റോം: 100 മീറ്ററിലെ ലോക-ഒളിമ്പിക് റെക്കോര്‍ഡുകാരനും സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ടിന് അപ്രതീക്ഷിത തിരിച്ചടി. റോം ഡയമണ്ട് ലീഗ് അത്ലറ്റിക് മീറ്റില്‍ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിനാണ് ബോള്‍ട്ടിനെ അട്ടിമറിച്ചത്.
ഗാറ്റ്ലിന്‍ 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ ബോള്‍ട്ടിന് 9.95 സെക്കന്റ് വേണ്ടി വന്നു. സീസണില്‍ ബോള്‍ട്ടിന്റെ രണ്ടാം മത്സരമായിരുന്നു ഇത്. 2012 ലണ്ടന്‍ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ജമൈക്കന്‍ ഒളിമ്പിക്സ് ട്രയല്‍സില്‍ യോഹാന്‍ ബ്ലേക്കിനോട് പരാജയപ്പെട്ടിരുന്നെങ്കിലും ഒളിമ്പിക്സില്‍ 100, 200 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
2011ല്‍ ദക്ഷിണകൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൗള്‍ സ്റ്റാര്‍ട്ടിനെത്തുടര്‍ന്ന് ബോള്‍ട്ടിനെ അയോഗ്യനാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് ബോള്‍ട്ട് മേജര്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പരാജയപ്പെടുന്നത്. 2010-ല്‍ സ്റ്റോക്ഖോം മീറ്റില്‍ ബോള്‍ട്ട് അമേരിക്കയുടെ ടൈസണ്‍ ഗേയോട് പരാജയപ്പെട്ടിരുന്നു.
നേരിയ വ്യത്യാസത്തിലാണെങ്കിലും തോല്‍വിയുടെ ഞെട്ടലിലാണ് ബോള്‍ട്ട്. എന്നാല്‍ തോല്‍വിയില്‍ നിന്നാണ് കൂടുതല്‍ പഠിക്കുകയെന്നും ശക്തമായി തിരിച്ചുവരുമെന്നും ബോള്‍ട്ട് പ്രതികരിച്ചു.
അടുത്ത വ്യാഴാഴ്ച ഒസ്ലോ ഡയമണ്ട് ലീഗില്‍ 200 മീറ്ററില്‍ ബോള്‍ട്ട് മത്സരിക്കും. ഈ വര്‍ഷം അഞ്ചാം തവണയാണ് ഗാറ്റ് ലിന്‍ 100 മീറ്ററില്‍ ഒന്നാമതെത്തുന്നത്. നന്നായി തുടങ്ങിയെങ്കിലും ആദ്യ 50 മീറ്ററില്‍ മികവ് പുലര്‍ത്താന്‍ ബോള്‍ട്ടിന് സാധിക്കാതിരുന്നതാണ് തോല്‍വിക്ക് വഴിവെച്ചത്.
















