ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് വനിതാ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളി ഫൈനലില്‍. പതിനഞ്ചാം സീഡായ ബര്‍ത്തോളി സെമിയില്‍ ബല്‍ജിയത്തിന്റെ കിര്‍സ്റ്റന്‍ ഫ്ലിപ്കെന്‍സിനെ 6-1, 6-2നു കെട്ടുകെട്ടിച്ചു. കലാശപ്പോരാട്ടത്തില്‍ ബര്‍ത്തോളി ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ നേരിടും. പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്‍സ്കയെ കീഴടക്കി താരത്തിന്റെ വരവ് (6-4, 2-6, 9-7). ഇതു രണ്ടാം തവണയാണ് ബര്‍ത്തോളി ഫൈനലില്‍ എത്തുന്നത്. 2007ല്‍ അമേരിക്കയുടെ വീനസ് വില്യംസിനോട് തോറ്റ ഫ്രഞ്ച് താരം റണ്ണറപ്പ് ട്രോഫി കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.
ഫ്ലിപ്കെന്‍സിനെതിരായ അങ്കം ബര്‍ത്തോളിക്ക് അനായാസമായിരുന്നു. സര്‍വിലും റിട്ടേണിലും ബര്‍ത്തോളി അപാര ഫോമിലേക്കുയര്‍ന്നപ്പോള്‍ കളി 62 മിനിറ്റില്‍ അവസാനിച്ചു. 23 വിന്നറുകള്‍ ബര്‍ത്തോളിയുടെ റാക്കറ്റില്‍ നിന്നു പറന്നു. മറുവശത്ത് ഫ്ലിപ്കെന്‍സിന് വെറും 10 വിന്നറുകള്‍ മാത്രമേ തൊടുക്കാനായുള്ളു.
ഇന്നു നടക്കുന്ന പുരുഷ വിഭാഗം സെമിയില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ദെല്‍പോട്രോയും ഏറ്റുമുട്ടും. ബ്രിട്ടീഷ് പ്രതീക്ഷ ആന്‍ഡി മുറെയും പോളണ്ടിന്റെ ജെര്‍സി ജാന്‍കോവിച്ചും തമ്മില്‍ മറ്റൊരു സെമി. അഞ്ച് സെറ്റു നീണ്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മുറെ സ്പെയിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയെ അതിജീവിച്ചു, സ്കോര്‍: 4-6, 3-6, 6-1, 6-4, 7-5. ജാന്‍കോവിച്ച് സ്വന്തം നാട്ടുകാരനായ ലൂക്കാസ് കുബറ്റിനെ 7-5, 6-4, 6-4നു മറികടന്നു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ- ഫ്രാന്‍സിന്റെ എഡ്വേര്‍ഡ് വാസ്ലിന്‍ സഖ്യം അവസാന നാലില്‍ പുറത്തായി. അമേരിക്കയുടെ മൈക്ക്- ബോബ് ബ്രയാന്‍സ് കൂട്ടുകെട്ടാണ് ഇന്തോ- ഫ്രഞ്ച് ജോടിയുടെ വഴിമുടക്കിയത് (6-7, 6-4, 6-3, 5-7, 6-3).
















