ബാങ്കോക്ക്: സൈന നെഹ്വാളിനുശേഷം ഇന്ത്യന്‍ ബാഡ്മിന്റണില്‍ പുതിയ താരോദയം. ഇന്നലെ തായ്ലന്റ് ഓപ്പണ്‍ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ കിരീടം ചൂടി ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള കെ. ശ്രീകാന്താണ് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ സെന്‍സേഷനായി മാറിയിരിക്കുന്നത്.
ടൂര്‍ണമെന്റിലെ ടോപ് സീഡും ലോക എട്ടാം റാങ്കുകാരനുമായ തായ്ലാന്റിന്റെ ബൂന്സക പൊന്സാനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് 13-ാം സീഡായ ശ്രീകാന്ത് പുതിയ ചരിത്രമെഴുതിയത്. സ്കോര്‍: 21-16, 21-12. കേവലം 34 മിനിട്ടുകളിലായിരുന്നു ശ്രീകാന്തിന്റെ വിജയം.
നാട്ടുകാരുടെ പിന്തുണയില്‍ ഫൈനലിനിറങ്ങിയ പൊന്സാനയെ ആദ്യ സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ശ്രീകാന്ത് വീഴ്ത്തിയത്. തുടക്കത്തില്‍ 2-0ന് പിന്നിലായിരുന്ന ശ്രീകാന്ത് തുടര്‍ച്ചയായ അഞ്ച് പോയിന്റുകള്‍ നേടി 5-2ന് മുന്നിലെത്തി. പിന്നീട് 11-8നും 13-8നും ശ്രീകാന്ത് മുന്നിലെത്തി. പിന്നീട് സ്കോര്‍ 16-15 സ്കോര്‍ തുടര്‍ച്ചയായി ആറ് പോയന്റുകള്‍ വാരിക്കൂട്ടിയാണ് ആദ്യ ഗെയിം ഇന്ത്യന്‍താരം സ്വന്തമാക്കിയത്. രണ്ടാം ഗെയിമില്‍ അസാമാന്യ മികവിലേക്ക് ഉയര്‍ന്ന ശ്രീകാന്ത് ഏകപക്ഷീയമായാണ് മത്സരവും കിരീടവും സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ 11-5ന് മുന്നിലെത്തിയ ഇന്ത്യന്‍ താരം ലോക എട്ടാം നമ്പര്‍ താരമായ പൊന്സാനയെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭനാക്കുകയായിരുന്നു.
തമ്മാസിന് സിതികോമിനെ സെമിയില്‍ വീഴ്ത്തിയ ശ്രീകാന്ത് നേരത്തേ മുന്‍നിര സീഡുകാരനായ വിസ്നു യൂലി പ്രസേറ്റ്യോയെയും തറപറ്റിച്ചിരുന്നു.
2011ല്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുള്ള ശ്രീകാന്ത് വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്ട്ടറിലുമെത്തിയിട്ടുണ്ട്.
മത്സരത്തിനിറങ്ങുമ്പോഴും കിരീടം പ്രതീക്ഷിച്ചിരുന്നില്ലെന്നും അന്‍പത് ശതമാനം മാത്രമാണ് വിജയസാധ്യത കല്പിച്ചിരുന്നതെന്നും ശ്രീകാന്ത് പിന്നീട് പ്രതികരിച്ചു. 100 ശതമാനം പ്രകടനവും പുറത്തെടുക്കാനാണ് ശ്രമിച്ചതെന്നും പതിമൂന്നാം സീഡായ ശ്രീകാന്ത് പറഞ്ഞു.
വിജയം തന്നെ ഏറെ ഉത്തേജിപ്പിച്ചതായും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാടിയ ശേഷമാണ് തായ്ലന്റ് താരം ശ്രീകാന്തിനോട് അടിയറവ് പറഞ്ഞത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ശ്രീകാന്ത് അനായാസേന പോയിന്റുകള്‍ സ്വന്തമാക്കുകയായിരുന്നു.
















