പൂനെ: ഇരുപതാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിവസം ഇന്ത്യക്ക് തിരിച്ചടി. അഞ്ച് ഫൈനലുകള്‍ നടന്നതില്‍ രണ്ട് വെങ്കലം മാത്രമാണ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഓംപ്രകാശും വനിതകളുടെ ലോംഗ്ജമ്പില്‍ കഴിഞ്ഞ തവണത്തെ സ്വര്‍ണ്ണമെഡല്‍ ജേത്രി മയൂഖ ജോണിയുമാണ് ഇന്ത്യയുടെ വെങ്കലമെഡലുകള്‍ കരസ്ഥമാക്കിയത്.
പുരുഷന്മാരുടെ 400 മീറ്ററില്‍ ഇന്ത്യയുടെ ആരോക്യരാജും മലയാളി താരം പി. കുഞ്ഞിമുഹമ്മദും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 100 മീറ്ററില്‍ അനിരുദ്ധ് കാളിദാസ് സെമിയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വനിതകളുടെ 400 മീറ്ററില്‍ അനു മറിയം ജോസും നിര്‍മ്മലയും എം.ആര്. പൂവമ്മയും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. അതേസമയം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പ്രീജ ശ്രീധരന് 10,000 മീറ്ററിലും കൃഷ്ണ പൂനിയ ഡിസ്ക്കസ് ത്രോയിലും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുരുഷന്മാരുടെ 400 മീറ്റര്‍ സെമിഫൈനല്‍ ഹീറ്റ്സ് രണ്ടില്‍ മൂന്നും നാലും സ്ഥാനക്കാരയാണ് ആരോക്യരാജീവും കുഞ്ഞുമുഹമ്മദും ഫൈനലിലേക്ക് യോഗ്യത നേടിയത്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ 19.45 മീറ്റര്‍ എറിഞ്ഞാണ് ഓം പ്രകാശ് വെങ്കലം കരസ്ഥമാക്കിയത്. 19.68 മീറ്റര്‍ എറിഞ്ഞ സൗദി അറേബ്യയുടെ സുല്‍ത്താന്‍ അബ്ദുള്‍ മജീദ് അല്ഹെബ് സ്വര്‍ണ്ണം നേടിയപ്പോള്‍ തായ്പേയിയുടെ ചാങ്ങ് മിങ് ഹുവാങ്ങ് 19.61 മീറ്റര്‍ എറിഞ്ഞ് വെള്ളി കരസ്ഥമാക്കി. ഇന്ത്യയുടെ തന്നെ ഇന്ദര്‍ജീത് സിംഗ് നാലാം സ്ഥാനവും സത്യന്ദ്രേ സിംഗ് എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.
വനിതകളുടെ ഡിസ്കസ് ത്രോയില്‍ കൃഷ്ണ പൂനിയ 55.01 മീറ്റര്‍ എറിഞ്ഞ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ചൈനയുടെ സു ഹിന്യു 55.58 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും അവരുടെ തന്നെ ജിയാങ്ങ് ഫെന്ജിങ് 55.70 മീറ്റര്‍ എറിഞ്ഞ് വെള്ളിയും കരസ്ഥമാക്കി.
വനിതകളുടെ ലോംഗ്ജമ്പില്‍ 6.30 മൂന്ന് മീറ്റര്‍ ചാടിയാണ് നിലവിലെ സ്വര്‍ണ്ണമെഡല്‍ ജേതാവും മലയാളിയുമായ മയൂഖ ജോണി വെങ്കലം കരസ്ഥമാക്കിയത്. ജപ്പാന്റെ സാചികോ മാസുമി 6.55 മീറ്റര്‍ ചാടി സ്വര്‍ണ്ണവും ഉസ്ബക്കിസ്ഥാന്റെ അനസ്താസിയ ജുരലേവ 6.36 മീറ്റര്‍ ചാടി വെള്ളിയും കരസ്ഥമാക്കി. മറ്റൊരു മലയാളി താരം എം.എ. പ്രജുഷ 6.12 മീറ്റര്‍ ചാടി ആറാം സ്ഥാനത്തും 5.75 മീറ്റര്‍ ചാടിയ വി. നീന 10-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
















