കൊച്ചി: ഇന്ത്യയിലെ പ്രൊഫഷണല്‍ സൈക്ലിങ്ങ് മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫയര്‍ ഫോക്സ് ബൈക്ക്സ്, ടീം ട്രെക് ഫയര്‍ഫോക്സ് റോഡ് സൈക്ലിങ്ങ് ടീമിന് രൂപം നല്കി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എട്ട് സൈക്ലിങ്ങ് പ്രതിഭകളാണ് ടീമിലുള്ളത്. 200 അപേക്ഷകരില്‍ നിന്ന് തീവ്രസെലക്ഷന് പ്രക്രിയയിലൂടെയാണ് എട്ടുപേരെ തെരഞ്ഞെടുത്തത്. ലെവല്‍ 3 എബിസിസി (അസോസിയേഷന് ഓഫ് ബ്രിട്ടീഷ് സൈക്ലിങ്ങ് കോച്ചസ്) ശ്രീനാഥ് രാജം ആണ് ടീം ഡയറക്ടറും കോച്ചും. ലോകോത്തര കോച്ചിംഗ് ക്ലബ്ബായ പീക്സ് കോച്ചിംഗ് ഗ്രൂപ്പ്, ടീം ട്രെക്ഫയര് ഫോക്സിന് പരിശീലനം നല്‍കും. ഒരു ഇന്ത്യന്‍ കമ്പനി രൂപീകരിക്കുന്ന ഇത്തരത്തിലുള്ള പ്രഥമ ടീം ആണിത്.
ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സൈക്ലിസ്റ്റുകളാണ് ടീമിലുള്ളതെന്ന് ഫയര്‍ഫോക്സ് ബൈക്ക്സ് മാനേജിംഗ് ഡയറക്ടര്‍ ശിവ് ഇന്ദര്‍ സിങ് ചൂണ്ടിക്കാട്ടി. 17-21 വയസാണ് ടീം അംഗങ്ങളുടെ പ്രായം. ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് ഇവരുടെ പ്രകടനം നിരീക്ഷിക്കാനും പോരായ്മകള്‍ പരിഹരിച്ച് പ്രകടനം മെച്ചപ്പെടുത്തുവാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
സൈക്ലിങ്ങ് കായിക രംഗത്തെ വികസനമാണ് ടീം ട്രെക് ഫയര്‍ഫോക്സ് ലക്ഷ്യമിടുന്നത്. രാജ്യത്തെ സൈക്ലിങ്ങ് പ്രതിഭകള്‍ക്ക് ലോകത്തെ മികച്ച കോച്ചുകളുടെ പരിശീലനം ലഭ്യമാക്കുമെന്ന് ശിവ് ഇന്ദര്‍ സിങ് പറഞ്ഞു.
സൈക്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യ ന്യൂഡല്‍ഹിയില്‍ ട്രെയിനിങ്ങ് ക്ലബ്ബ് ആരംഭിക്കുമെന്ന് സൈക്ലിങ്ങ് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ഓങ്കാര്‍ സിങ് അറിയിച്ചു.
















