പാരീസ്: സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാമായ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ഇന്നു തുടക്കം. ഉച്ചയ്ക്ക് 2.30നാരംഭിക്കുന്ന മത്സരങ്ങള്‍ നിയോ സ്പോര്‍ട്സിലും നിയോ പ്രൈമിലും തത്സമയം കാണാം. പുരുഷ വിഭാഗത്തില്‍ സ്പാനിഷ് താരം റഫേല്‍ നദാലും വനിതകളില്‍ അമേരിക്കയുടെ സെറീന വില്യംസും റഷ്യയുടെ മരിയ ഷറപ്പോവയുമാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍.
റൊളാങ്ങ് ഗൊരോസിലെ കളിമണ്‍ കോര്‍ട്ടില്‍ നദാലിന്റെ അപ്രമാദിത്തം തകര്‍ക്കപ്പെടുമോയെന്ന് ഇത്തവണയും ടെന്നീസ് ലോകം ഉറ്റുനോക്കുന്നു. ഏഴു തവണ ജേതാവായ നദാല്‍ കിരീട നേട്ടത്തില്‍ ഒന്നുകൂടെ ചേര്‍ത്തുവച്ചാല്‍ അതിശയിക്കേണ്ട. പരുക്കുമൂലം കുറച്ചുനാള്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്ന സ്പാനിഷ് മാസ്റ്റര്‍ തിരിച്ചുവരവിനുശേഷം കളിച്ച ഏഴു ടൂര്‍ണമെന്റുകളില്‍ ആറിലും കിരീടം ഉയര്‍ത്തിയിരുന്നു. മൂന്നാം സീഡായ നദാലിന് സെമി ഫൈനല്‍വരെ കാര്യമായ വെല്ലുവിളിയുണ്ടാവില്ലെന്നു കരുതപ്പെടുന്നു.
നദാല്‍ കഴിഞ്ഞാല്‍ ഏറെ സാധ്യത ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനു തന്നെ. ക്ലേ കോര്‍ട്ട് ടൂര്‍ണമെന്റായ മോണ്ടെ കാര്‍ലോ ഓപ്പണില്‍ നദാലിനെ പരാജയപ്പെടുത്തി കപ്പുയര്ത്താനായെന്നത് ദ്യോക്കോയ്ക്ക് ആത്മവിശ്വാസം നല്കുന്ന ഘടകമാണ്. ഇതിനകം ആറ് ഗ്രാന്ഡ്സ്ലാമുകള് ഷെല്‍ഫിലെത്തിച്ച ദ്യോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണില്‍ ഇതുവരെ മുത്തമിടാനായിട്ടില്ല. ആ കുറവു പരിഹരിക്കുകയാവും സെര്‍ബ് താരത്തിന്റെ ഉന്നം. സമകാലിക ടെന്നീസിലെ ഇതിഹാസ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും കിരീടപ്പോരാട്ടത്തില്‍ മുന്‍ പന്തിയിലുണ്ട്. 2009ല്‍ ഇവിടെ ചാമ്പ്യനായ സ്വിസ് ഹീറോ ക്ലേ കോര്‍ട്ടിലെ കളി തനിക്ക് വഴങ്ങുന്നതാണെന്ന് തെളിയിച്ചിരുന്നു. സ്പെയിനില്‍ നിന്നുള്ള ക്ലേ കോര്‍ട്ട് വിദഗ്ധന്‍ ഡേവിഡ് ഫെററെയും എഴുതിത്തള്ളാനാവില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചും ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയും ആരാധക പ്രതീക്ഷകള്‍ പേറുന്ന താരങ്ങളുടെ പട്ടികയില്‍പ്പെടുന്നു.
വനിതകളില്‍ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ സെറീനയ്ക്ക് നേരിയ മുന്‍തൂക്കമുണ്ട്. തുടര്‍ച്ചയായ 24 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ലോക ഒന്നാം നമ്പറിന്റെ വരവ്.
കഴിഞ്ഞയാഴ്ച്ച നടന്ന ഇറ്റാലിയന്‍ ഓപ്പണിലും യുഎസ് താരത്തിന് കാര്യമായ വെല്ലുവിളിയുണ്ടായില്ല. നിലവിലെ ജേത്രി ഷറപ്പോവയെയും എഴുതിത്തള്ളാനാവില്ല.
മൂന്നാം സീഡ് ബെലാറസിന്റെ വിക്റ്റോറിയ അസരെങ്ക, മുന്‍ ചാമ്പ്യന്‍ ചൈനയുടെ ന ലി, പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്സ്ക എന്നിവരും വനിതകളിലെ സുപ്രധാന മത്സരാര്ഥികളില്പ്പെടുന്നു.
















