പൂനെ: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കന്നി കനകക്കൊയ്ത്ത്.
പുരുഷ വിഭാഗം ഡിസ്കസ് ത്രോയില്‍ വികാസ് ഗൗഡ സ്വര്‍ണം എറിഞ്ഞെടുത്തു. 64.90 മീറ്റര്‍ ദൂരത്തേക്ക് ഡിസ്കസ് പായിച്ചാണ് വികാസ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഇറാഖിന്റെ മുഹമ്മത് സിമ്മിയും (61.93 മീറ്റര്‍) ഖത്തറിന്റെ അഹമ്മദ് ഹീബ് (60.82) യഥാക്രമം വെള്ളിയും വെങ്കലും ഉറപ്പിച്ചു.
വനിതകളുടെ 400 മീറ്ററില്‍ എം.ആര്.പൂവമ്മ വെള്ളിനേടിയതും ഇന്ത്യന്‍ ക്യാമ്പിലെ സന്തോഷം ഇരട്ടിപ്പിച്ചു, 53. 37 സെക്കന്റില്‍ പൂവമ്മയുടെ ഫിനിഷ്. ചൈനയുടെ ഹോ യാന്മിന് (52.49) ഈ ഇനത്തില്‍ ഒന്നാമതെത്തി. അനു മരിയം ജോസ് (53.49) നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
പുരുഷന്മാരുടെ 10000 മീറ്ററില്‍ സൈനി (29:35.42 സെക്കന്റ്) വെങ്കല മെഡലിന് അര്‍ഹനായി. വനിതകളുടെ ഹൈജംപില്‍ സഹനകുമാരി പ്രതീക്ഷ കാത്തില്ല. 1.86 മീറ്റര്‍ ചാടിയ സഹന നാലാം സ്ഥാനവുമയി കരകയറി. ചൈനീസ് താരങ്ങള്‍ മീറ്റിലെ വേഗതയുടെ അധികാരികളാകുന്നതിനു ഇന്നലെ ട്രാക്ക് സാക്ഷിയായി.
പുരുഷന്മാരില് സു ബിങ്ങ്ടിയാനും (10.17 സെക്കന്റ്) വനിതകളില്‍ വെയ് യോങ്ങ്ലിയും (11. 29) സ്വര്‍ണമണിഞ്ഞു. രണ്ടാം മത്സര ദിനത്തിലും ചൈന മുന്നേറ്റം തുടര്‍ന്നു. ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്നു വെങ്കലവും ഇന്ത്യയുടെ സമ്പാദ്യം.
















