കൊച്ചി: മൂന്നാമത് ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ യൂത്ത് അത്ലറ്റിക് മീറ്റില്‍ പാലക്കാട് കിരീടം നിലനിര്‍ത്തി. ഓവറോള്‍ വിഭാഗത്തില്‍ 188 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം ചൂടിയത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിന് 93 പോയിന്റും മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിന് 85 പോയിന്റും മാത്രമാണുള്ളത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് 84.5 പോയിന്റുമായും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 103.5 പോയിന്റ് നേടിയുമാണ് പാലക്കാട് ഒന്നാം സ്ഥാനത്തെത്തിയത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 71 പോയിന്റ് നേടി കോട്ടയം രണ്ടാം സ്ഥാനം സ്വന്തമാക്കി. 27 പോയിന്റുള്ള കോഴിക്കോടിനാണ് മൂന്നാം സ്ഥാനം. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 66 പോയിന്റുമായി കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. 47 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനവും നേടി.
മീറ്റിന്റെ അവസാന ദിവസമായ ഇന്നലെയും ആറ് റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. ഇതോടെ 12 റെക്കോര്‍ഡുകള്‍ മീറ്റില്‍ പിറന്നു. ഇന്നലെ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ അഞ്ജലി ജോസ്, ഹൈജമ്പില്‍ പാലക്കാടിന്റെ ടി.സി. ചെഷ്മ, ട്രിപ്പിള്‍ജമ്പില്‍ കണ്ണൂരിന്റെ ആതിര സുരേന്ദ്രന്, ഡിസ്കസ് ത്രോയില്‍ പാലക്കാടിന്റെ കെ.എം. അമൃത, ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്കൂള്‍ മീറ്റിലെ സുവര്‍ണതാരം മുഹമ്മദ് അഫ്സല്, 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ പാലക്കാടിന്റെ ജെ. സതീഷ് എന്നിവരാണ് പുതിയ റെക്കോര്‍ഡിന് അവകാശികളായത്. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ചെഷ്മക്ക് പുറമെ മറ്റുനാലുപേരും നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി.
പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 1 മിനിറ്റ് 6 സെക്കന്റില്‍ ഓടിയെത്തിയാണ് കോട്ടയത്തിന്റെ അഞ്ജലി ജോസ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. കഴിഞ്ഞവര്‍ഷം തൃശൂരിന്റെ പി. മെര്ലിന് സ്ഥാപിച്ച ഒരു മിനിറ്റ് 6.59 സെക്കന്റിന്റെ റെക്കോര്‍ഡാണ് അഞ്ജലി ജോസിന്റെ കുതിപ്പില്‍ പഴങ്കഥയായത്. ഹൈജമ്പില്‍ 1.53 മീറ്റര്‍ ചാടിയാണ് പാലക്കാടിന്റെ ചെഷ്മ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം എറണാകുളത്തിന്റെ അശ്വതി ഷാജന് സ്ഥാപിച്ച 1.50 മീറ്ററിന്റെ റെക്കോര്‍ഡാണ് ചെഷ്മ തിരുത്തിയത്. 1.50 മീറ്റര്‍ ചാടിയ ലിബിയ ഷാജിയും കഴിഞ്ഞവര്‍ഷത്തെ സ്വര്‍ണ്ണമെഡല്‍ ജേത്രി അശ്വതി ഷാജനും നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തി. ട്രിപ്പിള്‍ജമ്പില്‍ 11.73 മീറ്റര്‍ ചാടിയാണ് കണ്ണൂരിന്റെ ആതിര സുരേന്ദ്രന് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച തന്റെ തന്നെ പേരിലുള്ള 11.57 മീറ്ററിന്റെ റെക്കോര്‍ഡാണ് ആതിര തിരുത്തിയത്.
ഡിസ്കസ്ത്രോയില്‍ 27.65 മീറ്റര്‍ ദൂരം എറിഞ്ഞാണ് പാലക്കാടിന്റെ കെ.എം. അമൃത റെക്കോര്‍ഡ് സ്ഥാപിച്ചത്. 2011-ല്‍ എറണാകുളത്തിന്റെ ക്ലോഡിയ കെ. ജോണ്‍ സ്ഥാപിച്ച 27.55 മീറ്ററിന്റെ റെക്കോര്‍ഡാണ് അമൃത സ്വന്തം പേരിലാക്കിയത്. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല് 1മിനിറ്റ് 56.7 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തിന്റെ ട്വിങ്കിള്‍ ടോമി സ്ഥാപിച്ച 1 മിനിറ്റ് 59.72 സെക്കന്റിന്റെ റെക്കോര്‍ഡാണ് മുഹമ്മദ് അഫ്സല് തിരുത്തിയത്. 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ പാലക്കാടിന്റെ ജെ. സതീഷ് 6 മിനിറ്റ് 28.8 സെക്കന്റില്‍ ഫിനിഷ് ചെയ്ത് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞവര്‍ഷം സ്ഥാപിച്ച തന്റെ തന്നെ പേരിലുള്ള 6 മിനിറ്റ് 37.33 സെക്കന്റിന്റെ റെക്കോര്‍ഡാണ് സതീഷ് മറികടന്നത്.
















