ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ എട്ടാം സീഡ് അര്‍ജന്റീനയുടെ ജുവാന്‍ ഡെല്‍ പോട്രോയെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് നൊവാക് ഡോകോവിച്ച് ഫൈനലിലേക്ക് കുതിച്ചത്. ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഡോകോവിച്ച് ഫൈനലില്‍ പ്രവേശിക്കുന്നത്.
2011ലെ ചാമ്പ്യനായ ഡോകോവിച്ച് കഴിഞ്ഞവര്‍ഷം ഇവിടെ സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. സ്കോര്‍: 7-5, 4-6, 7-6 (7-2), 6-7 (6-8), 6-3. അത്യന്തം വാശിയേറിയ പോരാട്ടം 4 മണിക്കൂറും 42 മിനിറ്റുമാണ് നീണ്ടുനിന്നത്. ആദ്യ സെറ്റ് 7-5ന് ഡോകോവിച്ച് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഡെല്‍ പോട്രോ ലോക ഒന്നാം നമ്പര്‍ താരത്തെ മുട്ടുകുത്തിച്ചു. വെറും നാല് ഗെയഗിം മാത്രമാണ് ഡെല്‍ പോട്രോ വിട്ടുകൊടുത്തത്. ടൈബ്രേക്കറിലേക്ക് നീണ്ട മൂന്നാം സെറ്റില്‍ ഡോകോവിച്ച് ജയം സ്വന്തമാക്കിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ച ഡെല്‍ പോട്രോ നാലാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന ഡോകോവിച്ച് ഡെല്‍ പോട്രോയെ നിഷ്പ്രഭനാക്കി മത്സരം സ്വന്തമാക്കുകയായിരുന്നു. രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ 24-ാം സീഡ് പോളണ്ടിന്റെ ജെര്‍സി ജാനോവിച്ച് മത്സര വിജയികളെയാണ് ഡോകോവിച്ച് ഫൈനലില്‍ നേരിടുക.
















