ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി കോച്ചെന്ന നിലയില്‍ മികവുകാട്ടിയില്ലെങ്കില്‍ മൈക്കല്‍ നോബ്സിനെ പറഞ്ഞുവിടണമെന്ന് മുന്‍ ക്യാപ്റ്റന്‍ പര്‍ഗത് സിങ്. നോബ്സിനെ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് പര്‍ഗത്.
നോബ്സ് തന്റെ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നെങ്കില്‍ അദ്ദേഹത്തെ നിലനിര്‍ത്തുക. അല്ലാതെ പരാജയമെങ്കില്‍ പറഞ്ഞുവിടാന്‍ യാതൊരു മടിയും കാട്ടരുത്, പര്‍ഗത് പറഞ്ഞു.
അഞ്ചു വര്‍ഷത്തേക്കാണ് നോബ്സിന്റെ കരാര്‍. അതില്‍ രണ്ടുവര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഹോക്കി ഇന്ത്യ ഇന്നേവരെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തിയിട്ടുണ്ടോ. നോബ്സിന്റെ ശൈലി കളിക്കാര്‍ക്കോ സഹ പരിശീലകര്‍ക്കോ എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ, പര്‍ഗത് ചോദിച്ചു.
കോച്ചിന്റെ പ്രകടനം വര്‍ഷംതോറും ഹോക്കി ഇന്ത്യ വിലയിരുത്തണം. ഒരു ദൗത്യം പൂര്‍ത്തിയാക്കാന്‍ നിശ്ചിത കാലയളവിലേക്ക് ഒരാളെ നിയോഗിച്ചാല്‍ അതിനര്‍ഥം ഫലമൊന്നും നല്‍കാതെ അയാള്‍ക്ക് മടങ്ങാമെന്നല്ല. നോബ്സ് ഓസ്ട്രേലിയക്കാരനും നമ്മുടെ ഹായ് പെര്‍ഫോമന്‍സ് മാനേജര്‍ റൊളാന്റ് ഒള്‍ട്ട്മാന്‍സ് ഹോളണ്ടുകാരനുമാണ് അതിനാല്‍ ഏതു ശൈലി സ്വീകരിക്കണമെന്നതില്‍ കളിക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ട്.
ഏഷ്യാ കപ്പ് നേടുകയെന്നത് ഇന്ത്യയെ സംബന്ധിച്ചടത്തോളം ഏറെക്കുറ അസാധ്യമായ കാര്യമാവും. ചില കളിക്കാരെ ടീമിലെടുത്തത് എന്തിനെന്നു പോലും മനസിലാവുന്നില്ല. സന്ദീപ് സിങ്ങിനെ എന്തിനുള്‍പ്പെടുത്തി.
ഹോളണ്ടില്‍ സന്ദീപ് നിരാശപ്പെടുത്തി. ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ താരത്തിന് ടീമില്‍ ഇടംനേടാനുള്ള അര്‍ഹതയില്ലെന്നും പര്‍ഗത് കൂട്ടിച്ചേര്‍ത്തു.
















