പൂനെ: ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് പൂനെയിലെ ബാലവാഡി ശിവ് ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലാണ് അരങ്ങേറുന്നത്.
43 രാജ്യങ്ങളില്‍നിന്നുള്ള 580 അത്ലറ്റുകളാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഇതില്‍ 360 പുരുഷന്മാരും 220 വനിതകളുമാണുള്ളത്. ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ വേദിയാകുന്നത്.
ചെന്നൈയിലായിരുന്നു ആദ്യം ചാമ്പ്യന്‍ഷിപ്പിന്റെ വേദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ നിന്നുള്ള അത്ലറ്റുകളെ തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചതോടെയാണ് മീറ്റ് പൂനെയിലേക്ക് മാറ്റിയത്. ജൂണ്‍ 12നാണ് ബാലെവാഡി കായിക ഗ്രാമത്തില്‍ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടത്താമെന്ന് ധാരണയായത്. പിന്നീട് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അതേസമയം നഗരത്തില്‍ പെയ്യുന്ന മഴയാണ് സംഘാടകരെ കുഴക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള താരങ്ങളും ഒഫീഷ്യലുകളും ഏറെക്കുറെ എത്തിക്കഴിഞ്ഞു. ഇന്ത്യയും മികച്ച പ്രകടനം ലക്ഷ്യമിട്ട് വന്‍ സംഘത്തെയാണ് മീറ്റിനിറക്കുന്നത്. 26 മലയാളികളുള്‍പ്പെടെ 150 പേരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പിന് അര്‍ഹത നേടിയ സ്റ്റീപ്പിള്‍ചേസിലെ ദേശീയ റെക്കോഡുകാരി സുധാ സിങ്ങും ട്രിപ്പിള്‍ ജമ്പ് താരം രഞ്ജിത്ത് മഹേശ്വരിയുമാണ് ഇന്ത്യ ടീമിലെ ശ്രദ്ധാകേന്ദ്രം. കൂടാതെ ടിന്റു ലൂക്ക, മയൂഖ ജോണി, പ്രീജ ശ്രീധരന്, ഒ.പി. ജയ്ഷ, സിനിമോള്‍ പൗലോസ്, കുഞ്ഞുമുഹമ്മദ്, കൃഷ്ണപൂനിയ, വികാസ് ഗൗഡ, കവിത റാവത്ത് തുടങ്ങിയവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
കഴിഞ്ഞ തവണ കോബെയില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും എട്ട് വെങ്കലവുമായി ഇന്ത്യ ഏഴാം സ്ഥാനത്തായിരുന്നു. ലോങ്ങ്ജമ്പില്‍ മയൂഖ ജോണിയാണ് കഴിഞ്ഞ തവണ ഇന്ത്യയുടെ ഏക സ്വര്‍ണ്ണമെഡല്‍ നേടിയത്. 1989-ല്‍ ദല്ഷി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് എട്ട് സ്വര്‍ണ്ണം നേടി ചൈനക്ക് പിന്നില്‍ രണ്ടാമതെത്താനും ഇന്ത്യക്ക് കഴിഞ്ഞിരുന്നു. സ്പ്രിന്റ് റാണി പി.ടി. ഉഷയുടെ ചിറകിലേറിയാണ് ഇന്ത്യ ഈ മേളയില്‍ വന്‍ കുതിപ്പ് നടത്തിയത്.
















