ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ വിഭാഗം കിരീടം ആതിഥേയരുടെ ആന്‍ഡി മുറെക്ക്. 77 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ബ്രിട്ടീഷ് താരം സെന്റര്‍ കോര്‍ട്ടിലെ കലാശപ്പോരാട്ടത്തില്‍ കിരീടം സ്വന്തമാക്കുന്നത്. ഇന്നലെ നടന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ഡോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് മുറെ വിംബിള്‍ഡണില്‍ പുതിയ ചരിത്രം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയെങ്കിലും റോജര്‍ ഫെഡററോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഫൈനലിനെത്തിയ മുറെ ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ മൂന്ന് മണിക്കൂറും ഒമ്പത് മിനിറ്റും കൊണ്ടാണ് 6-4, 7-5, 6-4 എന്ന സ്കോറിന് ഡോകോവിച്ചിനെ പരാജയപ്പെടുത്തിയത്. 1936-ല്‍ ഫ്രെഡ് പെറിയാണ് അവസാനമായി വിംബിള്‍ഡണ്‍ കിരീടം നേടിയ ഇംഗ്ലണ്ടുകാരന്. പിന്നീട് ഒരു കിരീടത്തിനായി ബ്രിട്ടണ് കാത്തിരിക്കുകയായിരുന്നു. ഈ കാത്തിരിപ്പാണ് ഇപ്പോള്‍ മുറെയിലൂടെ സഫലമായത്.
















