മിയാമി: റഷ്യന്‍ ഗ്ലാമര്‍ താരം മരിയ ഷറപ്പോവയെ നിലംപരിശാക്കി ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസ് മിയാമി മാസ്റ്റേഴ്സ് ടെന്നീസ് വനിതാ വിഭാഗത്തില്‍ കിരീടമണിഞ്ഞു. വാശിയേറിയ മത്സരത്തില്‍ 4-6, 6-3, 6-0ത്തിനായിരുന്നു സെറീനയുടെ ജയം.
മിയാമിയിലെ ആറാം ജയത്തോടെ സെറീന ജര്‍മന്‍ ഇതിഹാസം സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡി നൊപ്പമെത്തി. ഇവിടെ ജേത്രിയാകുന്ന ഏറ്റവും പ്രായം കൂടിയതാരവും സെറീന തന്നെ. ഇക്കാര്യത്തില്‍ സ്വന്തം നാട്ടുകാരി ക്രിസ് എവര്‍ട്ടിനെ (1986ല്‍ 31 വയസും രണ്ടുമാസവും) സെറീന മുപ്പത്തിയൊന്നരവയസ്) പിന്തള്ളി. ആധുനിക കാലഘട്ടത്തില്‍ ഒരേ ടൂര്‍ണമെന്റില്‍ ആറു തവണ ചാമ്പ്യനായ താരങ്ങളുടെ പട്ടികയിലും സെറീന ഇടംപിടിച്ചു. സ്റ്റെഫി, എവര്‍ട്ട്, മാര്‍ട്ടിന നവരത്തിലോവ, പുരുഷ ടെന്നീസിലെ ഇതിഹാസം ആന്ദ്രെ അഗാസി എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ആദ്യ സെറ്റില്‍ തന്റെ മൂന്നാം ഗെയിം നഷ്ടപ്പെടുത്തിയ സെറീന പക്ഷേ പിന്നാലെ എതിരാളിയുടെ ഗെയിം തട്ടിയെടുത്ത് ഒപ്പമെത്തി (3-3). എന്നാല്‍ കളിയുടെ ഒമ്പതാം ഗെയിമില്‍ സെറീനയുടെ അടിതെറ്റിച്ച ഷറപ്പോവ 5-4ന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. സ്വന്തം സര്‍വില്‍ പിഴവൊന്നുംവരുത്താതെ റഷ്യന്‍ താരം ആദ്യ സെറ്റ് ഉറപ്പിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ ഷറപ്പോവയെ ബ്രേക്ക് ചെയ്ത സെറീന 2-0ത്തിനു മുന്നില്‍ക്കയറി. പിന്നെ ഡബിള്‍ ബ്രേക്കുകളിലൂടെ ഷറപ്പോവ 3-2 ആധിപത്യംനേടി. പക്ഷേ അതേ നാണയത്തില്‍ തിരിച്ചടിച്ച സെറീന വീണ്ടും രണ്ടുതവണ ഷറപ്പോവയുടെ ഗെയിം പോക്കറ്റിലാക്കി സെറ്റ് കൈവശപ്പെടുത്തി. മൂന്നാം സെറ്റില്‍ പവര്‍ ടെന്നീസിന്റെ ഉത്തമ ദൃഷ്ടാന്തം തീര്‍ത്ത സെറീന ഒരു ഗെയിംപോലും വിട്ടുകൊടുക്കാതെ കിരീടത്തിലേക്കു ചുവടുവച്ചു. ലോക രണ്ടാം നമ്പറും ബദ്ധ എതിരാളിയുമായ ഷറപ്പോവയ്‌ക്കെതിരായ പതിനാല് മുഖാമുഖങ്ങളില്‍ 12-ാം തവണയാണ് സെറീന വിജയം ഉറപ്പിക്കുന്നത്.
















