കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ച മൂന്നാമത് ഒളിമ്പ്യന്‍ സുരേഷ്ബാബു മെമ്മോറിയല്‍ സംസ്ഥാന യൂത്ത് അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം ഓവറോള്‍ വിഭാഗത്തില്‍ ഹാട്രിക് കിരീടം ലക്ഷ്യം വച്ചിറങ്ങിയ പാലക്കാട് മുന്നില്‍. 90 പോയിന്റുമായാണ് പാലക്കാട് ആദ്യദിനം കുതിപ്പ് തുടരുന്നത്. 53 പോയിന്റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിന് 52 പോയിന്റാണുള്ളത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 42 പോയിന്റുമായി കോട്ടയം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പാലക്കാടിന് 32 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്തിന് 26 പോയിന്റാണുള്ളത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 58 പോയിന്റുമായി പാലക്കാട് ഒന്നാം സ്ഥാനത്തും 43 പോയിന്റുള്ള കോഴിക്കോട് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 24 പോയിന്റാണുള്ളത്.
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ 12.92 സെക്കന്റില്‍ പറന്നെത്തി ആലപ്പുഴയുടെ ഷില്‍ബി. എ.പിയും ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.52 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കോഴിക്കോടിന്റെ മുഹമ്മദ് വഷീഫ് അലിയും മീറ്റിലെ വേഗതയേറിയ താരങ്ങളായി മാറി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയത്തിന്റെ സുര്യമോള്‍ കെ. സന്തോഷ് 13.53 സെക്കന്റില്‍ ഒാടിയെത്തി വെള്ളിയും പാലക്കാടിന്റെ ശില്‍പ. എസ്. 13.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലവും കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 11.58 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കോഴിക്കോടിന്റെ സല്‍ബിന്‍ ജോസഫ് വെള്ളിയും 11.62 സെക്കന്റില്‍ ഓടിയെത്തി പാലക്കാടിന്റെ അബ്ദുള്ള ഹമീദ് വെങ്കലവും സ്വന്തമാക്കി.
മീറ്റിന്റെ ആദ്യ ദിവസമായ ഇന്നലെ ആറ് പുതിയ റെക്കോര്‍ഡുകളാണ് പിറന്നത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോടിന്റെ ഷഹര്‍ബാന സിദ്ദീഖും പോള്‍വോള്‍ട്ടില്‍ കോട്ടയത്തിന്റെ മരിയം ജെയ്സണും ഷോട്ട്പുട്ടിലും ഹാമര്‍ത്രോയിലും തിരുവനന്തപുരത്തിന്റെ ശാന്തി. വി.ഒയും ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കൊല്ലത്തിന്റെ രാഹുല്‍ രാജ്. ആറും ലോംഗ്ജമ്പില്‍ കോഴിക്കോടിന്റെ സിറാജുദ്ദീന്‍. സിയുമാണ് റെക്കോര്‍ഡ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വെള്ളി നേടിയ എറണാകുളത്തിന്റെ നീതു സാബും ഷോട്ട്പുട്ടില്‍ വെള്ളി നേടിയ തിരുവനന്തപുരത്തിന്റെ സുജി എസ്. റാണിയും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമര്‍ത്രോയിലും റെക്കോര്‍ഡ് ഡബിള്‍ സ്വര്‍ണം നേടിയ തിരുവനന്തപുരത്തിന്റെ ശാന്തി. വി.ഒ. മീറ്റിന്റെ താരമാകാനുള്ള ഒരുക്കത്തിലാണ്. ഷോട്ട്പുട്ടില്‍ കഴിഞ്ഞ വര്‍ഷം എറണാകുളത്തിന്റെ ജയലക്ഷ്മി. പി.എസ് സ്ഥാപിച്ച 10.35 മീറ്ററിന്റെ റെക്കോര്‍ഡാണ് ശാന്തിയുടെ കരുത്തില്‍ പഴങ്കഥയായത്. 10.92 മീറ്ററാണ് ശാന്തി എറിഞ്ഞ ദൂരം. വെള്ളി നേടിയ തിരുവനന്തപുരത്തിന്റെ തന്നെ സുജി എസ്. റാണി 10.66 മീറ്റര്‍ എറിഞ്ഞ് നിലവിലെ റെക്കോര്‍ഡ് മറികടന്നു. 9.77 മീറ്റര്‍ എറിഞ്ഞ വയനാടിന്റെ രാജലക്ഷ്മി രഘുനാഥിനാണ് ഈയിനത്തില്‍ വെങ്കലം.
ഹാമര്‍ത്രോയില്‍ തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് ശാന്തി തിരുത്തിക്കുറിച്ചത്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 33.27 മീറ്ററിന്റെ റെക്കോര്‍ഡാണ് 37.45 മീറ്റര്‍ എറിഞ്ഞ് ശാന്തി തിരുത്തിയത്. 31.33 മീറ്റര്‍ എറിഞ്ഞ മലപ്പുറത്തിന്റെ ജൂബി മോള്‍ക്കാണ് വെള്ളി.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 2011-ല്‍ കോഴിക്കോടിന്റെ അഞ്ജു വര്‍ഗീസ് സ്ഥാപിച്ച റെക്കോര്‍ഡാണ് ഷഹര്‍ബാനയുടെ കുതിപ്പില്‍ പഴങ്കഥയായത്. അഞ്ജു സ്ഥാപിച്ച 59.89 സെക്കന്റിന്റെ റെക്കോര്‍ഡ് 58.4 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഷഹര്‍ബാന സിദ്ദീഖ് സ്വന്തം പേരിലാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ എറണാകുളത്തിന്റെ നീതു സാബുവും 59.4 സെക്കന്റില്‍ ഫിനിഷ് ചെയ്ത് നിലവിലെ റെക്കോര്‍ഡ് മറികടന്നു. കോട്ടയത്തിന്റെ ജെറിന്‍ ജോസഫിനാണ് ഈയിനത്തില്‍ വെങ്കലം.പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോട്ടയത്തിന്റെ മരിയ ജെയ്സണ്‍ 3.10 മീറ്റര്‍ ഉയരം ചാണ്ടിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്.
ആണ്‍കുട്ടികളുടെ 400 മീറ്റില്‍ 51.5 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കൊല്ലത്തിന്റെ ആര്‍. രാഹുല്‍ രാജ് റെക്കോര്‍ഡ് സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം ഇടുക്കിയുടെ സന്തുസുകുമാരന്‍ സ്ഥാപിച്ച 51.7 സെക്കന്റിന്റെ റെക്കോര്‍ഡാണ് 51.5 സെക്കന്റില്‍ ഫിനിഷ് ചെയ്ത് രാഹുല്‍ രാജ് തന്റെ പേരിലാക്കിയത്. ലോംഗ്ജമ്പില്‍ 6.62 മീറ്റര്‍ ചാടിയാണ് കോഴിക്കോടിന്റെ സിറാജുദ്ദീന്‍. സി പുതിയ റെക്കോര്‍ഡിന് അവകാശിയായത്. കഴിഞ്ഞ വര്‍ഷം എറണാകുളത്തിന്റെ ബി. അബിന്‍ സ്ഥാപിച്ച 6.36 മീറ്ററിന്റെ റെക്കോര്‍ഡാണ് സിറാജുദ്ദീന്റെ കുതിപ്പില്‍ പഴങ്കഥയായത്.
















