണ് ബ്രയാന്‍ സഹോദരന്മാര് ആദ്യ ബിഎന്‍പി പാരിബാസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.
















