ബെര്‍ലിന്‍: ഫോര്‍മുല വണ്‍ ഡ്രൈവറും ഓസ്ട്രേലിയക്കാരനുമായ മാര്‍ക്ക് വെബ്ബര്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചു. ഈ സീസണ് അവസാനത്തോടെ ഫോര്‍മുല വണ്‍ പോരാട്ട വേദിയില്‍ നിന്നു പിന്മാറുമെന്നറിയിച്ച വെബര്‍ മറ്റൊരു പ്രമുഖ ടീമായ പോര്‍ഷെയുമായി പുതിയ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.
ഫോര്‍മുല വണ്ണില്‍ നിന്നു പിന്മാറിയെങ്കിലും മറ്റ് കാറോട്ടമത്സരങ്ങളില്‍ പോര്‍ഷെ ടീമിനായി വെബര്‍ മത്സരിക്കും. വെബ്ബറിന്റെ പിന്മാറ്റത്തോടെ ഒഴിയുന്ന റെഡ് ബുള്‍ ടീമിലെ രണ്ടാം സ്ഥാനത്തേക്ക് കിമി റൈക്കൊണാന് എത്തുമെന്നാണ് സൂചന. സെബാസ്റ്റ്യന്‍ വെറ്റല്‍ നയിക്കുന്ന റെഡ് ബുള്‍ കാറോട്ട മത്സരങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ടീമാണ്.
2002-ല്‍ ആരംഭിച്ച എഫ് 1 കരിയറില്‍ ഇതു വരെ 36 തവണ പോഡിയം സ്ഥാനങ്ങളും, ഒമ്പത് തവണ കിരീടവും, 11 തവണ പോള്‍ പൊസിഷനും വെബര്‍ സ്വന്തമാക്കിയിട്ടുണ്ട്. പോര്‍ഷെ പോലൊരു വമ്പന്‍ ടീമിനു വേണ്ടി മത്സരത്തിനിറങ്ങുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്ന് വെബര്‍ പറഞ്ഞു.
















