ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നീസിലെ എക്കാലത്തെയും മഹാനായ താരങ്ങളുടെ കൂട്ടത്തിലാണ് ലിയാന്‍ഡര്‍ പെയ്സിനിടം. കളിക്കളത്തില്‍ ഏതു വമ്പന്‍ എതിരാളിയും പെയ്സിനു മുന്നില്‍ വെള്ളംകുടിക്കും. പ്രത്യേകിച്ച് രാജ്യത്തിന്റെ കുപ്പായത്തിലാണെങ്കില്‍. പക്ഷേ ജീവിതത്തില്‍ ആദ്യമായി എയ്സുകള്‍ക്കു മുന്നില്‍ പെയ്സ് പകച്ചുനിന്നു. വാക്കുകളാലുള്ള ആ എയ്സുകള്‍ തൊടുത്തത് മറ്റാരുമല്ല അമേരിക്കന്‍ പ്രസിഡന്റ് സാക്ഷാല്‍ ബരാക് ഒബാമ.
എട്ടു ടീമുകള്‍ മാറ്റുരയ്‌ക്കുന്ന വേള്‍ഡ് ടെന്നീസ് ലീഗില്‍ വാഷിങ്ങ്ടണ്‍ കാസ്റ്റില്‍സിന്റെ നായകനാണ് പെയ്സ്. കഴിഞ്ഞ രണ്ടുതവണ ജേതാക്കളായ ടീമിലെ അംഗങ്ങളെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഒബാമ വൈറ്റ് ഹൗസിലെ സ്വന്തം ഓഫീസിലേക്ക് ക്ഷണിച്ചു.
അങ്ങനെ പെയ്സിന് ഒബാമയുമായുള്ള അപൂര്‍വ കൂടിക്കാഴ്‌ച്ചയ്‌ക്ക് അവസരം ഒരുങ്ങുകയായിരുന്നു. ടീമിന്റെ നായകന്‍ എന്ന നിലയില്‍ വൈറ്റ് ഹൗസിലേക്ക് ആദ്യം കയറേണ്ടത് പെയ്സായിരുന്നു. എന്നാല്‍ കോച്ചിനെയും ടീം ഉടമയെയും സഹതാരങ്ങളെയും മുന്നില്‍വിട്ട് പെയ്സ് പിന്നാലെ നടന്നു. ഓവല്‍ ഓഫീസിലേക്ക് കാലെടുത്തുവച്ച സംഘത്തെ സ്വീകരിക്കാന്‍ ഒബാമയെത്തി . ബോബി റെയ്നോള്‍ഡ്സാണ് ക്യാപ്റ്റനെന്നു തെറ്റിദ്ധരിച്ച യുഎസ് പ്രഥമപുരുഷന്‍ താരത്തെ അഭിനന്ദിച്ചു. എന്നാല്‍ പിന്നാലെ സഹകളിക്കാര്‍ ആ തെറ്റുതിരുത്തി.
പെയ്സിനെ ചൂണ്ടിക്കാട്ടി നായകനെന്നു പരിചയപ്പെടുത്തി. ‘ പെയ്സ് നിങ്ങള്‍ തീര്‍ച്ചയായും ഒരു ഹൃദയാലുവായ ഒരു ക്യാപ്റ്റന്‍ തന്നെ’ ഒബാമയുടെ പ്രതികരണമിതായിരുന്നു. തുടര്‍ന്ന് രണ്ടു മണിക്കൂറോളം ടീമംഗങ്ങള്‍ക്കൊപ്പം ഒബാമ സമയം ചെലവിട്ടു.
ഓവല്‍ ഓഫീസില്‍ ഞങ്ങള്‍ ചെന്നയുടന്‍ അദ്ദേഹം കാര്യങ്ങളെല്ലാം ഏറ്റെടുത്തു. ഏറെ നേരം സംസാരിച്ചു. എല്ലാപേരും അതുകേട്ടുനിന്നു. അദ്ദേഹത്തിന്റെ വാക്കുകളോരോന്നും ചിന്തോദ്ദീപകവും ഊഷ്മളവുമായിരുന്നു, ഒബാമയുമായുള്ള കൂടിക്കാഴ്‌ച്ചയെക്കുറിച്ച് പെയ്സ് വിവരിച്ചു.
















