മിയാമി: മിയാമി ടെന്നീസ് ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിന് അട്ടിമറി തോല്‍വി. 15-ാം സീഡ് അമേരിക്കയുടെ ടോമി ഹാസ്സാണ് ലോക ഒന്നാം നമ്പര്‍ താരത്തെ പ്രീ-ക്വാര്‍ട്ടറില്‍ അട്ടിമറിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ടോമി ഹാസ്സിന്റെ വിജയം. സ്കോര്‍ 6-2, 6-4. ആറാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഒമ്പതാം സീഡ് സിലിക്കിനെ 7-5, 7-6 എന്ന സ്കോറിന് കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ ഇറ്റലിയുടെ ആന്ദ്രെ സിപ്പിയെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം സീഡ് തോമസ് ബെര്‍ഡിച്ച് 6-1, 6-1 എന്ന സ്കോറിന് അമേരിക്കയുടെ സാം ഖുറെയെയും സിമോണ്‍ 7-5, 2-6, 2-6 എന്ന സ്കോറിന് തിപ്സരവിക്കിനെയും പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംപിടിച്ചു.
അതേസമയം വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ഇന്ത്യന്‍താരം സാനിയ മിര്‍സ-അമേരിക്കന്‍ താരം ബഥനി മറ്റക്ക് സഖ്യം ലോക ഒന്നാം നമ്പര്‍ ജോഡികളായ സാറാ ഇറാനി-റോബര്‍ട്ട വിന്‍സി സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായി. ഒരുമണിക്കൂറും ആറ് മിനിറ്റും മാത്രം നീണ്ട മത്സരത്തിനൊടുവില്‍ 6-1, 6-4 എന്ന സ്കോറിനാണ് ഇന്തോ-അമേരിക്കന്‍ ജോഡികള്‍ കീഴടങ്ങിയത്.
















