പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവയും ബെലാറസിന്റെ വിക്റ്റോറിയ അസരെങ്കയും ഏറ്റുമുട്ടും.
ക്വാര്‍ട്ടറില്‍ ഷറപ്പോവ സെര്‍ബിയയുടെ യെലേന ജാന്കോവിക്കിനെ അതിജീവിച്ചപ്പോള്‍ (0-6, 6-4, 6-3) അസരെങ്ക റഷ്യയുടെ മരിയ കിരിലെങ്കോയെ പരാജയപ്പെടുത്തി, സ്കോര്‍: 7-6, 6-2.
ജാന്കോവിക്കിനോടുള്ള പോരാട്ടത്തില്‍ ഷറപ്പോവ ശരിക്കു വിയര്‍ത്തു. 22 അനാവശ്യ പിഴവുകള്‍ വരുത്തിയ റഷ്യന്‍ സുന്ദരി ആദ്യ സെറ്റ് എതിരാളിക്ക് സമ്മാനിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ ജാന്കോവിക്കിന്റെ ആദ്യ ഗെയിം ഭേദിച്ച ഷറപ്പോവ 2-0ത്തിനു മുന്നില്‍ക്കയറി. പിന്നാലെതിരിച്ചടിച്ച ജാന്‍കോ ഷറപ്പോവയുടെ ഗെയിം തട്ടിയെടുത്തു. പക്ഷേ വീണ്ടുമൊരു ബ്രേക്കലൂടെ ഷറപ്പോവ 5-1ന്റെ ആധിപത്യം ഉറപ്പിച്ചു. ഒടുവില്‍ 6-4ന് സെറ്റും പിടിച്ചെടുത്തു.
നിര്‍ണായക മൂന്നാം സെറ്റിന്റ ഏഴാം ഗെയിമില്‍ ജാന്കോവിച്ചിന്റ സര്‍വ് തകര്‍ത്ത് റഷ്യന്‍ സ്റ്റാര്‍ മത്സരം പോക്കറ്റിലാക്കി. അസരെങ്കയ്ക്കെതിരെ കിരിലെങ്കൊയ്ക്ക് ആദ്യ സെറ്റില്‍ മാത്രമെ പൊരുതാനായുള്ളു.
ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസും ഇറ്റലിയുടെ സാറ എറാനിയും സെമി ഫൈനലില്‍ നേരത്തതന്നെ ഇടംനേടിയിരുന്നു. പുരുഷ വിഭാഗത്തില്‍ സമീപകാല ഗ്രാന്‍ഡ്സ്ലാം ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ സ്വിറ്റ്സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡററെ പുറത്തേക്കു നയിച്ച് (7-5, 6-3, 6-3) ആതിഥേയ താരം ജോ വില്‍ഫ്രഡ് സോംഗ കന്നി സെമി ഉറപ്പിച്ചു.
സ്വന്തം നാട്ടുകാരനായ ടോമി റോബ്രഡോയെ 6-2, 6-1, 6-1നു മറികടന്ന സ്പെയിനിന്റെ ക്ലേകോര്‍ട്ട് വിദഗ്ധന്‍ ഡേവിഡ് ഫെറര്‍ അവസാന നാലില്‍ സോങ്കയുടെ എതിരാളി.
















