പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാല്‍ പുതിയ ചരിത്രം കുറിച്ചു. എട്ടാം തവണയും റോളങ്ങ് ഗാരോസില്‍ കിരീടം ഉയര്‍ത്തിയാണ് കളിമണ്‍ കോര്‍ട്ടിന്റെ ചക്രവര്‍ത്തിയായ നദാല്‍ ചരിത്രത്താളുകളില്‍ ഇടം പിടിച്ചത്. ഇന്നലെ നടന്ന ഓള് സ്പാനിഷ് ഫൈനലില്‍ നാലാം സീഡ് ഡേവിഡ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ കളിമണ്‍ കോര്‍ട്ടിലെ ഇതിഹാസതാരമെന്ന പദവി അരക്കിട്ടുറപ്പിച്ചത്. ഇതോടെ ഒരു ഗ്രാന്റ്സ്ലാം ഏറ്റവും കൂടുതല്‍ തവണ നേടുന്ന പുരുഷ താരവുമായി നദാല്‍. 7 തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ പീറ്റ് സംപ്രാസിനെയും റോജര്‍ ഫെഡററെയും നദാല്‍ ഈ നേട്ടത്തോടെ പിന്നിലാക്കി.
രണ്ട് മണിക്കൂറും 16 മിനിറ്റും മാത്രം നീണ്ട പോരാട്ടത്തില്‍ 6-3, 6-2, 6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ കളിച്ചത്. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയാണ് 31 കാരനായ നാലാം സീഡ് ഡേവിഡ് ഫെറര്‍ ചരിത്രത്തിലാദ്യമായി ഒരു ഗ്രാന്റ് സ്ലാം ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ ഫൈനലില്‍ നദാലിന്റെ കരുത്തിന് മുന്നില്‍ ഫെറര്‍ക്ക് അടിതെറ്റി. ഒരിക്കല്‍ പോലും നദാലിന്റെ കരുത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് കഴിയാതെ വന്നതോടെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങേണ്ടിവന്നു.
ഒമ്പത് വര്‍ഷത്തിനിടെയാണ് എട്ട് തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാല്‍ ചൂടിയത്. 2005-ല്‍ തുടങ്ങിയ പടയോട്ടത്തിന് 2009ല്‍ മാത്രമാണ് വീഴ്ച പറ്റിയത്. അതിനുശേഷം തുടര്‍ച്ചയായ നാലാം തവണയാണ് നദാല്‍ റോളങ്ങ് ഗാരോസില്‍ കിരീടം ഉയര്‍ത്തുന്നത്.
ആറു തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ എക്കാലത്തെയും മികച്ച ടെന്നിസ് താരമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ബ്യോണ്‍ ബോര്‍ഗിന്റെ ആറ് ഫ്രഞ്ച് ഓപ്പണ്‍ കിരീടമെന്ന റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷംതന്നെ നദാല്‍ മറികടന്നിരുന്നു. ടെന്നീസ് ചരിത്രത്തില്‍ നദാലിന്റെ 17-ാം ഗ്രാന്റ് സ്ലാം ഫൈനലായിരുന്നു ഇത്തവണത്തേത്. ഇതോടെ 12 ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നദാലിന്റെ ശേഖരത്തിലെത്തി. രണ്ട് തവണ വിംബിള്‍ഡണും ഒരു തവണ വീതം ഓസ്ട്രേലിയന്‍, യുഎസ് ഓപ്പണും നദാല്‍ സ്വന്തമാക്കിയിട്ടുണ്ട്.
















